മാരുതി സുസുക്കി വാടകയ്ക്ക്, പദ്ധതി 4 നഗരങ്ങളിൽ കൂടി

Mail This Article
മാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന ‘മാരുതി സുസുക്കി സബ്സ്ക്രൈബ്’ പദ്ധതി ഇനി ജയ്പൂർ, ഇൻഡോർ, മംഗളൂരു, മൈസൂരു നഗരങ്ങളിലും. ഇതോടെ മാരുതി സുസുക്കിയുടെ പുതിയ കാറുകൾ പാട്ടത്തിനെടുക്കാൻ അവസരമൊരുക്കുന്ന ‘സബ്സ്ക്രൈബ്’ പദ്ധതി ചെന്നൈയും ബെംഗളൂരുവുമക്കം രാജ്യത്തെ 19 നഗരങ്ങളിൽലഭ്യമാണ്.
വാഹനം വാങ്ങാതെ തന്നെ ഉടമസ്ഥാവകാശം ആസ്വദിക്കാമെന്നതാണു ‘സബ്സ്ക്രൈബ്’ പദ്ധതിയിൽ മാരുതി സുസുക്കിയുടെ വാഗ്ദാനം. പ്രതിമാസത്തവണകളായാണു കാറിന്റെ വാടക ഈടാക്കുന്നത് എന്നതിനാൽ വാഹനം വാങ്ങാനുള്ള മുടക്കുമുതലിൽ ഗണ്യമായ കുറവുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. വാഹന ഉപയോഗത്തിനുള്ള വാടകയ്ക്കൊപ്പം റജിസ്ട്രേഷൻ, പരിപാലന, ഇൻഷുറൻസ് ചെലവുകളും കൂടി ഉൾപ്പെടുന്ന തുകയാണു കമ്പനി പ്രതിമാസത്തവണയായി ഈടാക്കുന്നത്.
ആശയം പുതിയയാണെങ്കിലും വില കൊടുത്തു പുതിയ വാഹനം വാങ്ങുന്നതിനു പകരം കാറുകൾ വാടകയ്ക്കെടുക്കുന്നവരുടെ എണ്ണം ഉയരുകയാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണു മാരുതി സുസുക്കി ‘സബ്സ്ക്രൈബ്’ പദ്ധതി അവതരിപ്പിച്ചത്. പിന്നാലെ മറ്റു ചില കാർ നിർമാതാക്കളും സമാന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു. മാരുതി സുസുക്കിയുടെ അരീന ഷോറൂമുകൾ വഴി വിൽപ്പനയ്ക്കെത്തുന്ന ‘വാഗൻ ആർ’, ‘സ്വിഫ്റ്റ്’, ‘ഡിയസർ’, ‘വിറ്റാര’ ബ്രേസ’, ‘എർട്ടിഗ’ എന്നീ മോഡലുകളും നെക്സ ഷോറൂം വഴി വിൽക്കപ്പെടുന്ന പ്രീമിയം വിഭാഗത്തിൽപെടുന്ന ‘ഇഗ്നിസ്’, ‘ബലേനൊ’, ‘സിയാസ്’, ‘എസ് ക്രോസ്’, ‘എക്സ് എൽ സിക്സ്’ എന്നീ കാറുകളും ‘സബ്സ്ക്രൈബ്’ പദ്ധതിയിൽ ലഭ്യമാണ്. ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡ്(ഒറിക്സ്), എ എൽ ഡി ഓട്ടമോട്ടീവ് ഇന്ത്യ(എ എൽ ഡി), മൈൽസ് ഓട്ടമോട്ടീവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്(മൈൽസ്) എന്നീ പങ്കാളികളിലൂടെയാണു മാരുതി സുസുക്കി ‘സബ്സ്ക്രൈബ്’ പദ്ധതി നടപ്പാക്കുന്നത്; മംഗളൂരു, മൈസൂര നഗരങ്ങളിൽ മൈൽസ് മുഖേനയും ഇൻഡോറിലും ജയ്പൂരിലും ഒറിക്സ് വഴിയുമാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
ഉപയോക്താക്കളുടെ ഇഷ്ടാനുസരണം വെള്ളയോ കറുപ്പോ നമ്പർ പ്ലേറ്റുള്ള കാർ തിരഞ്ഞെടുക്കാൻ മാരുതി സുസുക്കി ‘സബ്സ്ക്രൈബി’ൽ അവസരമുണ്ട്. വെള്ള നമ്പർ പ്ലേറ്റുള്ള കാർ ഉപയോക്താവിന്റെ പേരിലാണു റജിസ്റ്റർ ചെയ്യുക; പണം മുടക്കുന്നതു പങ്കാളിയായ കമ്പനിയായതിനാൽ വാഹനം അവർക്കു പണയപ്പെടുത്തിയതായി രേഖപ്പെടുത്തും. പ്രതിവർഷം 10,000 മുതൽ 25,000 വരെ കിലോമീറ്റർ വരെ ഓടുന്നെന്ന വ്യവസ്ഥയിൽ 12, 24, 36 അഥവാ 48 മാസക്കാലത്തേക്ക് വാഹനം വാടകയ്ക്കെടുക്കുമ്പോഴാണ് വെള്ള നമ്പർ പ്ലേറ്റ് തിരഞ്ഞെടുക്കാൻ അവസരം.
‘റെന്റ് എ കാർ’ പോലെ കറുപ്പ് നമ്പർ പ്ലേറ്റുള്ള വാഹനത്തിന്റെ റജിസ്ട്രേഷനും ‘സബസ്ക്രൈബ്’ പദ്ധതിയുടെ പങ്കാളിയായ കമ്പനിയുടെ പേരിലാവും. പ്രതിവർഷം 10,000 മുതൽ 25,000 വരെ കിലോമീറ്റർ വരെ ഓടുന്നെന്ന വ്യവസ്ഥയിൽ 12, 18, 24, 30, 36, 42, 48 മാസക്കാലത്തേക്ക് ഇത്തരം നമ്പർ പ്ലേറ്റുള്ള വാഹനം വാടകയ്ക്കെടുക്കാം. അന്തർ സംസ്ഥാന യാത്രകളിലും മറ്റും ഇത്തരം വാഹനങ്ങൾക്ക് അധിക പ്രവേശന നികുതി ബാധകമാവും. ‘സബ്സ്ക്രൈബ്’ പദ്ധതിയിലെ കാറുകളുടെ പരിപാലനവും ഇൻഷുറൻസ് പുതുക്കലും അപകടത്തിൽപെട്ടാലുള്ള അറ്റകുറ്റപ്പണിയും റോഡ് സൈഡ് അസിസ്റ്റൻസും പിക് അപ് — ഡ്രോപ് സെവനവുമൊക്കെ മാരുതി സുസുക്കി അംഗീകൃത ഡീലർമാർ മുഖേനയാണു നടപ്പാക്കുന്നത്.
‘സബ്സ്ക്രൈബ്’ പദ്ധതി ലഭ്യമാവുന്ന നഗരങ്ങൾ ഇവയാണ്(പങ്കാളിയാകുന്ന കമ്പനി, നമ്പർ പ്ലേറ്റ്, നഗരം എന്ന ക്രമത്തിൽ):
എ എൽ ഡി (വെള്ള): ബെംഗളൂരു, ഡൽഹി, ഗുരുഗ്രാം, ഫരീദബാദ്, നോയ്ഡ, ഗാസിയബാദ്, അഹമ്മദബാദ്/ഗാന്ധിനഗർ, മുംബൈ, നവി മുംബൈ, താനെ, പുണെ, ഹൈദരബാദ്, ചെന്നൈ.
മൈൽസ്(കറുപ്പ്): ബെംഗളൂരു, മുംബൈ, നവി മുംബൈ, താനെ, പുണെ, ഹൈദരബാദ്, മംഗളൂരു, മൈസൂരു.
ഒറിക്സ്(വെള്ള): ബെംഗളൂരു, ഡൽഹി, ഗുരുഗ്രാം, ഫരിദബാദ്, നോയ്ഡ, ഗാസിയബാദ്, അഹമ്മദബാദ്/ഗാന്ധിനഗർ, മുംബൈ, നവി മുംബൈ, താനെ, പുണെ, ഹൈദരബാദ്, ചെന്നൈ, ജയ്പൂർ, ഇൻഡോർ.
ഒറിക്സ് (കറുപ്പ്): ബെംഗളൂരു, ഡൽഹി, ഗുരുഗ്രാം, ഫരീദബാദ്, നോയ്ഡ, ഗാസിയബാദ്, മുംബൈ, നവി മുംബൈ, താനെ, പുണെ, ഹൈദരബാദ്, ജയ്പൂർ.
(അവലംബം: ഇക്കണോമിക് ടൈംസ്)
English Summary: Maruti Suzuki expands ‘Subscription’ services to Jaipur, Indore, Mangalore and Mysore