ആഡംബരത്തിന്റെ അവസാന വാക്കായി വാഴ്ത്തപ്പെട്ട അപൂർവ ബെൻസ് വിൽപനയ്ക്ക്: വില 20 കോടി

mercedes-benz-600-pullman
SHARE

അറുപതുകളിലും എഴുപതുകളിലുമൊക്കെ ആഡംബര യാത്രയുടെ അവസാന വാക്കായി വാഴ്ത്തപ്പെട്ട ബെൻസ് കാർ യൂറോപ്പിൽ വിൽപനയ്ക്ക്. 1964ൽ ഫ്രാങ്ക്ഫുർട്ട് മോട്ടോർ ഷോയിൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഔദ്യോഗികമായി അനാവരണം ചെയ്ത വാഹന പരമ്പരയിൽപെട്ട ഡബ്ല്യു 100 പുൾമാൻ 600 ലിമൊസിനാണ് പഴമയുടെ പ്രൗഢിയോടെ വിൽപനയ്ക്കെത്തുന്നത്.  ലബനനിൽ നിന്നുള്ള ഉടമയ്ക്കായി 1975ലാണ് മെഴ്സീഡിസ് ബെൻസ് ഈ ലിമൊസിൻ നിർമിച്ചു നൽകിയത്. മെറ്റാലിക് ആന്ത്രസൈറ്റ് ഗ്രേ നിറമുള്ള കാറിന്റെ അകത്തളം സജ്ജീകരിക്കാൻ ലതറാണു കമ്പനി ഉപയോഗിച്ചിരിക്കുന്നത്.  കാറിന്റെ അപൂർവത പരിഗണിച്ച്,  വിൽപനക്കാരായ ജർമനിയിലെ മെക്കാട്രോണിക് ഈ ലിമൊസിനു പ്രതീക്ഷിക്കുന്ന വില 23 ലക്ഷം യൂറോ(ഏകദേശം  20.26 കോടി രൂപ) ആണ്.

മെഴ്സീഡിസ് ബെൻസ് ക്ലാസിക് 2007ലാണു മലാഗയിൽ നിന്ന് ഈ ലിമൊസിൻ ഏറ്റെടുത്തത്. തുടർന്ന് നാലര പതിറ്റാണ്ടിന്റെ പഴമ പേറുന്ന കാറിനെ മെഴ്സീഡിസ് ബെൻസ് തന്നെ വിപുലവും വിശദവുമായ പുനഃർനിർമാണ പ്രവർത്തനത്തിലൂടെ ഫാക്ടറി നിലവാരത്തിലേക്കു തിരിച്ചെത്തിച്ചു. സ്റ്റുർട്ഗർട്ടിൽ കൊണ്ടുവന്ന കാർ പൂർണമായും അഴിച്ച ശേഷമായിരുന്നു ബോഡി മുതലുള്ള അറ്റകുറ്റപ്പണികൾ കമ്പനി ആരംഭിച്ചത്. ഷാസിക്കു പുറമെ എൻജിനും ഗീയർബോക്സുമൊക്കെ നവീകരിച്ചു; പുനഃർനിർമാണത്തിനൊടുവിൽ ലിമൊസിനെ പുതുതായി പെയിന്റും ചെയ്തിട്ടുണ്ട്. 

ഇന്നത്തെ മേ ബാ ശ്രേണിയുടെ അകത്തളത്തോടു സാദൃശ്യം തോന്നുംവിധമായിരുന്നു ദശാബ്ദങ്ങൾക്കു മുമ്പിറങ്ങിയ ഡബ്ല്യു 100 പുൾമാൻ 600 ലിമൊസിന്റെ ഉൾഭാഗം. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രാധാന്യവും പ്രസക്തിയും നഷ്ടമാവാത്ത വിധത്തിലും ആധുനികതയെ ഉൾക്കൊള്ളിച്ചുമാണ് മെഴ്സീഡിസ് ബെൻസ് ഈ കാർ പുതുക്കിപ്പണിതിരിക്കുന്നത്. മേ ബായിലെ സീറ്റുകളെ അടിസ്ഥാനമാക്കിയാണു ലിമൊസിനായി പുതിയ സീറ്റുകൾ സാക്ഷാത്കരിച്ചത്; ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് സീറ്റുകൾ ക്രമീകരിക്കാനുമാവും. പിൻ സീറ്റുകളിൽ യഥാർഥ നിറവും നിലനിർത്തി. മടക്കാവുന്ന മേശയും ഷാംപെയ്ൻ സൂക്ഷിക്കാനുള്ള കണ്ടെയ്നറും നിലനിർത്തി.

ചില്ലു കൊണ്ടുള്ള മേൽക്കൂരയ്ക്കൊപ്പം ടച് സ്ക്രീൻ സഹിതമുള്ള ആധുനിക ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഈ ലിമൊസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവറെയും പിൻസീറ്റുകളെയും വേർതിരിച്ചു പാർട്ടീഷനും വന്നു; ബട്ടൻ ഉപയോഗിച്ചാണ് ഈ മറയുടെ പ്രവർത്തനം. ശീതീകരണം മെച്ചപ്പെടുത്താനായി കാറിലെ എയർ കണ്ടീഷനറും നവീകരിച്ചു. വാഹന നിയന്ത്രണം സുഗമമാക്കാനായി മുന്നിലും പിന്നിലും പുതുതായി കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. 

English Summary: Rare Mercedes-Benz limousine goes on sale at price equivalent to ₹20 Crore

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA