ആദ്യ പരീക്ഷണപ്പറക്കൽ വിജയം, ബുക്കിങ് സ്വീകരിക്കാനൊരുങ്ങി പറക്കും സ്പീഡര്‍: വില 2.83 കോടി രൂപ

speeder
Speeder
SHARE

‘പറക്കും കാറു’കൾ യാഥാർഥ്യമാക്കാനുള്ള പരീക്ഷണങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ‘പറക്കും ബൈക്കു’കളുടെ വികസനത്തിനും ഗതിവേഗമേറുന്നു. ആകാശയാത്ര നടത്തുന്ന മോട്ടോർ സൈക്കിളിന്റെ മാതൃക വികസിപ്പിച്ചും ആദ്യ പരീക്ഷണപ്പറക്കൽ പൂർത്തിയാക്കിയും ജെറ്റ്പായ്ക്ക് ഏവിയേഷൻ ഈ രംഗത്ത് കാര്യമായ പുരോഗതി യും കൈവരിച്ചു; അവതരണത്തിനു മുന്നോടിയായി  ഓർഡറുകൾ സ്വീകരിക്കാനുള്ള തന്റേടവും കമ്പനി കാട്ടുന്നുണ്ട്. 3.80 ലക്ഷം ഡോളർ(ഏകദേശം 2.83 കോടി രൂപ) ആണു പറക്കും ബൈക്കിനു പ്രതീക്ഷിക്കുന്ന വില.

‘പി വൺ’ എന്നു പേരിട്ട ‘പറക്കും മോട്ടോർ സൈക്കിളി’നെ കമ്പനി വിശേഷിപ്പിക്കുന്നത് ‘സ്പീഡർ’ എന്നാണ്. ജെറ്റ് ടർബൈനാണു ‘സ്പീഡറി’നു കരുത്തേകുന്നത്. ദക്ഷിണ കലിഫോണിയയിൽ നടന്ന പരീക്ഷണങ്ങളിൽ കുത്തനെ പറന്നുയരാനും പറന്നിറങ്ങാനുമുള്ള കഴിവും ഈ ‘പറക്കും ബൈക്ക്’ തെളിയിച്ചിരുന്നു. പോരെങ്കിൽ മുകളിലേക്കും താഴേക്കും മാത്രമല്ല, അന്തരീക്ഷത്തിൽ കറങ്ങിനടക്കാനും മുന്നോട്ടു കുതിക്കാനും സാധിക്കുമെന്നും ‘സ്പീഡർ’ വ്യക്തമാക്കി. ‘പറക്കും മോട്ടോർ സൈക്കിളി’ന് 15,000 അടി വരെ ഉയരത്തിലേക്കു കുതിക്കാനാവുമെന്നാണു ജെറ്റ്പായ്ക്ക് ഏവിയേഷന്റെ അവകാശവാദം; ഒപ്പം യഥാർഥ ഉപയോഗ സാഹചര്യങ്ങളിൽ ഇത്രയും ഉയരത്തിൽ പറക്കേണ്ട ആവശ്യം വരില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. 

‘സ്പീഡറി’ന് രണ്ടു വകഭേദങ്ങൾ അവതരിപ്പിക്കാനാണ് ജെറ്റ്പായ്ക്ക് ഏവിയേഷന്റെ പദ്ധതി; വിനോദത്തിനുള്ളതും സൈനിക/രക്ഷാപ്രവർത്തന ആവശ്യങ്ങൾക്കുള്ളതും. പൂർണമായും സന്തുലനം കൈവരിച്ചാവും ‘പി വൺ’ എത്തുകയെന്നതിനാൽ ഇതു നിയന്ത്രിക്കാൻ വൈമാനികർക്ക് ആവശ്യമുള്ളതു പോലുള്ള പരിശീലനം വേണ്ടിവരില്ലെന്നും കമ്പനി വിശദീകരിക്കുന്നു. ഉല്ലാസത്തിനും വിനോദത്തിനുമായി വികസിപ്പിക്കുന്ന ‘സ്പീഡർ’ അനായാസം കൈകാര്യം ചെയ്യാനാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം; വാനിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നതു പോലുള്ള അനുഭവമാണു ജെറ്റ്പായ്ക്ക് ഏവിയേഷൻ ഉറപ്പു നൽകുന്നത്. സൈനിക ഉപയോഗ വേളയിലാവട്ടെ ‘സ്പീഡർ’ ഒറ്റയ്ക്കോ കൂട്ടമായോ വിന്യസിക്കാനാവും.

ഭാരം കുറഞ്ഞ അൾട്രാലൈറ്റ് പതിപ്പ്(യു വി എസ്) പറപ്പിക്കാൻ പൈലറ്റ് ലൈസൻസ് വേണ്ടിവരില്ലെന്നു ജെറ്റ്പായ്ക്ക് ഏവിയേഷൻ വ്യക്തമാക്കുന്നു; ഇത്തരം ‘പറക്കും ബൈക്ക്’ നിയന്ത്രിക്കാനുള്ള പരിശീലനം കമ്പനി നേരിട്ടോ അംഗീകൃത പരിശീലന കേന്ദ്രങ്ങൾ മുഖേനയോ ലഭ്യമാക്കും. അഞ്ചു ഗ്യാലൻ(അഥവാ 18.93 ലീറ്റർ) ഇന്ധനം വഹിക്കാൻ ശേഷിയുള്ള ഈ ‘സ്പീഡറി’ന് മണിക്കൂറിൽ 60 മൈൽ(അഥവാ 96.56 കിലോമീറ്റർ) ആവും ‘പറക്കൽ’ വേഗം. അതേസമയം ‘സ്പീഡറി’ന്റെ പരമാവധി വേഗമാവട്ടെ  മണിക്കൂറിൽ 150 മൈൽ(അഥവാ 241.4 കിലോമീറ്റർ) വരെയാവും; പറന്നുയർന്നാൽ അരമണിക്കൂർ വരെ ആകാശത്തു തുടരാനുള്ള ക്ഷമതയുമുണ്ടാവും. മോട്ടോർ സൈക്കിളിലെ പോലെ രണ്ടു പേർക്കു സഞ്ചരിക്കാൻ കഴിയുംവിധമാവും, 105 കിലോഗ്രാമോളം ഭാരമുള്ള ‘സ്പീഡറി’ന്റെയും രൂപകൽപ്പന. 

English Summary: Flying motorcycle, powered by jet turbine, completes first flight test

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA