ലേലത്തില്‍ തരംഗമായി ഹാമിൽറ്റന്റെ മക്‌ലാരൻ; കാറിന് ലഭിച്ചത് 49 കോടി രൂപ

mclaren-mp4-25a-1
SHARE

ഏഴു തവണ ഫോർമുല വൺ ലോക ചാംപ്യൻഷിപ് കിരീടം ചൂടിയ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽറ്റൻ, 2010 ടർക്കിഷ് ഗ്രാൻപ്രിയിൽ ഓടിച്ച മക്‌ലാരൻ എ പി ഫോർ - 25 എ കാറിനു ലേലത്തിൽ ലഭിച്ചത് 66 ലക്ഷം ഡോളർ(ഏകദേശം 49.24  കോടി രൂപ). ഫെറാരിയുടെ ജർമൻ ഡ്രൈവർ മൈക്കൽ ഷൂമാക്കർ സ്ഥാപിച്ച റെക്കോഡുകൾ ഒന്നൊന്നായി തകർത്തു മുന്നേറുന്ന ഹാമിൽറ്റനു കാറിന്റെ ലേലത്തുകയിൽ മറികടക്കാനുള്ളതും ഫോർമുല വണ്ണിലെ ഇതിഹാസ താരത്തെ തന്നെ; 2001 സീസണിൽ ഷൂമാക്കർ ഓടിച്ച ഫെറാരി എഫ് 2001 75 ലക്ഷം ഡോളർ(ഏകദേശം  55.95 കോടി രൂപ) വിലയ്ക്കാണ് 2017ൽ ലേലത്തിൽ വിറ്റത്.

കഴിഞ്ഞ വാരാന്ത്യത്തിൽ സിൽവർസ്റ്റോണിൽ നടന്ന ബ്രിട്ടീഷ് ഗ്രാൻപ്രിയോടനുബന്ധിച്ചായിരുന്നു 2010 സീസണിൽ ഹാമിൽറ്റനു ടർക്കിഷ് ഗ്രാൻപ്രി വിജയം നേടിക്കൊടുത്ത മക്‌ലാരൻ എ പി ഫോർ –25 എയുടെ ലേലം ആർ എം സോത്ത്ബി സംഘടിപ്പിച്ചത്. ഒരു മണിക്കൂർ 28 മിനിറ്റ് 47.620 സെക്കൻഡിലാണു ഹാമിൽറ്റൻ ഇസ്താംബൂളിലെ 5.338 കിലോമീറ്റർ ദൈർഘ്യമുള്ള ഇസ്താംബൂൾ പാർക് സർക്യൂട്ടിൽ 58 ലാപ് പൂർത്തിയാക്കി ജേതാവായത്.  

പോരെങ്കിൽ ലൂയിസ് ഹാമിൽറ്റൻ ഓടിച്ച ഫോർമുല വൺ കാർ ഇതാദ്യമായാണു ലേലത്തെനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്; 1.40 ലക്ഷത്തോളം റേസിങ് ആരാധകർ സാക്ഷ്യം വഹിച്ച ലേലത്തിൽ കാർ വിറ്റുപോയതാവട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയ്ക്കും. ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന മറ്റു റെക്കോഡുകളുടെ ഗതി തന്നെയാവും  ലേലത്തിൽ വിറ്റ ഫെറാരി എഫ് 2001നു ലഭിച്ച ഉയർന്ന വിലയ്ക്കുമെന്ന സൂചന ശക്തമാണ്. 

ഹാമിൽറ്റന് ടർക്കിഷ് ഗ്രാൻപ്രി ജയം നേടിക്കൊടുത്തതിനു പുറമെ  2010 സീസണിൽ മക്ലാരൻ മെഴ്സീഡിസ് ടീമിന് നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം ഉറപ്പാക്കിയതും ഈ മക്‌ലാരൻ എ പി ഫോർ - 25 എ’ ആയിരുന്നു. 2010ലെ ചൈനീസ് ഗ്രാൻപ്രിയിൽ ഹാമിൽറ്റൻ രണ്ടാം സ്ഥാനം സ്വന്തമാക്കിയതും ഇതേ കാറിലായിരുന്നു. 2010 നവംബർ 14നു സീസണിലെ അവസാന റൗണ്ടായ അബുദാബി ഗ്രാൻപ്രിയിൽ ഹാമിൽറ്റന്റെ സഹഡ്രൈവർ ജൻസൻ ബട്ടൻ മത്സരിച്ചതും ഇതേ കാറിലായിരുന്നു. മൂന്നാം സ്ഥാനത്താണു ബട്ടൻ ഫിനിഷ് ചെയ്തത്. 

ലേലത്തിനു മുന്നോടിയായി  മക്ലാരൻ സിൽവർസ്റ്റോൺ സർക്യൂട്ടിൽ മക്‌ലാരൻ എ പി ഫോർ - 25 എ പ്രദർശന ലാപ്പും ക്രമീകരിച്ചിരുന്നു. മക്‌ലാരന്റെയും മെഴ്സീഡിസിന്റെയും സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ മക്‌ലാരൻ റേസിങ്ങിന്റെ ഹെറിറ്റേജ് ടീമായിരുന്നു ഈ ലാപ് ഒരുക്കിയത്. 

മക്‌ലാരൻ ടെസ്റ്റ് ഡ്രൈവർ റോബ് ഗരോഫോളിനായിരുന്നു  2.4 ലീറ്റർ മെഴ്സീഡിസ് ബെൻസ് എഫ് ഒ 108 എക്സ് വി എയ്റ്റ് കാറിന്റെ സാരഥ്യം. നിലവിൽ ഫോർമുല വൺ കാറുകൾ ഉപയോഗിക്കുന്ന വി സിക്സ് എൻജിനുകളിൽ നിന്നു വേറിട്ട ശബ്ദത്തോടെ എത്തിയ വി എയ്റ്റ് എൻജിനുള്ള മക്‌ലാരൻ എ പി ഫോർ - 25 എ സിൽവർസ്റ്റോണിലെ കാണികൾക്കും വിരുന്നായി. 

ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഇനിയാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളാണു ലൂയിസ് ഹാമിൽറ്റൻ കീഴടക്കിയതെന്നാണ് ആർ എം സോത്ത്ബിയിലെ കാർ വിദഗ്ധനും പ്രൈവറ്റ് കാർ വിൽപന വിഭാഗം ആഗോള മേധാവിയുമായ ഷെൽബി മെയേഴ്സിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ, ഹാമിൽറ്റനുമായി ബന്ധപ്പെട്ട കാറുകളും ഭാവിയിൽ അമൂല്യ വസ്തുക്കളായി മാറുമെന്ന് അദ്ദേഹം കരുതുന്നു.

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS