ADVERTISEMENT

ഇന്ത്യയിൽ കാർ വിൽപന ആരംഭിക്കാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‍ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. എന്നാൽ ലോകത്ത് പ്രാബല്യത്തിലുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിലുള്ള ഇറക്കുമതി ചുങ്കമാണ് വൈദ്യുത വാഹനങ്ങൾക്ക് ഇന്ത്യ ഈടാക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ടെസ്‍ല കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കണമെന്നുള്ള ആവശ്യത്തിനു ട്വിറ്ററിൽ മറുപടി നൽകുകയായിരുന്നു മസ്ക്. ഇന്ത്യയിൽ ടെസ്‍ല കാറുകൾ വിൽക്കാൻ ആഗ്രമുണ്ടെങ്കിലും നിലവിലെ ഇറക്കുമതി ചുങ്ക നിരക്കാണു പ്രതിബന്ധം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. മലിനീകരണ വിമുക്തമായ വാഹനങ്ങളെയും പെട്രോൾ, ഡീസൽ മോഡലുകളെയും ഒരേ വിധത്തിലാണ് ഇന്ത്യ പരിഗണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളിൽ ഇന്ത്യ കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യത്തിനു വിരുദ്ധമായ സമീപനമാണിതെന്നും മസ്ക് അഭിപ്രായപ്പെട്ടു. 

അതേസമയം താൽക്കാലികമായെങ്കിലും വൈദ്യുത വാഹനങ്ങൾക്ക് ഇറക്കുമതി ചുങ്കത്തിൽ ഇളവ് അനുവദിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിൽ പ്രാദേശിക അസംബ്ലിങ് ആരംഭിക്കുമോ എന്ന ചോദ്യത്തിനും മസ്ക് മറുപടി നൽകി. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിൽപനയിൽ വിജയം കൈവരിക്കുന്ന പക്ഷം ഇന്ത്യയിൽ ടെസ്‍ല പുതിയ ശാല സ്ഥാപിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതികരണം. 

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിലായിരുന്നു ടെസ്‍ലയുടെ പ്രഖ്യാപനം. തുടർന്ന് ബെംഗളൂരു ആസ്ഥാനമായി ടെസ്‍ല ഇന്ത്യ മോട്ടോഴ്സ് എന്ന കമ്പനിയും രൂപീകരിച്ചു. കൂടാതെ ഇന്ത്യ പ്രവേശനം അടുത്തെത്തുന്നതിന്റെ വ്യക്തമായ സൂചന നൽകി ഇൻഫൊടെയ്ൻമെന്റ് യൂസർ ഇന്റർഫേസിൽ ടെസ്‍ല ഹിന്ദി ഭാഷ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 

അതിനിടെ ടെസ്‍ല വൈകാതെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയും വെളിപ്പെടുത്തിയിരുന്നു. കമ്പനി ഇന്ത്യയിൽ സ്വന്തം നിർമാണശാലയും സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്തായാലും ആദ്യഘട്ടത്തിൽ ടെസ്‍ലസ്ല ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇറക്കുമതി ചുങ്കത്തിൽ താൽക്കാലികമായെങ്കിലും ഇളവ് നേടിയെടുത്ത് വൈദ്യുത കാറുകൾ ഇറക്കുമതി ചെയ്യാനാണു ടെസ്ലയുടെ നീക്കം. വിൽപ്പനയിൽ പ്രതീക്ഷിക്കുന്ന വിജയം സ്വന്തമാവുന്ന പക്ഷം മാത്രമാവും ടെസ്‍ല ഇന്ത്യയിൽ സ്വന്തം നിർമാണശാല സ്ഥാപിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക.

English Summary: Tesla CEO Elon Musk expects at least 'temporary relief' for EVs in India in terms of import duty Relaxation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com