ADVERTISEMENT

ഉൽപാദനം തുടങ്ങി മൂന്നു വർഷം കൊണ്ടു തന്നെ 15,000–ാമത് ഉറുസ് പുറത്തിറക്കി ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗിനി. ബ്രിട്ടീഷ് വിപണിക്കായി നിർമിച്ച ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ നിറങ്ങളും ഫിനിഷുമുള്ള ഉറുസ് ആണ് ഉൽപാദനം 15,000 യൂണിറ്റിലെത്തിച്ചത്. ഗ്രിഗിയൊ കെരെസ് മാറ്റ് നിറത്തിലുള്ള കാറിന്റെ പുറംഭാഗത്തെ ഡീറ്റെയ്‌ലിങ്  വെർദെ സ്കാൻഡലിലാണ്; അകത്തളമാവട്ടെ നെരോ ആദെ – വെർദെ സ്കാൻഡൽ വർണ സങ്കലനത്തിലും ലംബോർഗിനി നിരത്തിലിറക്കുന്ന ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹനം(എസ്‌യുവി) എന്നതായിരുന്നു 2017 ഡിസംബറിൽ അനാവരണം ചെയ്ത  ഉറുസിന്റെ പെരുമ; ഒപ്പം കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവുമധികം ഉൽപാദനം കൈവരിച്ച മോഡൽ എന്ന പെരുമയും ഉറുസിനു സ്വന്തമായി. 

ഹുറാകാനെ‌യും അവെന്റഡോറിനെയുമൊക്കെ നിഷ്പ്രഭമാക്കുന്ന ഉറുസിന്റെ ഈ ജൈത്രയാത്ര അരങ്ങേറ്റവേള മുതൽ ആരംഭിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുമൊക്കെ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് 2,796 ഉറുസ് ആണ് ലംബോർഗിനി കഴിഞ്ഞ ജനുവരി – ജൂൺ അർധവർഷത്തിൽ വിറ്റത്. 2020ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് വിൽപനയിൽ 37% വർധനയാണിത്. പോരെങ്കിൽ വിപണി സാഹചര്യം സാധാരണ നിലയിലായിരുന്ന 2019 ജനുവരി – ജൂൺ കാലത്തെ വിൽപ്പനയെയും കടത്തിവെട്ടുന്ന പ്രകടനം. 

അസാധരണമായ പ്രകടനത്തിന്റെയും വൈവിധ്യമാർന്ന ക്ഷമതയുടെയും അപൂർവ സമന്വയമാണ് ‘ഉറുസ്’ എസ് യു വിയിൽ ലംബോർഗ്നി കൈവരിച്ചത്; പോരെങ്കിൽ സൂപ്പർ സ്പോർട്സ് കാറിന്റെയും എസ് യു വിയുടെയും ഗുണഗണങ്ങൾ ‘ഉറുസി’ൽ ലഭ്യമാക്കുന്നതിലും നിർമാതാക്കൾ വിജയം വരിച്ചു. സ്പോർട്ടി സവിശേഷതകളിലും വിശ്വാസ്യതയിലും ഓഫ് റോഡ് ക്ഷമതയിലുമൊക്കെയുള്ള മികവിന്റെ പിൻബലത്തിൽ സമീപകാലത്ത് ലംബോർഗ്നി ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായി മാറാനും ‘ഉറുസി’നായി. 

‘ഉറുസി’നു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് എൻജിനാണ്; 6,000 ആർ പി എമ്മിൽ 650 ബി എച്ച് പിയോളം കരുത്തും 2,250 ആർ പി എമ്മിൽ 850 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പോർഷെ ‘കയീൻ’, ഔഡി ‘ആർ എസ് ക്യു എയ്റ്റ്’ എന്നിവയ്ക്കും ഫോക്സ്വാഗൻ ഗ്രൂപ്പിലെ മറ്റ് എസ് യു വികളിൽ ഇടംപിടിക്കുന്നതും ഇതേ എൻജിനാണ്. 

ഈ എൻജിന്റെ മികവിൽ വെറും 3.6  സെക്കൻഡിലാണ് ‘ഉറുസ്’ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക; 200 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടി വരുന്നത് 12.8 സെക്കൻഡും. മണിക്കുറിൽ 305 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.  പോരെങ്കിൽ മഞ്ഞു പാളിക്കു മുകളിലെ പ്രകടനത്തിലും ‘ഉറുസ്’ റെക്കോഡ് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ റഷ്യയിലെ തണുത്തുറഞ്ഞ് മഞ്ഞുമൂടിയ തടാകമായ ലേക്ക് ബൈക്കലിലൂടെ  മണിക്കൂറിൽ 298 കിലോമീറ്റർ വേഗത്തിൽ കുതിച്ചു പാഞ്ഞാണ് ‘ഉറുസ്’ ഈ നേട്ടം സ്വന്തം പേരിലാക്കിയത്. 

ഇന്ത്യയിലും മികച്ച സ്വീകാര്യതയാണ് ‘ഉറുസ്’ നേടിയത്; ഷോറൂമിൽ 3.13 കോടി രൂപ വിലമതിക്കുന്ന ഈ എസ് യു വിയുടെ ഇതുവരെയുള്ള വിൽപ്പന നൂറിലേറെ യൂണിറ്റാണ്. പോരെങ്കിൽ അടുത്തയിടെ വിപണിയിലെത്തിയ ‘പേൾ ക്യാപ്സ്യൂൾ’ പതിപ്പിനോടും താൽപര്യമേറെയാണ്. 

English Summary: Lamborghini Urus Production Crosses 15,000 units in 3 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com