ADVERTISEMENT

നിരത്തിലോടുന്ന കാലപ്പഴക്കമേറിയ വാഹനങ്ങളുടെ കണക്കെടുപ്പിൽ കർണാടകം മുന്നിൽ. 20 വർഷത്തിലേറെ പഴക്കം ചെന്ന 39 ലക്ഷം വാഹനങ്ങളാണു കർണാടകത്തിലെ നിരത്തുകളിലുള്ളത്. പഴഞ്ചൻ വാഹനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളതു ഡൽഹിയാണ്. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള 36 ലക്ഷം വാഹനങ്ങളാണു രാജ്യതലസ്ഥാനത്തുള്ളത്. രാജ്യത്തെ മൊത്തം കണക്കെടുത്താൽ 20 വർഷത്തിലേറെ പഴക്കമുള്ള 2,14,25,295 വാഹനങ്ങളാണു നിരത്തുകളിലുള്ളതെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബേ ലോക്സഭയിൽ മറുപടി നൽകി. അതേസമയം ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പഴക്കമേറിയ വാഹനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി; രാജ്യത്തെ വാഹന വിവരങ്ങൾ സമാഹരിക്കുന്ന ‘വാഹൻ’ പോർട്ടലിൽ ഈ പ്രദേശങ്ങൾ ഉൾപ്പെടാത്തതു മൂലമാണിത്. 

കർണാടകത്തിൽ രണ്ടു പതിറ്റാണ്ടിലേറെ പഴക്കം ചെന്ന 39,48,120 വാഹനങ്ങളുണ്ടെന്നാണു കണക്ക്. പഴഞ്ചൻ വാഹനങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ ഇത്തരത്തിലുള്ള 36,14,671 വാഹനങ്ങളുണ്ട്. 26,20,946 ‘പഴഞ്ചൻ വാഹന’ങ്ങളുമായി ഉത്തർ പ്രദേശാണ് ഈ പട്ടികയിൽ മൂന്നാ സ്ഥാനത്ത്. ഇരുപതു വർഷത്തിലധികം പഴക്കമുള്ള 20.67 വാഹനങ്ങളാണു കേരളത്തിലുള്ളത്; തമിഴ്നാട്ടിൽ ഇത്തരത്തിലുള്ള 15.99 ലക്ഷം വാഹനങ്ങളും പഞ്ചാബിൽ 15.32 ലക്ഷം വാഹനങ്ങളുമുണ്ട്. അതേസമയം, ഇത്തരം പഴഞ്ചൻ വാഹനങ്ങൾ സൃഷ്ടിക്കുന്ന പരിസര മലിനീകരണത്തെക്കുറിച്ചുള്ള പഠനമൊന്നും നടത്തിയിട്ടില്ലെന്നും മന്ത്രി ചൗബേ വ്യക്തമാക്കി. 

രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിൽ കാലപ്പഴക്കമേറിയ വാഹനങ്ങൾ വിലക്കി 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിതോടെയാണ് ഈ പ്രശ്നം ശ്രദ്ധാകേന്ദ്രമായത്. 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷം പിന്നിട്ട പെട്രോൾ മോഡലുകൾക്കുമാണു കോടതി എൻ സി ആറിൽ വിലക്ക് പ്രഖ്യാപിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണൽ(എൻ ജി ടി) 2015ൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കാണ് 2018ലെ സുപ്രീം കോടതി വിധി അംഗീകാരം നൽകിയത്. അതേസമയം, പഴഞ്ചൻ വാഹനങ്ങൾ പൊളിച്ച് ഒഴിവാക്കുന്നതു സംബന്ധിച്ച കരട് നയം ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. പ്രവർത്തനക്ഷമത ഉറപ്പാക്കാനുള്ള വിശദ പരിശോധനയുടെയും ഉയർന്ന നിരക്ക് ഈടാക്കിയുള്ള റജിസ്ട്രേഷൻ പുതുക്കലിന്റെയും അടിസ്ഥാനത്തിൽ പഴയ വാഹനങ്ങളുടെ ഉപയോഗം തുടരാൻ ഈ നയത്തിൽ വ്യവസ്ഥയുണ്ട്.

English Summary: Karnataka, Delhi lead states with most vehicles older than 20 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com