ADVERTISEMENT

കഴിഞ്ഞ മാസം യൂറോപ്പിൽ ഏറ്റവുമധികം വിൽപന കൈവരിച്ച കാറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ടെസ്‌ലയുടെ വൈദ്യുത കാറായ മോഡൽ ത്രീ. ടെസ്‌ലയുടെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ മോഡൽ ത്രീക്കു മാത്രമല്ല, വൈദ്യുത വാഹന(ഇ വി) വ്യവസായത്തിനാകെ തന്നെ അഭിമാനം പകരുന്ന നേട്ടമായാണിതു വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തിലെ യാത്രാവാഹന വിൽപനയിൽ 10 ശതമാനത്തിൽ താഴെയാണു വൈദ്യുത വാഹനങ്ങളുടെ വിഹിതം. എങ്കിലും അടുത്ത കാലത്തായി വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നുണ്ട്. 

വിവിധ രാജ്യങ്ങൾ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ കർശനമാക്കിയതും പുതിയ നിലവാരം കൈവരിക്കാനുള്ള സമയപരിധി അടുത്തെത്തിയതുമാണു യൂറോപ്പിൽ ഇ വികളുടെ സ്വീകാര്യത വർധിപ്പിച്ചത്. ഈ അനുകൂല തരംഗം മുതലെടുത്താണു ടെസ്‌ലയുടെ മോഡൽ ത്രീ ജൂണിലെ വിൽപന കണക്കെടുപ്പിൽ രണ്ടാം സ്ഥാനത്തോളം മുന്നേറിയതും. അതേസമയം,  ഫോക്സ്വാഗന്റെ ഹാച്ച്ബാക്കായ ‘ഗോൾഫ്’ തന്നെയാണു യൂറോപ്പിലെ കാർ വിൽപ്പനയിൽ മുന്നിൽ. ജാറ്റൊ ഡൈനമിക്സിന്റെ കണക്കുപ്രകാരം 66,350 ‘മോഡൽ ത്രീ’യാണു ടെസ്ല ജൂൺ മാസം യൂറോപ്പിൽ വിറ്റത്. മാത്രമല്ല, കടന്ന പോകുന്ന മാസങ്ങൾക്കിടെ ‘മോഡൽ ത്രീ’ വിൽപ്പനയിൽ ക്രമാനുഗതമായ വർധനയും രേഖപ്പെടുത്തുന്നുണ്ട്. ജൂണിലെ ‘മോഡൽത്രീ’ വിൽപ്പനയിലും മുൻ മാസങ്ങളെ അപേക്ഷിച്ച് ഈ വർധനയുണ്ട്.

മലിനീകരണ വിമുക്തമായ വൈദ്യുത കാറുകൾക്ക് വിവിധ രാജ്യങ്ങൾ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നതും ടെസ്ല പോലുള്ള നിർമാതാക്കൾക്കു തുണയാവുന്നുണ്ട്. ഇത്തരം വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ധാരാളം പേർ പരമ്പരാഗത എൻജിനുള്ള വാഹനങ്ങൾ ഉപേക്ഷിച്ച് ബാറ്ററി/പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലുകൾ തിരഞ്ഞെടുക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ 2021 ജൂണിലെ കണക്കനുസരിച്ച് വൈദ്യൂതീകരിച്ച കാറുകളുടെ വിപണി  വിഹിതം 19% ആയി ഉയർന്നിട്ടുണ്ട്. 

യൂറോപ്പിലെ വൈദ്യുത വാഹന വിൽപ്പനയിൽ ഗണ്യമായ സംഭാവന നൽകുന്നത് സ്കാൻഡിനേവിയൻ രാജ്യമായ നോർവേയാണ്. വൈദ്യുത വാഹനങ്ങളുടെ പ്രചാരണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും നോർവേ തന്നെ. ഇപ്പോൾ യൂറോപ്പിലെ മറ്റു പല രാജ്യങ്ങളും വൈദ്യുത വാഹനങ്ങൾക്ക് ആകർഷക സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്ഥിതി തുടരുന്ന പക്ഷം യൂറോപ്പിലെ വൈദ്യുത വാഹന വിൽപ്പന വരും മാസങ്ങളിലും മുന്നേറ്റം തുടരുമെന്നാണു വിലയിരുത്തൽ.

English Summary: Tesla Model 3 was Europe's second bestselling car in June 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com