ADVERTISEMENT

ഒളിംപിക്സിനും പാരാലിംപിക്സിനും സ്വർണം കരസ്ഥമാക്കിയ കായിക താരങ്ങൾക്ക് പ്രത്യേക എഡിഷൻ എക്സ്‍‌യുവി 700 നൽകാൻ ആനന്ദ് മഹീന്ദ്ര. എക്സ്‌യുവി 700 ജാവലിൻ എഡിഷൻ‌ എന്ന പേരിലാണ് പ്രത്യേക പതിപ്പ് നൽകുക. ഒളിംപിക്സ് ജാവലിൻ ത്രോയിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര,  പാരാലിംപിക്സ് ജാവലിൻ ത്രോയിലെ സ്വർണ മെഡൽ ജേതാവ് സുമിത് ആന്റില്‍, 10 മീറ്റർ എയർ റൈഫിൽസിൽ സ്വർണം നേടിയ അവനി ലെഖാര എന്നിവർക്കാണ് മഹീന്ദ്ര ജാവലിൻ എഡിഷൻ സമ്മാനിക്കുക.

മൂന്ന് വാഹനങ്ങൾ മാത്രമായിരിക്കും ഈ പ്രത്യേക എഡിഷനിൽ നിർമിക്കുക. ഇതിൽ പാരാലിംപിക്സിലെ സ്വർണ ജേതാക്കൾക്ക് നൽകുന്ന വാഹനത്തിന് അംഗഭംഗം വന്നവർക്ക് ഓടിക്കാൻ പറ്റുന്ന സജ്ജീകരണങ്ങളുമുണ്ടാകും. എന്നാൽ എന്തൊക്കെ മാറ്റങ്ങളായിരിക്കും ജാവലിൻ എഡിഷന് ലഭിക്കുക എന്നതിൽ വ്യക്തതയില്ല. വാഹനത്തിന് നൽകാനായി ജാവലിൻ എന്ന പേരും മഹീന്ദ്ര റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വാർത്തകൾ.

എക്സ്‍‌യുവി 700

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് മഹീന്ദ്ര പുതിയ എസ്‌‌യുവിയായ എക്സ്‌യുവി 700 പുറത്തിറക്കിയത്. കൊതിപ്പിക്കുന്ന രൂപഭംഗിയും ആഡംബരം നിറഞ്ഞ ഇന്റീരിയറും കരുത്തുറ്റ എൻജിനുമായി എത്തിയ വാഹനത്തിന്റെ വില 11.99 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. 

പുതിയ ഡബ്ല്യു 601 എന്ന മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‌യുവി 700 വികസിപ്പിച്ചിരിക്കുന്നത്. എക്സ്‌യുവി 500 വലിപ്പം കൂടിയ വാഹനത്തിന് 4695 എംഎം നീളവും 1890 എംഎം വീതിയും 1755 എംഎം ഉയരവുമുണ്ട്. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന ആദ്യ വാഹനമാണ് ഈ എസ്‍യുവി. ഗാംഭീര്യം തോന്നിക്കുന്ന ഗ്രിൽ, എൽഇഡി ടെയിൽ ലാമ്പ്, ട്വിൻ സി ആകൃതിയിലുള്ള എൽഇഡി ഡേറ്റൈം റണ്ണിൽ ലാംപുകൾ, റാപ് എറൗണ്ട് ടെയിൽ ലാമ്പ്, സ്പോർട്ടി അലോയ് വീലുകൾ, സിൽവ്വർ ക്ലാഡിങ്ങുകൾ എന്നിവ പുതിയ വാഹനത്തിനുണ്ട്. 

സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ട് എന്നാണ് മഹീന്ദ്ര പറയുന്നത്. സെഗ്‌മെന്റിൽ ആദ്യമായി എത്തുന്ന അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായാണ് വാഹനം പുറത്തിറങ്ങിയത് (ഉയർന്ന വകഭേദത്തിൽ മാത്രം). കൂടാതെ പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പ്രീമിയം സീറ്റുകൾ, അലക്സ സപ്പോർട്ട് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 6 തരത്തിൽ ഇലക്ട്രിക്കലി അ‍ഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയുമുണ്ട്. ‌

സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ എൻജിനുകളിലൊന്നുമായാണ് മഹീന്ദ്രയുടെ പ്രീമിയം എസ്‍യുവി, എക്സ്‌യുവി 700 എത്തിയത്.  197 ബിഎച്ച്പി കരുത്തു നൽകുന്ന  2 ലീറ്റർ എം സ്റ്റാലിയൺ  പെട്രോൾ എൻജിനും 182 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനുമാണ്  വാഹനത്തിൽ. ആറു സ്പീഡ് മാനുവൽ ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുകൾ.

English Summary: Mahindra confirms XUV700 Javelin edition for India's Olympic, Paralympic gold medallists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com