സൈറ്റ് ‘ചതിച്ചു’ ഓല സ്കൂട്ടർ വിൽപ്പന 15 മുതൽ

ola-electric-scooter
SHARE

ആദായ നികുതി വകുപ്പിനെ മാത്രമല്ല വൈദ്യുത ഇരുചക്രവാഹ നിർമാതാക്കളായ ഓല ഇലക്ട്രിക്കിനെയും വെബ്സൈറ്റ് തകരാർ ‘ചതിച്ചു’. ഓൺലൈൻ വ്യവസ്ഥയിൽ ബുധനാഴ്ച മുതൽ ഇ സ്കൂട്ടറുകളായ ‘എസ് വണ്ണി’ന്റെയും ‘എസ് വൺ പ്രോ’യുടെയും വിൽപ്പന ആരംഭിക്കാനായിരുന്നു ഓല ഇലക്ട്രിക്കിന്റെ പദ്ധതി; എന്നാൽ സാങ്കേതിക തകരാറുകൾ വഴി മുടക്കിയതോടെ ഇ സ്കൂട്ടർ വിൽപ്പന ആരംഭിക്കുന്നത് 15നു നീട്ടിയതായി കമ്പനി അറിയിച്ചു. 

ola-s1

കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ഇ സ്കൂട്ടറുകളായ ‘എസ് വണ്ണും’ എസ് വൺ പ്രോ’യും അരങ്ങേറ്റം കുറിച്ചത്. ‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരമുള്ള ഇളവുകൾക്കു ശേഷം 99,999 രൂപയായിരുന്നു അടിസ്ഥാന മോഡലായ ‘എസ് വണ്ണി’ന്റെ ഷോറൂം വില; മുന്തിയ പതിപ്പായ ‘എസ് വൺ പ്രോ’യ്ക്ക് 1,29,999 രൂപയും(വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പുറമെ). വാഹന വിൽപ്പന സെപ്റ്റംബർ എട്ടിന് ആരംഭിക്കുമെന്നും ഒക്ടോബർ മുതൽ പുതിയ സ്കൂട്ടറുകൾ ഉടമസ്ഥർക്കു കൈമാറുമെന്നുമായിരുന്നു ഓല ഇലക്ട്രിക്കിന്റെ വാഗ്ദാനം. 

ola-s1-7

എന്നാൽ സാങ്കേതിക തകരാറുകൾ മൂലം ഇ സ്കൂട്ടറുകളുടെ ഓൺലൈൻ വിൽപ്പന ആരംഭിക്കുന്നത് 15നു മാറ്റുകയാണെന്ന് ഓല ചെയർമാനും ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ രാത്രി വൈകി അറിയിക്കുകയായിരുന്നു. ‘എസ് വൺ’ സ്കൂട്ടർ വിൽപ്പന ഇന്ന്(സെപ്റ്റംബർ എട്ട്) ആരംഭിക്കുമെന്നായിരുന്നു ഓലയുടെ വാഗ്ദാനം; എന്നാൽ സാങ്കേതിക തകരാറുകളെ തുടർന്ന് വാഹന വിൽപ്പനയ്ക്കുള്ള വെബ്സൈറ്റിന്റെ പ്രവർത്തനം സുഗമമായി തുടങ്ങാൻ സാധിച്ചില്ല. ഇ സ്കൂട്ടർ വാങ്ങാനായി മണിക്കൂറുകളോളം കാത്തിരുന്നവരോടെ അഗർവാൾ ക്ഷമ ചോദിക്കുകയും ചെയ്തു. വെബ്സൈറ്റിന്റെ ഗുണനിലവാരം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം അംഗീകരിച്ചു.

പൂർണമായും ഡിജിറ്റൽ ശൈലിയിലുള്ള വിൽപ്പന നടപടികളാവും ഓല പിന്തുടരുകയെന്ന് അഗർവാൾ അറിയിച്ചു. വാഹന വായ്പയ്ക്കുള്ള നടപടിക്രമങ്ങൾ പോലും പൂർണമായും ഡിജിറ്റൽ രീതിയിലാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായി ഡിജിറ്റൽ രീതിയിൽ വാഹനം വാങ്ങാൻ അവസരമൊരുക്കാനാണ് ഓല ശ്രമിച്ചതെന്നും ആ ഉദ്യമം നടപ്പാക്കാനായില്ലെന്നും അഗർവാൾ വിശദീകരിച്ചു. തകരാറുകൾ പരിഹരിക്കാൻ ഒരാഴ്ചയെടുക്കുമെന്നാണു കരുതുന്നത്. അതിനാൽ സെപ്റ്റംബർ 15നു രാവിലെ എട്ടിന് ഓൺലൈൻ രീതിയിൽ ഓല സ്കൂട്ടർ വിൽപ്പന ആരംഭിക്കുമെന്ന് അഗർവാൾ അറിയിച്ചു. 

കൂടാതെ നിലവിലെ വാഹന റിസർവേഷനും ക്യൂവിലെ സ്ഥാനവുമൊക്കെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം സ്കൂട്ടർ വാങ്ങാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വാഹനം കൈമാറാനുള്ള തീയതികളിലും മാറ്റമില്ല. ഇ സ്കൂട്ടർ അവതരണത്തിനു മുന്നോടിയായി ജൂലൈ മുതൽ തന്നെ ഓല പ്രീലോഞ്ച് ബുക്കിങ്ങിനു തുടക്കം കുറിച്ചിരുന്നു; ആദ്യ 24 മണിക്കൂറിൽ ഒരു ലക്ഷത്തോളം പേരാണ് 499 രൂപ അഡ്വാൻഡ് നൽകി ഇ സ്കൂട്ടർ ബുക്ക് ചെയ്തത്. തുടർന്ന് ഇതിനോടകം  ആകെ എത്ര ബുക്കിങ് ലഭിച്ചെന്ന് ഓല വെളിപ്പെടുത്തിയിട്ടില്ല. 

പത്ത് നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള സ്കൂട്ടറിനു കരുത്തേകുന്നത് 8.5 കിലോവാട്ട് വൈദ്യുത മോട്ടോറും 3.97 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും ചേർന്ന പവർ ട്രെയ്നാണ്. 750 വാട്സ് പോർട്ടബ്ൾ ചാർജർ ഉപയോഗിച്ച് ആറു മണിക്കൂറിൽ സ്കൂട്ടറിലെ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാം; ഓല സൂപ്പർ ചാർജർ ഉപയോഗിക്കുന്ന പക്ഷം വെറും 18 മിനിറ്റിൽ ബാറ്ററി 50% ചാർജ് ആവും. ‘എസ് വൺ പ്രോ’യ്ക്ക് ഒറ്റ ചാർജിൽ 181 കിലോമീറ്ററും ‘എസ് വണ്ണി’ന് 120 കിലോമീറ്ററുമാണ് ഓല വാഗ്ദാനം ചെയ്യുന്ന സഞ്ചാര പരിധി(റേഞ്ച്). 

കണക്ടിവിറ്റി സാധ്യതയോടെ പൂർണമായും ഡിജിറ്റലായ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ, ക്രൂസ് കൺട്രോൾ, റിവേഴ്സ് മോഡ്, പൂർണ എൽ ഇ ഡി ലൈറ്റിങ്, അതിവേഗ ചാർജിങ് സൗകര്യം എന്നിവയൊക്കെ ഓലയുടെ ഇ സ്കൂട്ടറിലുണ്ട്. സീറ്റിന് താഴെ 50 ലീറ്റർ സംഭരണ സ്ഥലവും ലഭ്യമാണ്.

മൂന്നു റൈഡിങ് മോഡോടെയാണ് ‘എസ് വൺ പ്രോ’ എത്തുന്നത്; നിശ്ചലാവസ്ഥയിൽ നിന്നു വെറും മൂന്നു സെക്കൻഡിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ സ്കൂട്ടറിനാവും.

English Summary: Ola Electric defers e-scooter sale to September 15 due to website glitch

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA