ADVERTISEMENT

രാജ്യത്തെ മൊബൈൽ സേവന മേഖലയിൽ മാറ്റത്തിന്റെ കാറ്റായി വീശിയ റിലയൻസ് ജിയൊ വൈദ്യുത വാഹന ചാർജിങ് രംഗത്തെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ ഒരുങ്ങുന്നു. വൈദ്യുത വാഹന റൈഡ് ഹെയ്‌ലിങ് പ്ലാറ്റ്ഫോമായ ബ്ലൂസ്മാർട്ടുമായി സഹകരിച്ചാവും മുകേഷ് അംബാനിയുടെ ജിയൊയും പങ്കാളിയായ ബ്രിട്ടീഷ് പെട്രോളിയ(ബിപി)വും ഇന്ത്യയിൽ വൈദ്യുത വാഹന(ഇവി) ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുക. ബാറ്ററിയിൽ ഓടുന്ന കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഉതകുന്ന ചാർജിങ് സ്റ്റേഷനുകളുടെ വിപുല ശൃംഖല തന്നെ ഏതാനും വർഷത്തിനകം യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മേഖലയിലേക്കുള്ള ജിയൊയുടെ രംഗപ്രവേശം.

ബ്ലൂസ്മാർട്ടിന്റെ സേവനം നിലവിലുള്ള നഗരങ്ങളിൽ വൈദ്യുത വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്താനുള്ള ആസൂത്രണവും വികസനവും പ്രവർത്തനവുമാണ് തുടക്കത്തിൽ ജിയൊ–ബി പി സഖ്യം ഏറ്റെടുക്കുക. ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലാവും പുതിയ സംരംഭത്തിന്റെ അരങ്ങേറ്റം. പ്രധാനമായും നഗരങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ ഓരോ സ്റ്റേഷനിലും കുറഞ്ഞത് 30 വാഹനങ്ങൾക്ക് ഒരേ സമയം ചാർജ് ചെയ്യാനുള്ള സൗകര്യമാവും ലഭ്യമാക്കുക.

ആഗോളതലത്തിൽ വൈദ്യുത വാഹന ചാർജിങ് ശൃംഖലകൾ സ്ഥാപിച്ച അനുഭവസമ്പത്തുമായാണു ബ്രിട്ടീഷ് പെട്രോളിയം ഇന്ത്യയിലെത്തുന്നത്. ഇതോടൊപ്പം വൈദ്യുതീകരണ മേഖലയിൽ ജിയൊയ്ക്കുള്ള പ്രവൃത്തി പരിചയവും പ്രയോജനപ്പെടുത്തി പുതിയ സംരംഭം സ്ഥാപിക്കാനാണു റിയലൻസിന്റെ നീക്കം.

‘ബി പി  പൾസ്’ എന്ന പേരിൽ  യു കെയിലെ ഏറ്റവും വലിയ വൈദ്യുത വാഹന ചാർജിങ് ശൃംഖലയാണു  ബി പിക്കുള്ളതെന്നു ജിയൊ–ബി പി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരീഷ് സി മേത്ത വിശദീകരിച്ചു. അരാൾ ബ്രാൻഡിലൂടെ ജർമനിയിലും ഈ മേഖലയിൽ ബി പിക്ക് സാന്നിധ്യമുണ്ട്. ബി പിയുടെ പിൻബലത്തിൽ വൈദ്യുത വാഹന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഇന്ത്യയിൽ എത്തിക്കാനാണു ജിയൊയുടെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. 

ഇ വി സൂപ്പർ ഹബ്വുകളാവും വൈദ്യുത വാഹന ചാർജിങ്ങിന്റെ ഭാവിയെന്ന് ബ്ലൂസ്മാർട് സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അൻമോൽ ജഗ്ഗി അഭിപ്രായപ്പെട്ടു. വൈദ്യുത  വാഹന ഉടമസ്ഥരായ വ്യക്തികളുടെയും ബ്ലൂസ്മാർട് പോലുള്ള ഫ്ളീറ്റ് വിഭാഗത്തിന്റെയും ആവശ്യം നിറവേറ്റാൻ ഇത്തരം ഹബ്വുകൾക്കാവും. നിലവിൽ ഡൽഹി–എൻ സി ആറിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഇ വി റൈഡ് ഹെയ്ലിങ് സ്റ്റാർട് അപ് കമ്പനിയായ ബ്ലൂസ്മാർട് ക്രമേണ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ജഗ്ഗി അറിയിച്ചു. അതേസമയം, ഇന്ധന വിൽപ്പനയ്ക്കായി അടുത്ത അഞ്ചു വർഷത്തനികം 5,500 പമ്പുകൾ തുറക്കാനാണു ജിയൊ–ബി പി സംയുക്ത സംരംഭം ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 1,400 പെട്രോൾ പമ്പുകളാണു റിലയൻസിനുള്ളത്. 

English Summary: Jio-bp partners with BluSmart to set up EV charging infra in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com