ADVERTISEMENT

രാജ്യത്തെ ആദ്യ വൈദ്യുത ദേശീയപാത നിർമിക്കുക  ഡൽഹിക്കും ജയ്പൂരിനുമിടയിലാവുമെന്ന സൂചന നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. ഡൽഹി — ജയ്പൂർ വൈദ്യുത ഹൈവേ നിർമാണത്തിനായി വിദേശ കമ്പനിയുമായി ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.  ഡൽഹി - ജയ്പൂരിനു പുറമെ നിർദിഷ്ട ഡൽഹി - മുംബൈ എക്സ്പ്രസ്‌വേയുടെ ഭാഗം വൈദ്യുത ഹൈവേയാക്കി മാറ്റാനും സ്വീഡനിൽ നിന്നുള്ള കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

ദേശീയപാത നിർമാണത്തിനായി വിദേശ നിക്ഷേപം കണ്ടെത്താൻ ശ്രമം നടത്തുമെന്നു ഗഢ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം ഇന്ത്യയിൽ വൈദ്യുത ഹൈവേ നിർമിക്കാനായി യൂറോപ്യൻ യൂണിയനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ആകെ 22 പുതിയ എക്സ്പ്രസ്‌വേകൾ നിർമിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്; ഇതിൽ ഏഴെണ്ണത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായും ഗഢ്കരി അറിയിച്ചു.

ഡൽഹിക്കും ജയ്പൂരിനുമിടയിൽ വൈദ്യുത ദേശീയപാത  നിർമിക്കുകയെന്നതു തന്റെ സ്വപ്നാണെന്നു ഗഢ്കരി വെളിപ്പെടുത്തി. നിലവിൽ ആലോചനാഘട്ടത്തിലുള്ള പദ്ധതിക്കായി വിദേശ കമ്പനിയുമായി ചർച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗതാഗത മേഖലയിൽ പെട്രോൾ, ഡീസൽ ഉപയോഗം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഗതാഗത മേഖലയിലെ ബസ്സുകളെയും ചരക്കു നീക്കത്തിനുള്ള ട്രക്കുകളെയുമൊക്കെ വൈദ്യുത വാഹനങ്ങളാക്കി മാറ്റാനാണു പദ്ധതിയെന്നും ഗഢ്കരി അറിയിച്ചു.

നിർദിഷ്ട മുംബൈ – ഡൽഹി എക്സ്പ്രസ്വേയുടെ നിർമാണപുരോഗതിയും ഗഢ്കരി വെളിപ്പെടുത്തി; ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം പകുതിയായി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റോഡ് മാർഗമുള്ള മുംബൈ–ഡൽഹി യാത്രയ്ക്ക് 24 മണിക്കൂർ വേണ്ടിവരുന്നത് 12 മണിക്കൂറായി കുറയ്ക്കാൻ ഈ എക്സ്പ്രസ്വേയ്ക്കു സാധിക്കുമെന്നാണു പ്രതീക്ഷ. അതുപോലെ ഡൽഹി – ജയ്പൂർ യാത്ര രണ്ടു മണിക്കൂർ സാധ്യമാക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഗഢ്കരി വെളിപ്പെടുത്തി.

ഡൽഹിക്കും ജയ്പൂരിനുമിടയിലെ യാത്രാസമയം വരുന്ന മാർച്ചോടെ തന്നെ കുറയ്ക്കാനാവുമെന്നാണു ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ)യുടെ പ്രതീക്ഷ. നിർമാണം പുരോഗമിക്കുന്ന സോനയിലെ മേൽപ്പാതയും ഡൽഹി — മുംബൈ എക്സ്പ്രസ്വേയിലെ സോന — ദൗസ ഭാഗവും പൂർത്തിയാവുന്നതോടെ സിഗ്നലുകൾ ഒഴിവായി യാത്രാവേഗം വർധിക്കുമെന്നാണ് അതോറിട്ടിയുടെ കണക്കുകൂട്ടൽ.

English Summary: India's first electric highway likely to connect Delhi and Jaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com