ADVERTISEMENT

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനിക്ക് 602 കോടി രൂപയുടെ വിൽപ്പന നികുതി കുടിശിക. തമിഴ്നാട്ടിലെ മാരൈമലൈനഗറിലും ഗുജറാത്തിലെ സാനന്ദിലും നിർമാണശാലകളുള്ള ഫോഡിന് യഥാസമയം അടയ്ക്കാതെ മാറ്റിവച്ച വിൽപ്പന നികുതിയാണ് 602.30 കോടി രൂപയുടെ കുടിശിക സൃഷ്ടിക്കുന്നതെന്നാണ് ക്രെഡിറ്റ് റേറ്റിങ് എജൻസിയായ ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ വിലയിരുത്തൽ.

ഫോഡിന്റെ ഉപസ്ഥാപനമായ ഫോഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി(എഫ് ഐ പി എൽ)നായിരുന്നു ഇന്ത്യയിലെ വാഹന നിർമാണത്തിന്റെ ചുമതല; ചെന്നൈയിലും സാനന്ദിലും എൻജിൻ, വാഹന നിർമാണത്തിനായി ഓരോന്നു വീതം രാജ്യത്ത് മൊത്തം നാലു ശാലഖൾ സ്ഥാപിച്ചതും ഈ കമ്പനി തന്നെ. വിൽപ്പന നികുതി അടയ്ക്കാൻ സാവകാശമടക്കമുള്ള ആനുകൂല്യങ്ങളും ഇളവുകളും വാഗ്ദാനം ചെയ്തായിരുന്നു തമിഴ്നാട് സർക്കാർ ഫോഡിനെ സംസ്ഥാനത്തേക്ക് ആകർഷിച്ചത്. സാനന്ദിൽ ശാല സ്ഥാപിക്കുന്ന ഘട്ടത്തിൽ ഗുജറാത്ത് സർക്കാരും സമാനമായ ഇളവുകളും ആനുകൂല്യങ്ങളും ഫോഡിന് അനുവദിച്ചു. 

എന്നാൽ ഈ വിപണിയിൽ നിന്നു പിൻവാങ്ങുകയാണെന്ന് കഴിഞ്ഞ ഒൻപതിനാണു ഫോഡ് ഇന്ത്യ പ്രഖ്യാപിച്ചത്. സാനന്ദിലെ ശാല ഈ ഡിസംബറിനകവും ചെന്നൈ ശാല അടുത്ത വർഷം മധ്യത്തോടെയും പ്രവർത്തനം അവസാനിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. സാനന്ദിലെ എൻജിൻ നിർമാണശാല മാത്രം നിലനിർത്തി മറ്റു മൂന്നു പ്ലാന്റും പൂട്ടാനാണു ഫോഡിന്റെ തീരുമാനം. അതേസമയം കമ്പനിയുടെ പുനഃസംഘടന സംബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നാണു നികുതി കുടിശികയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു ഫോഡിന്റെ മറുപടി. ഇതുവരെയുള്ള സഹകരണത്തിനും ധാരണയ്ക്കും തമിഴ്നാട്, ഗുജറാത്ത് സർക്കാരുകളോടും കേന്ദ്ര സർക്കാരിനോടും ഫോഡ് നന്ദി രേഖപ്പെടുത്തുന്നുമുണ്ട്. 

കൂടാതെ ഫോഡ് ഇന്ത്യയുടെ മൊത്തം കട ബാധ്യതയെക്കുറിച്ചോ വായ്പ നൽകിയവരെക്കുറിച്ചോ ബാധ്യത തീർക്കാനുള്ള സമയക്രമത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങളോടൊന്നും കമ്പനി പ്രതികരിച്ചിട്ടുമില്ല. അതുപോലെ ഫോഡിന്റെ നിർമാണശാലകൾ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് എം ജി മോട്ടോർ ഇന്ത്യ രംഗത്തുണ്ടെന്ന വാർത്തകളോടും കമ്പനി പ്രതികരിക്കാൻ തയാറായിട്ടില്ല. ഇന്ത്യയിലെ നിർമാണശാലകളുടെ കാര്യത്തിൽ ബദൽ സാധ്യകളെല്ലാം പരിഗണനയിലുണ്ടെന്നു മാത്രമാണു ഫോഡിന്റെ നിലപാട്.

English Summary: Ford India owes ₹602.3 cr as Deferred Sales Tax Liability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com