ADVERTISEMENT

വൈദ്യുത എസ് യു വിയായ 2023 ലിറിക് ഡെബ്യൂ എഡീഷന്റെ ബുക്കിങ് വെറും 19 മിനിറ്റിൽ പൂർത്തിയായെന്നു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ആഡംബര വാഹന വിഭാഗമായ കാഡിലാക്. ‘അതിവേഗം. വൈദ്യുത കാറായ 2023 ലിറിക് ഡെബ്യൂ എഡീഷൻ റിസർവേഷൻ പൂർത്തിയായി’ എന്നായിരുന്നു കമ്പനി സമൂഹ മാധ്യമത്തിൽ കുറിച്ചത്. 100 ഡോളർ(ഏകദേശം 7,366 രൂപ) ടോക്കൺ അഡ്വാൻസ് ഈടാക്കിയാണു കാഡിലാക് 2023 ലിറിക് ഡെബ്യൂ എഡീഷനുള്ള റിസർവേഷൻ സ്വീകരിച്ചത്.  അടുത്ത വർഷം മധ്യത്തോടെ വിൽപന തുടങ്ങുമെന്നു കരുതുന്ന ഡെബ്യൂ എഡീഷന് 58,795 ഡോളർ(43.31 ലക്ഷത്തോളം രൂപ) ആണു പ്രതീക്ഷിക്കുന്ന വില(കടത്തു കൂലി പുറമെ). 

പരിമിതകാല പതിപ്പ് എന്നു വിശേഷിപ്പിക്കുന്ന ലിറിക് ഡെബ്യൂ എഡീഷന്റെ എത്ര യൂണിറ്റാണു കാഡിലാക് വിൽപനയ്ക്കെത്തിച്ചതെന്നു വ്യക്തമല്ല. അടുത്ത വർഷത്തോടെ കാറിനുള്ള ഓർഡറുകൾ യു എസിലെ ഡീലർഷിപ്പുകൾ സ്വീകരിക്കുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. അകത്തളത്തിൽ 33 ഇഞ്ച് വലിപ്പമുള്ള ഭീമൻ ഗേജ് ക്ലസ്റ്ററും ഇൻഫൊടെയ്ൻമെന്റ് സ്ക്രീനുമായാവും 2023 കാഡിലാക് ലിറിക് എത്തുക. എ കെ ജി സ്റ്റുഡിയോ 19 സ്പീക്കർ ഓഡിയോ സംവിധാനം, ആക്ടീവ് നോയ്സ് കാൻസലേഷൻ, ചൂടാക്കാവുന്ന സ്റ്റീയറിങ് വീൽ, എട്ടു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയൊക്കെ കാറിലുണ്ടാവും. കൂടാതെ മുന്നിലെ യാത്രികനായി ഫോർ വേ പവർ ലംബാർ, ഹീറ്റ് വെന്റിലേഷൻ, ലംബാർ മസാജ് സീറ്റുമുണ്ട്. ഹാൻഡ് ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു വില പിടിച്ച വസ്തുക്കളുമൊക്കെ സൂക്ഷിക്കാൻ പ്രത്യേക അറകളും ബിന്നുകളുമൊക്കെ കാറിലുണ്ട്.  ‌

പൂർണമായും ഗ്ലാസിൽ തീർത്ത മേൽക്കൂര, 20 ഇഞ്ച് വീൽ(ഓപ്ഷനൽ വ്യവസ്ഥയിൽ 22 ഇഞ്ച് വീലും), ഓട്ടമേറ്റഡ് ചാർജ് പോർട് ഡോർ തുടങ്ങിയവയാണു പുറംഭാഗത്തെ കാഴ്ചകൾ. പിൻ ചക്രങ്ങൾക്കു കരുത്തു പകരാൻ വൈദ്യുത മോട്ടോർ സഹിതമെത്തുന്ന ‘ലിറിക്കി’ന്റെ പവർ ട്രെയ്ൻ  100.4 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ്; പരമാവധി 340 എച്ച് പി കരുത്തും 440 എൻ എം ടോർക്കുമാണ് ഈ പായ്ക്ക് സൃഷ്ടിക്കുക. ഒറ്റ ചാർജിൽ കാർ 300 മൈൽ (ഏകദേശം 483 കിലോമീറ്റർ) പിന്നിടുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. 

ആധുനിക ഫൈവ് ലിങ്ക് സസ്പെൻഷൻ സംവിധാനത്തോടെ എത്തുന്ന കാറിൽ മികച്ച സുരക്ഷയ്ക്കായി അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സോൺ സ്റ്റീയറിങ് അസിസ്റ്റ്, എൻഹാൻസ്ഡ് ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, എൻഹാൻസ്ഡ് ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ്, ഫോളോയിങ് ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഹൈഡഫനിഷൻ സറൗണ്ട് വിഷൻ, റിയർ കാമറ മിറർ, റിവേഴ്സ് ഓട്ടമാറ്റിക് ബ്രേക്കിങ് തുടങ്ങിയവയൊക്കെ കാഡിലാക് ലഭ്യമാക്കുന്നുണ്ട്. 

English Summary: 2023 Cadillac Lyriq Debut Edition Sold Out In 19 Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com