ADVERTISEMENT

പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ കുഷാകിന് പതിനായിരത്തിലേറെ ബുക്കിങ് ലഭിച്ചതായി ഫോക്‌സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ. ഒപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള സ്റ്റൈൽ വകഭേദത്തിനൊപ്പം ആറ് എയർബാഗും  ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റ(ടി പി എം എസ്)വും ലഭിക്കുമെന്നും സ്കോഡ ഓട്ടോ അറിയിച്ചു; ഈ പരിഷ്കാരത്തോടെ കുശക് സ്റ്റൈൽ വിലയിൽ 40,000 രൂപയുടെ വർധനയും പ്രാബല്യത്തിലെത്തിയിട്ടുണ്ട്. ഒരു ലീറ്റർ, 1.5 ലീറ്റർ എൻജിനോടെ എത്തുന്ന കുഷാക് സ്റ്റൈലിൽ ഈ പരിഷ്കാരം സ്കോഡ നടപ്പാക്കിയിട്ടുണ്ട്. 

കോവിഡ് 19 മഹാമാരിയും കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളെയും സപ്ലൈ ചെയിനിലെ പരിമിതികളെയുമൊക്കെ അതിജീവിച്ചാണ് കുഷാക് പതിനായിരത്തിലേറെ ബുക്കിങ് നേടിയെടുത്തതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹൊളിസ് വിശദീകരിച്ചു. ഉപയോക്താക്കളുടെ താൽപര്യം മാത്രം മുൻനിർത്തിയായിരുന്നു കുഷാക്കിന്റെ നിർമാണം. ഈ മികവ് അംഗീകരിച്ച് എസ്‌യുവിക്ക് ആവശ്യക്കാരെത്തുന്നത് കമ്പനിക്ക് അഭിമാനാർഹമായ നേട്ടമാണെന്ന് ഹൊളിസ് അഭിപ്രായപ്പെട്ടു. 

സ്കോഡ ഓട്ടോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഈ വർഷം രണ്ടു ദശാബ്ദം തികയുകയാണ്. ഈ വിശേഷ വേളയിൽ തന്നെ കുശക് മികച്ച നേട്ടം കൊയ്തത് ആഹ്ലാദകരമാണെന്നും അദ്ദേഹം വിലയിരുത്തി. വൈവിധ്യ സമൃദ്ധമായ എം ക്യു ബി – എ സീറൊ – ഐ എൻ പ്ലാറ്റ്ഫോം അടിത്തറയാവുന്ന കുശക്കിനെ സ്കോഡ ഇന്ത്യൻ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചതാണ്. ഇന്ത്യയിൽ സാന്നിധ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു വിപണന സാധ്യതയേറിയ ഇടത്തരം എസ് യു വി വിപണിയാണു സ്കോഡ തിരഞ്ഞെടുത്തത്. ഈ വിഭാഗത്തിൽ കുഷാക് എത്തിയതോടെ ഇന്ത്യയിലെ വിൽപന മെച്ചപ്പെടുത്താനായെന്നും  സ്കോഡ ഓട്ടോ അവകാശപ്പെടുന്നുണ്ട്.

അഞ്ചു നിറങ്ങളിലാണു സ്കോഡയുടെ കുഷാക് വിൽപനയ്ക്കെത്തുന്നത്: ടൊർണാഡൊ റെഡ് മെറ്റാലിക്, കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, കാർബൺ സ്റ്റീൽ മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക്.  എതിരാളികൾ ഡീസൽ എൻജിൻ സഹിതവും വിൽപ്പനയ്ക്കെത്തുമ്പോൾ കുഷാകിൽ ഈ സൗകര്യം ലഭ്യമല്ല. പക്ഷേ ഈ പരിമിതിയെ അതിജീവിച്ചും ഉപയോക്താക്കളെ ആകർഷിക്കാൻ കുശക്കിനു കഴിയുന്നുണ്ടെന്നാണു സ്കോഡയുടെ വിലയിരുത്തൽ.

English Summary: Skoda Kushaq bookings cross 10,000 units, new features added

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com