ADVERTISEMENT

സുരക്ഷ മെച്ചപ്പെടുത്താനായി ചെറുകാറുകളിലും ആവശ്യത്തിന് എയർബാഗുകൾ ലഭ്യമാക്കണമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്തെ ഇടത്തരം വരുമാനക്കാർ കൂടുതലായും ചെറു കാറുകളും എൻട്രി ലവൽ മോഡലുകളുമാണു വാങ്ങുന്നതെന്നും ഇവയിലെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ കാർ മോഡലുകളുടെ എല്ലാ പതിപ്പിലും വകഭേദത്തിലും കുറഞ്ഞത് ആറ് എയർബാഗ് ഉറപ്പാക്കണമെന്നും അദ്ദേഹം നിർമാതാക്കളോട് അഭ്യർഥിച്ചു.

യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനും അപകട മരണങ്ങൾ കുറയ്ക്കാനു ലക്ഷ്യമിട്ടാണ് എയർബാഗുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് താൻ ആവശ്യപ്പെടുന്നതെന്നും ഗ‍ഡ്‌കരി വിശദീകരിച്ചു. ചെറുകാറുകളിൽ കൂടുതൽ എയർബാഗ് ഘടിപ്പിക്കുന്നതോടെ വാഹന വിലയിൽ 3,000 - 4,000 രൂപയുടെ വർധന സംഭവിക്കും. പക്ഷേ അപകടവേളകളിൽ സാമ്പത്തിക നിലയിലെ അന്തരമില്ലാതെ എല്ലാവർക്കും സുരക്ഷ ലഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

സമ്പന്നർ വാങ്ങുന്ന വലിയ കാറുകളിൽ എട്ട് എയർബാഗുകൾ വരെയാണു നിർമാതാക്കൾ ഘടിപ്പിക്കുന്നതെന്ന് ഗ‍ഡ്‌കരി ചൂണ്ടിക്കാട്ടി. പണമുള്ളവർക്ക് എട്ട് എയർബാഗ് ലഭ്യമാക്കുന്ന അതേ കമ്പനി, താഴ്ന്ന വരുമാനക്കാർ വാങ്ങുന്ന കാറിലെ എയർബാഗിന്റെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുക്കും. എന്തുകൊണ്ടാണീ വിവേചനമെന്നും ഗഢ്കരി ആരാഞ്ഞു. ഉയർന്ന നികുതി നിരക്കുകളും സുരക്ഷ, പരിസ്ഥിതി മലിനീകരണ വിഭാഗങ്ങളിലെ കർശന മാനദണ്ഡങ്ങളും വാഹന വില ഉയരാൻ ഇടയാക്കിയെന്ന നിർമാതാക്കളുടെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു ഗ‍ഡ്‌കരി. 

നിലവിൽ വിൽപ്പനയിലുള്ള എല്ലാ കാറുകളിലും മുന്നിൽ ഇരട്ട എയർബാഗ് ഘടിപ്പിക്കണമെന്ന് കഴിഞ്ഞ മാർച്ചിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഉത്തരവിട്ടത്. പിന്നാട് ‘കോവിഡ് 19’ മഹാമാരിയും കൊറോണ വൈറസ് വ്യാപനവും പരിഗണിച്ച്  കഴിഞ്ഞ ജൂണിൽ ഈ വ്യവസ്ഥ പാലിക്കാനുള്ള സമയപരിധി 2021 ഡിസംബർ 31 വരെ മന്ത്രാലയം ദീർഘിപ്പിക്കുകയും ചെയ്തു.  പുതിയ മോഡലുകൾക്ക് 2021 ഏപ്രിൽ ഒന്നു മുതൽ തന്നെ ഇരട്ട എയർബാഗ് നിർബന്ധമാണ്. അതേസമയം, മുമ്പേ വിൽപ്പനയിലുള്ള മോഡലുകൾക്ക് ഡ്രൈവർക്കു മാത്രമാണ് എയർബാഗ് നിർബന്ധമായിരുന്നത്. 

English Summary: Why only 2-3 airbags? Nitin Gadkari has a concern for middle-class car owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com