ADVERTISEMENT

ഇക്കൊല്ലം ഇന്ത്യയിലെ  വാഹന വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് ബ്രാൻഡായ എം ജി മോട്ടോർ. 2021ൽ ഇന്ത്യൻ വാഹന വിപണി കൈവരിക്കുന്നതിലും മികച്ച വിൽപന വളർച്ചയാണ് എം ജി മോട്ടോറിന്റെ ലക്ഷ്യം. 2022ലാവട്ടെ ഈ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വിൽപന നേടാനാവുമെന്നും കമ്പനി കണക്കു കൂട്ടുന്നു.

വിപണി സാഹചര്യം പ്രതികൂലമെങ്കിലും ഇക്കൊല്ലം അരലക്ഷം യൂണിറ്റ് വിൽപനയാണ് എം ജി മോട്ടോറിന്റെ ലക്ഷ്യം. അടുത്ത വർഷമാവട്ടെ വിൽപ്പന 80,000 - 1,00,000 യൂണിറ്റ് നിലവാരത്തിലേക്ക് ഉയർത്താനാവുമെന്നും കമ്പനി പ്രത്യാശിക്കുന്നു. 2020ൽ  1.2% വിപണി വിഹിതത്തോടെ 28,162 യൂണിറ്റായിരുന്നു എം ജി മോട്ടോർ ഇന്ത്യയുടെ വിൽപന. കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച എസ്‌യുവിയായ ആസ്റ്ററിലാണ് എം ജി മോട്ടോർ ഇന്ത്യയുടെ പ്രതീക്ഷയത്രയും. ഇന്ത്യൻ വിപണിയിലെ വിൽപന വളർച്ചയ്ക്ക് ആസ്റ്ററിന്റെ വരവ് കരുത്തേകുമെന്നാണു കമ്പനിയുടെ വിശ്വാസം.

അതേസമയം ആഗോളതലത്തിൽ തന്നെ വാഹന നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയ സിലിക്കൺ(സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം എം ജി മോട്ടോർ ഇന്ത്യയ്ക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. ചിപ് സഹിതമുള്ള യന്ത്രഘടകങ്ങളുടെ ലഭ്യതയെക്കുറിച്ച് തികഞ്ഞ അവ്യക്തതയാണെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റ് രാജീവ് ഛാബ സ്ഥിരീകരിക്കുന്നു. അതേസമയം, ആസ്റ്റർ വിൽപനയിൽ കമ്പനി പ്രതീക്ഷിക്കുന്ന ലക്ഷ്യങ്ങൾ വെളിപ്പെടുത്താൻ ഛാബ തയാറായില്ല. നിലവിലെ വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കുമിടയിൽ അ ത്തരം വെളിപ്പെടുത്തലുകൾ ന്യായമല്ലെന്നാണ് ഛാബയുടെ പക്ഷം. 

എന്നാൽ എല്ലാ മോഡലുകളുടെയും ഉൽപ്പാദനത്തിന് സെമികണ്ടക്ടർ ചിപ് ക്ഷാമം തിരിച്ചിടിയാവുന്നുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു. ചിപ് ലഭ്യത സ്ഥിരത കൈവരിക്കുന്നതോടെ പ്രതിമാസം 7,000 – 8,000 യൂണിറ്റ് ഉൽപ്പാദനം കൈവരിക്കാനാവുമെന്ന് ഛാബ കരുതുന്നു.  സെമികണ്ടക്ടർ ചിപ് ക്ഷാമം മൂലം ശാലയുടെ സ്ഥാപിത ശേഷിയുടെ 60 – 70% ഉൽപ്പാദനം മാത്രമാണ് നിലവിൽ എം ജി മോട്ടോറിന് സാധ്യമാവുന്നത്. അടുത്ത വർഷം  ആദ്യ പാദത്തോടെ ചിപ് ലഭ്യത മെച്ചപ്പെടുമെങ്കിലും സ്ഥിതിഗതികൾ പൂർണമായും സ്ഥിരതയാർജിക്കാൻ ഒരു വർഷമെടുക്കുമെന്നാണു ഛാബയുടെ വിലയിരുത്തൽ.

കോവിഡ് 19 മഹാമാരിയും കൊറോണവൈറസ് വ്യാപനവുമൊക്കെ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും ഗുജറാത്തിലെ ഹാലോളിലുള്ള ശാലയുടെ വികസനപദ്ധതിയുമായി മുന്നോട്ടു പോകാനാണ് എം ജി മോട്ടോറിന്റെ നീക്കം. സാഹചര്യം തീർത്തും പ്രതികൂലമായിട്ടും കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെ വിൽപന കണക്കെടുപ്പിൽ ഫോക്സ്വാഗനെയും സ്കോഡയെയും നിസ്സാനെയും ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിനെയുമൊക്കെ പിന്തള്ളാൻ സാധിച്ചതും എം ജിക്ക് ആത്മവിശ്വാസം പകരുന്നു. 

English Summary: MG Betting Big On Astor SUV; Expects To Double Its Volumes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com