ADVERTISEMENT

രാജ്യത്ത് വൈദ്യുത വാഹന(ഇവി)ങ്ങളുടെ പ്രചാരം വർധിപ്പിക്കാനായി മൂന്നു വർഷത്തിനിടെ 5000 ബാറ്റരി ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പൊതുമേഖല എണ്ണ വിപണന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡി(എച്ച് പി സി എൽ)നു പദ്ധതി. വൈദ്യുത വാഹന ബാറ്ററി ചാർജിങ് വിഭാഗത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണു കമ്പനിയുടെ ഈ നീക്കം. പുതിയ കേന്ദ്രങ്ങൾ മിക്കതും ഇപ്പോഴുള്ള പെട്രോൾ പമ്പുകളിൽ തന്നെയാവും സ്ഥാപിക്കുകയെന്നും എച്ച് പി സി എൽ സൂചിപ്പിച്ചു. 

ഭാവിയിലെ പരിവർത്തനങ്ങൾക്കായി തയാറെടുക്കുകയാണ് എച്ച് പി സിഎല്ലെന്നു കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം കെ സുരാന വ്യക്തമാക്കി. രാസവസ്തുക്കളും ജൈവ ഇന്ധനവും വൈദ്യുത വാഹനവും ഹൈഡ്രജനുമൊക്കെയാവും ഭാവിയിലെ വളർച്ചാ സാധ്യതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  വൈദ്യുത വാഹനങ്ങൾ പ്രചാരത്തിലെത്താൻ സമയമെടുത്തേക്കാം. എന്നാൽ ഇ വികൾ വ്യാപകമാവുന്ന കാലത്തിനു മുമ്പുതന്നെ ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കി തയാറെടുക്കാനാണ് എച്ച് പി സി എല്ലിന്റെ പദ്ധതി. 

അതേസമയം, വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കാനുള്ള തീരുമാനം ഇന്ധനങ്ങൾക്കുള്ള ആവശ്യം ഇടിയുമെന്നതിന്റൈ സ്ഥിരീകരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സുരാന വ്യക്തമാക്കി. വാഹന ഉടമകൾക്ക് ആവശ്യമായ ഊർജ സ്രോതസുകളെല്ലാം കമ്പനി ഔട്ട്ലെറ്റിൽ ലഭ്യമാക്കാനാണു ശ്രമം. ആരെങ്കിലും വൈദ്യുത വാഹന ബാറ്ററി ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള സൗകര്യവും എച്ച് പി സി എൽ പമ്പുകളിൽ ലഭ്യമാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

രാജ്യവ്യാപകമായി 19,000 പെട്രോൾ പമ്പുകളാണ് എച്ച് പി സിഎല്ലിനുള്ളത്; കൂടാതെ ദശാബ്ദങ്ങളടെ പ്രവർത്തന പരിചയും ദൃഢമായ ബ്രാൻഡ് ലോയൽറ്റിയും കമ്പനിക്കുണ്ട്. ഈ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി വൈദ്യുത വാഹന ചാർജിങ് മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണ് എച്ച് പി സി എല്ലിന്റെ നീക്കം. ഇതിനകം തന്നെ 85 പെട്രോൾ പമ്പുകളിൽ എച്ച് പി സി എൽ വൈദ്യുത വാഹന ബാറ്ററി ചാർജിങ് സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. 

തുടക്കത്തിൽ പ്രധാന നഗരങ്ങളിലും വൈദ്യുത വാഹനങ്ങൾ കൂടുതലുള്ള മേഖലകളിലും ഇ വി ചാർജിങ് കേന്ദ്രം സ്ഥാപിക്കാനാണ് എച്ച് പി സി എല്ലിന്റെ പദ്ധതി. ഡൽഹി — ചണ്ഡീഗഢ്, മുംബൈ — പുണെ തുടങ്ങിയ ഇ വി സാന്ദ്രതയേറിയ മേഖലകൾക്കാവും ആദ്യ പരിഗണന. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചു കൂടുതൽ അവബോധമുള്ളതും സർക്കാർ തലത്തിൽ പിന്തുണ ലഭിക്കുന്നതുമായ മേഖലകളിലാവും കമ്പനി ഇ വി ചാർജിങ് കേന്ദ്രം സ്ഥാപിക്കുകയെന്നു സുരാന വെളിപ്പെടുത്തി. 

English Summary: HPCL to build 5,000 EV charging stations in 3 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com