ADVERTISEMENT

കമ്പനി നിർമിച്ച വൈദ്യുത വാഹന(ഇ വി)ങ്ങളുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടതായി ടാറ്റ മോട്ടോഴ്സ്. ടാക്സി/കോർപറേറ്റ് വിഭാഗങ്ങൾ ഉൾപ്പെട്ട ഫ്ലീറ്റ് മേഖലയ്ക്കായി ‘ടിഗൊർ ഇ വി’ അവതരിപ്പിച്ചായിരുന്നു ടാറ്റ ഈ വിപണിയിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ വ്യക്തിഗത ഉപയോഗം ലക്ഷ്യമിട്ട് കമ്പനി നെക്സൻ ഇവിയും പുറത്തിറക്കി. വിപണി സാഹചര്യം തികച്ചും പ്രതികൂലമായിട്ടും പരിമിത കാലത്തിനുള്ളിൽ വൈദ്യുത വാഹന വിൽപന 10,000 യൂണിറ്റിലെത്തിച്ച് ഉജ്വല നേട്ടമാണു കമ്പനി കൈവരിച്ചതെന്നും ടാറ്റ മോട്ടോഴ്സ് കരുതുന്നു. നിലവിൽ വൈദ്യുത വാഹന വിപണിയിൽ 70% വിഹിതമാണു ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്; ഓഗസ്റ്റിലാവട്ടെ 1,000 ഇ വി വിൽക്കാനും കമ്പനിക്കു സാധിച്ചു. 

പ്രകടനക്ഷമത മെച്ചപ്പെടുത്താനായി സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് നെക്സൻ ഇവിയുടെ വരവ്. ഫ്ലീറ്റ് വിഭാഗത്തിനുള്ള ടിഗൊർ ഇവിയുടെ തുടർച്ചയെന്ന നിലയിൽ വ്യക്തിഗത ഉപയോക്താക്കൾക്കായി  സിപ്ട്രോൺ സാങ്കേതികവിദ്യ സഹിതം 2021 ടിഗൊർ ഇവിയും ടാറ്റ മോട്ടോഴ്സ് അടുത്തയിടെ പുറത്തിറക്കി. ഒറ്റ ചാർജിൽ 312 കിലോമീറ്റർ സഞ്ചാര പരിധി(റേഞ്ച്) വാഗ്ദാനം ചെയ്യുന്ന 30.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന നെക്സൻ ഇവി ശ്രേണിക്കു വില 14 ലക്ഷം രൂപ മുതലാണ്. 127 ബി എച്ച് പിയോളം കരുത്തും 245 എൻ എം ടോർക്കുമാണു കാറിലെ വൈദ്യുത പവർ ട്രെയ്ൻ സൃഷ്ടിക്കുക. ടിഗൊർ ഇവിലുള്ളത് 26 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ്; 306 കിലോമീറ്ററാണു 12 ലക്ഷം രൂപ മുതൽ ഷോറൂം വിലയുള്ള കാറിനു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 74 ബി എച്ച് പി കരുത്തും 170 എൻ എം ടോർക്കുമാണു കാറിലെ ബാറ്ററി പായ്ക്ക് സൃഷ്ടിക്കുക. 

പുതിയ സാങ്കേതികവിദ്യകളെ ആദ്യം തന്നെ സ്വാഗതം ചെയ്യുന്നവരുടെ പിൻബലത്തിലാണു വൈദ്യുത വാഹന വിൽപ്പനയിൽ 10,000 യൂണിറ്റ് നേട്ടം സ്വന്തമാക്കിയതെന്ന് കമ്പനി വിശദീകരിച്ചു. ഭാവിക്കായി പ്രായോഗികമായ റോഡ് മാപ് തയാറാക്കിയിട്ടുണ്ടെന്നും വൈദ്യുത വാഹനങ്ങളെ മുഖ്യധാരയിലെത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. കമ്പനി അവതരിപ്പിച്ച പുതുമ നിറഞ്ഞ വൈദ്യുത വാഹന ശ്രേണിക്ക് ഉപയോക്താക്കളിൽ നേടാനായ സ്വീകാര്യതയ്ക്കുള്ള തെളിവാണ് വിൽപ്പനയിലെ 10,000 യൂണിറ്റ് നേട്ടമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈശേഷ് ചന്ദ്ര വിലയിരുത്തി. ആദ്യ ഇ വികൾ സ്വന്തമാക്കാനെത്തിയവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചതിൽ കമ്പനിക്ക് അഭിമാനമുണ്ട്. ഈ തുടക്കക്കാർ നേടിത്തന്ന അടിത്തറയുടെ പിൻബലത്തിലാണു കൂടുതൽ പുതിയ ഉപയോക്താക്കൾ വൈദ്യുത വാഹനങ്ങൾ വാങ്ങാൻ എത്തിയതെന്നും ചന്ദ്ര അഭിപ്രായപ്പെട്ടു. 

മാലിന്യ വിമുക്തമായ സഞ്ചാരസൗകര്യത്തിലേക്കുള്ള പരിവർത്തനത്തിനായി ടാറ്റ പവർ, ടാറ്റ കെമിക്കൽസ്, ടാറ്റ ഓട്ടോകോംപ്, ടാറ്റ മോട്ടോഴ്സ് ഫിനാൻസ്, ക്രോമ തുടങ്ങിയ ഗ്രൂപ് കമ്പനികളുടെ സഹകരണത്തോടെ ടാറ്റ യൂണി ഇവേഴ്സ് എന്ന ഇ മൊബിലിറ്റി വ്യവസ്ഥയും ടാറ്റ മോട്ടോഴ്സ് ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തെ 120 നഗരങ്ങളിലായി എഴുനൂറിലേറെ ചാർജിങ് കേന്ദ്രങ്ങളാണു ടാറ്റ പവർ ഇതിനോടകം സജ്ജമാക്കിയത്.

English Summary: Tata Motors Celebrates 10,000 EV Customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com