ADVERTISEMENT

വൈദ്യുത വാഹന(ഇ വി) നിർമാണത്തിനായി ടാറ്റ മോട്ടോഴ്സ് ആരംഭിച്ച ഉപസ്ഥാപനത്തിൽ മൂലധനനിക്ഷേപം നടത്തുമെന്ന് ടി പി ജി റൈസ് ക്ലൈമറ്റും സഹ നിക്ഷേപകരായ എ ഡിക്യുവും പ്രഖ്യാപിച്ചു. കംപൽസറി കൺവെർട്ട്ബ്ൾ ഇൻസ്ട്രമെന്റ് മാർഗത്തിൽ 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഇരുകമ്പനികളും ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത വാഹന നിർമാണ വിഭാഗത്തിൽ നടത്തുക; ഇതുവഴി കമ്പനിയുടെ 11 മുതൽ 15% വരെ ഓഹരിയാണു നിക്ഷേപകർക്കു ലഭിക്കുക.

നിക്ഷേപത്തിന്റെ ആദ്യ ഗഡു മാർച്ച് 22നകം ലഭിക്കുമെന്നാണു പ്രതീക്ഷ; 2022 അവസാനത്തോടെ മൂലധന നിക്ഷേപം പൂർണമായും കൈമാറും. നിക്ഷേപത്തുക പരിഗണിക്കുമ്പോൾ ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത വാഹന വിഭാഗത്തിന്റെ ഓഹരി മൂല്യം 910 കോടി ഡോളർ(ഏകദേശം 68,660 കോടി രൂപ) വരുമെന്നാണു കണക്ക്.ടാറ്റ മോട്ടോഴ്സിന്റെ നിക്ഷേപങ്ങളും ക്ഷമതയും പൂർണതോതിൽ പ്രയോജനപ്പെടുത്തിയാവും ഇ വി നിർമാണ വിഭാഗത്തിന്റെ പ്രവർത്തനം. ഒപ്പം ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾ(ബി ഇ വി)ക്കും ബി ഇ വി പ്ലാറ്റ്ഫോമുകൾക്കും ബാറ്ററിയിലടക്കം അത്യാധുനിക സാങ്കേതികവിദ്യകൾക്കും ബാറ്ററി ചാർജിങ് രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമൊക്കെ കമ്പനിക്കു ലഭിക്കുന്ന നിക്ഷേപം വിനിയോഗിക്കും.

വരുന്ന അഞ്ചു വർഷത്തിനകം 10 വൈദ്യുത വാഹന മോഡലുകൾ സാക്ഷാത്കരിക്കാനാണു പുതിയ കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റ മോട്ടോഴ്സിന്റെ സഹകരണത്തോടെ വൈദ്യുത വാഹന ചാർജിങ് മേഖലയിൽ വിപ്ലവകരമായ പരിവർത്തനം കൈവരിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

വിപണിയെ തന്നെ ഉടച്ചു വാർക്കുന്ന വിധത്തിലുള്ള വൈദ്യുത വാഹന വ്യവസായം സാധ്യമാക്കാനുള്ള ഉദ്യമത്തിൽ ടി പി ജി റൈസ് ക്ലൈമറ്റ് പങ്കാളിയാവുന്നതിൽ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ഉപയോക്താക്കളെ ആകർഷിക്കാൻ പോന്ന ഉൽപന്നങ്ങളിൽ കമ്പനി തുടർന്നും നിക്ഷേപം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 2030നകം രാജ്യത്തെ വൈദ്യുത വാഹന വ്യാപനം 30 ശതമാനത്തിലെത്തിക്കുകയെന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കമ്പനി മികച്ച പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Tata Motors secures Rs 7,500 crore investment for new EV subsidiary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com