ADVERTISEMENT

യാത്രാവിമാനമായ എയര്‍ബസ് എ340 ചരിത്രത്തിലാദ്യമായി അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ വിജയകരമായി ഇറക്കി. വ്യോമയാന കമ്പനിയായ ഹൈ ഫ്‌ളൈയാണ് ജീവനക്കാരടക്കം വാടകക്കെടുത്ത എയര്‍ബസ് എ340 അന്റാര്‍ട്ടിക്കയില്‍ വിജയകരമായി ഇറക്കിയത്. വോള്‍ഫ്‌സ് ഫാങ് എന്ന് പേരുള്ള സാഹസിക വിനോദസഞ്ചാര ക്യാംപിലേക്ക് വേണ്ട അവശ്യ സാധനങ്ങളുമായിട്ടായിരുന്നു എ340 എത്തിയത്. അന്റാര്‍ട്ടിക്കയിലെ മുന്‍നിര ടൂറിസം കമ്പനിയായ വൈറ്റ് ഡെസര്‍ട്ടിന്റെ പുതിയ പദ്ധതിയാണ് വോള്‍ഫ്‌സ് ഫാങ്.

 

airbus-landing-antarctica-1

ദൗത്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഹൈ ഫ്‌ളൈയുടെ വൈസ് പ്രസിഡന്റ് കാര്‍ലോസ് മിപുരിയാണ് എ340യുടെ ക്യാപ്റ്റനായി അന്റാര്‍ട്ടിക്കയിലേക്കും തിരിച്ചും വിമാനം പറത്തിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്നു നവംബര്‍ രണ്ടിനായിരുന്നു ചരിത്ര പറക്കല്‍ ആരംഭിച്ചത്. ഏകദേശം അഞ്ചര മണിക്കൂറിന് ശേഷം അന്റാര്‍ട്ടിക്കയില്‍ വിജയകരമായി എ340 ഇറങ്ങുകയും ചെയ്തു. വെളുത്ത ഭൂഖണ്ഡത്തില്‍ മൂന്നു മണിക്കൂര്‍ മാത്രമാണ് എ 340 വിമാനവും ജീവനക്കാരും തങ്ങിയത്. പിന്നീട് കേപ്ടൗണിലേക്ക് തന്നെ തിരിച്ച് പറക്കുകയും ചെയ്തു.

airbus-landing-antarctica-3

 

airbus-landing-antarctica-2

സാങ്കേതികമായി വിമാനത്താവളമല്ലെങ്കിലും സി ലെവല്‍ വിമാനത്താവളത്തിന് വേണ്ട സൗകര്യം വോള്‍ഫ്‌സ് ഫാങിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ഒരുക്കിയിരുന്നു. കാലാവസ്ഥ ഒരുക്കുന്ന നിരവധി വെല്ലുവിളികള്‍ മറികടക്കേണ്ടതിനാല്‍ പരിചയസമ്പന്നരെയാണ് ആദ്യ യാത്രാ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എത്രത്തോളം തണുപ്പ് കൂടുതലുണ്ടോ അത്രത്തോളം വിമാനം ഇറങ്ങുന്നതിന് അനുയോജ്യമായ സാഹചര്യമാണെന്നാണ് ക്യാപ്റ്റന്‍ മിപുരി പറഞ്ഞത്. പ്രത്യേകം ഉപകരണങ്ങളുപയോഗിച്ച് മൂവായിരം മീറ്റര്‍ നീളത്തില്‍ മഞ്ഞുപാളി ചെത്തിയെടുത്താണ് റണ്‍വേ സജ്ജമാക്കിയത്. എ 340 പോലെ 290 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വന്‍ വിമാനത്തിനും ഇറങ്ങാന്‍ ഈ റണ്‍വേ ധാരാളമായിരുന്നു.

 

നീല നിറമുള്ള മഞ്ഞു പാളികളുടെ കാഴ്ച സുന്ദരമാണെങ്കിലും പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം സുന്ദരമായ അപകടസാധ്യതയാണ്. ഈ മഞ്ഞു പാളികളില്‍ നിന്നുള്ള പ്രകാശത്തിന്റെ പ്രതിഫലനം പ്രത്യേകം നിര്‍മിച്ച കണ്ണടകളുടെ സഹായത്തിലാണ് മറികടക്കാന്‍ സാധിച്ചതെന്ന് ക്യാപ്റ്റന്‍ മിപുരി പറയുന്നു. വിമാനം ഇറങ്ങുന്ന സമയത്ത് പ്രത്യേകിച്ചും സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും അയക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ കൈമാറുന്നതിനുമെല്ലാം രണ്ടാമത്തെ പൈലറ്റിന്റെ സേവനങ്ങളും നിര്‍ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

 

1928ലാണ് ആദ്യമായി അന്റാര്‍ട്ടിക്കയില്‍ ഒരു വിമാനം ഇറങ്ങുന്നത്. ആസ്‌ട്രേലിയന്‍ സൈനിക പൈലറ്റും പര്യവേഷകനുമായ ജോര്‍ജി ഹുബെര്‍ട്ട് വില്‍ക്കിന്‍സ് പറത്തിയ ലോക്ക്ഹീഡ് വേഗ 1 ആയിരുന്നു അന്റാര്‍ട്ടികയില്‍ ആദ്യമായിറങ്ങിയത്. അന്നത്തെ കാലത്തെ അമേരിക്കന്‍ പ്രസാധക ഭീമനായിരുന്ന വില്യം റാന്‍ഡോള്‍ഫ് ഹേസ്റ്റായിരുന്നു ആ യാത്രക്ക് വേണ്ട ചിലവുകള്‍ വഹിച്ചത്. പിന്നീട് അന്റാര്‍ട്ടിക്കയുടെ ഭൂമിശാസ്ത്രം മനസിലാക്കുന്നതിനും ഭൂപട നിർമാണത്തിനുമെല്ലാം സഹായിക്കുന്ന നിരവധി വിമാനയാത്രകള്‍ അന്റാര്‍ട്ടിക്കയില്‍ സംഭവിച്ചു. ഇന്നുവരെ ഒരു ഔദ്യോഗിക വിമാനത്താവളം പോലും ഇല്ലാത്ത ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അതേസമയം 50ഓളം വിമാനങ്ങള്‍ ഇറങ്ങാനുള്ള റണ്‍വേകള്‍ അന്റാര്‍ട്ടിക്കയിലുണ്ട് താനും. എങ്കിലും ഇപ്പോഴും അന്റാര്‍ട്ടിക്കയിലെത്തുന്ന ഭൂരിഭാഗം പേരും കപ്പല്‍മാര്‍ഗ്ഗമാണ് വെളുത്തഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കുന്നത്.

 

English Summary: Airbus A340 plane lands on Antarctica for First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com