മാഗ്‌നൈറ്റ് ലോട്ടറി അടിച്ച് നിസാൻ, ഒരു വർഷം വിറ്റത് 30000 യൂണിറ്റ്

Mail This Article
ജാപ്പനീസ് നിർമാതാക്കളായ നിസ്സാനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ തുടരാനുള്ള ‘ലൈഫ് ലൈൻ’ നേടിക്കൊടുത്തിരിക്കുകയാണു പുതിയ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മാഗ്‌നൈറ്റ്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനായിരുന്നു മാഗ്‌നൈറ്റിന്റെ അരങ്ങേറ്റം. ആദ്യ വാർഷികത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ മുപ്പതിനായിരത്തിലേറെ മാഗ്‌നൈറ്റ് ആണു നിസ്സാൻ ഇതിനോടകം നിർമിച്ചു നൽകിയത്.
ഇന്ത്യയിൽ സബ് കോംപാക്ട് എസ് യു വി വിഭാഗത്തിലെ കടുത്ത മത്സരത്തെയും കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയും സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തെയും സാമ്പത്തിക മേഖലയിലെ തിരിച്ചടികളെയും ഇനിയും പരിഹരിക്കപ്പെടാതെ തുടരുന്ന സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമവുമൊക്കെ അതിജീവിച്ചാണ് ഈ നേട്ടം കൊയ്തത് എന്നതു നിസ്സാനും ‘ മാഗ്‌നൈറ്റി’നും കൂടുതൽ തിളക്കം പകരുന്നു.
മാഗ്‌നൈറ്റിന് ഇതുവരെ എഴുപത്തി രണ്ടായിരത്തിലേറെ ബുക്കിങ് ലഭിച്ചെന്നാണു നിസ്സാന്റെ വെളിപ്പെടുത്തൽ; ഇതിൽ 30,000 ഉടമസ്ഥർക്കു വാഹനം കൈമാറി.. ഗുരുഗ്രാമിലെ ഡീലർഷിപ്പിൽ നടന്ന ചടങ്ങിലായിരുന്നു 30,000—ാമത് ‘ മാഗ്‌നൈറ്റി’ന്റെ കൈമാറ്റം. എന്തായാലും പരിമിതകാലത്തിനിടെ തകർപ്പൻ വിജയം കൊയ്ത ‘ മാഗ്‌നൈറ്റ്’ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിർണായക മോഡലായി മാറുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു.
തുടക്കത്തിൽ വിലയിലെ ആകർഷണമായിരുന്നു ‘ മാഗ്‌നൈറ്റി’നെ ശ്രദ്ധേയമാക്കിയത്; ഈ മോഡൽ വിജയിക്കേണ്ടതിന്റെ അനിവാര്യത മുൻനിർത്തിയാവാം അടിസ്ഥാന വകഭേദത്തിന് അഞ്ചു ലക്ഷം രൂപയിൽ താഴെയായിരുന്നു നിസ്സാൻ നിശ്ചയിച്ച വില. എന്നാൽ തുടർന്നിങ്ങോട്ട് ‘ മാഗ്‌നൈറ്റി’ന്റെ വില നിസ്സാൻ പരിഷ്കരിച്ചിരുന്നെങ്കിലും സ്വീകാര്യതയെ ബാധിച്ചില്ലെന്നാണു കണക്കുകൾ നൽകുന്ന സൂചന.
രണ്ടു പെട്രോൾ എൻജിൻ സാധ്യതകളോടെയാണു ‘ മാഗ്‌നൈറ്റി’ന്റെ വരവ്; ഡീസൽ എൻജിനോടെ വാഹനം ലഭ്യമല്ല. കാറിലെ ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 97 ബി എച്ച് പിയോളം കരുത്തും 160 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം, നാച്ചുറലി ആസ്പിറേറ്റഡ് ഒരു ലീറ്റർ എൻജിൻ സൃഷ്ടിക്കുക 71 ബി എച്ച് പി വരെ കരുത്തും 96 എൻ എമ്മോളം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകൾക്കും കൂട്ട്; അതേസമയം ടർബോ എൻജിനൊപ്പം എക്സ് — ട്രോണിക് സി വി ടി ഗീയർബോക്സും ലഭ്യമാണ്.
അഞ്ചു നിറങ്ങളിലും മൂന്ന് ഇരട്ട വർണ സങ്കലനങ്ങളിലുമാണു ‘ മാഗ്‌നൈറ്റ്’ വിൽപ്പനയ്ക്കുള്ളത്. ടർബോ എൻജിൻ - മാനുവൽ ട്രാൻസ്മിഷൻ സഖ്യത്തിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്; ഇതേ എൻജിനൊപ്പം സി വി ടി ഗീയർബോക്സ് എത്തുന്നതോടെ ഇന്ധനക്ഷമത 17.7 കിലോമീറ്ററാവും.
മൊത്തം 20 ഗ്രേഡുകളിലായി മുപ്പത്തി ആറോളം സങ്കലനങ്ങളിൽ ലഭ്യമാവുന്ന ‘ മാഗ്‌നൈറ്റി’ന്റെ മത്സരം മാരുതി സുസുക്കി വിറ്റാര ബ്രേസ, ഹ്യുണ്ടേയ് വെന്യു, ടാറ്റ നെക്സൻ, കിയ ‘സൊണെറ്റ്’ തുടങ്ങിയവയോടാണ്. പോരെങ്കിൽ നിസ്സാന്റെ പങ്കാളിയും ഫ്രഞ്ച് നിർമാതാക്കളുമായ റെനോയുടെ സബ് കോംപാക്ട് എസ് യു വിയായ കൈഗറും ഇന്ത്യയിൽ മാഗ്‌നൈറ്റിനോട് മത്സരിക്കാനുണ്ട്. ആഭ്യന്തര വിപണിക്കു പുറമെ നേപ്പാളിലും ദക്ഷിണ ആഫ്രിക്കയിലും ഇന്തൊനീഷയിലുമൊക്കെ ഇന്ത്യൻ നിർമിത ‘ മാഗ്‌നൈറ്റ്’ വിൽപ്പനയ്ക്കുണ്ട്. വില കൊടുത്തു വാഹനം വാങ്ങുന്ന പരമ്പരാഗത രീതിക്കു പകരം മാസം തോറും വാഹനവാടക ഈടാക്കുന്ന സബ്സ്ക്രിപ്ഷൻ വ്യവസ്ഥയിലും നിസ്സാൻ ‘ മാഗ്‌നൈറ്റ്’ ലഭ്യമാക്കുന്നുണ്ട്.
English Summary: Nissan Magnite Sales Cross 30,000 Units; 72,000 Bookings Secured