ഡൽഹിയിലെ പെട്രോൾ, ഡീസൽ വാഹന വിലക്ക്: സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കി

air-pollution
Representative Image
SHARE

പെട്രോൾ, ഡീസൽ എൻജിനുള്ള വാഹനങ്ങൾക്കു രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ വിലക്ക് സ്വകാര്യ വാഹനങ്ങൾക്കു ബാധകമാവില്ല. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടാവില്ലെന്നു ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ട്വിറ്ററിൽ വ്യക്തമാക്കി. എന്നാൽ അവശ്യവസ്തുക്കൾ ഒഴികെയുള്ള സാധനങ്ങളുമായി വരുന്ന ട്രക്കുകൾക്ക് നിയന്ത്രണം ബാധകമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരാവസ്ഥ മുൻനിർത്തി ഇന്ന് (27) മുതൽ ഡിസംബർ മൂന്നു വരെ ഡീസലിലും പെട്രോളിലും ഓടുന്ന വാഹനങ്ങൾക്കു രാജ്യതലസ്ഥാനത്തേക്കു പ്രവേശനം നിഷേധിക്കാനാണു  സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

സമ്മർദിത പ്രകൃതി വാതകം (സി എൻ ജി) ഇന്ധനമാക്കുന്ന വാഹനങ്ങൾക്കും വൈദ്യുത വാഹന(ഇ വി)ങ്ങൾക്കും മാത്രമാവും ഇക്കാലയളവിൽ ഡൽഹിയിലേക്കു പ്രവേശനമെന്നു 

സംസ്ഥാന പരിസ്ഥിതി മന്ത്രി  ഗോപാൽ റായ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അത്യാവശ്യ സേവന വിഭാഗത്തിൽപെടുന്ന വാഹനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം ബാധകമാണോ എന്ന് ഗോപാൽ റായ് വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടർന്നാണു ഡൽഹിയിൽ പ്രഖ്യാപിച്ച നിയന്ത്രണം സ്വകാര്യ വാഹനങ്ങളെ ബാധിക്കില്ലെന്നു ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തത്. 

ഈ വർഷത്തെ ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ അന്തരീക്ഷ വായുവിന്രെ ഗുണനിലവാരം വിലയിരുത്തുന്ന സൂചിക (അഥവാ എ ക്യു ഐ) ‘വളരെ മോശം’/‘ഗുരുതരം’ ആയി  തുടരുകയാണ്. കാറ്റിന്റെ ദിശമാറ്റവും സംസ്ഥാനാതിർത്തിയിൽ കൃഷിവിളകളുടെ അവശിഷ്ടം കത്തിക്കുന്നതും ദീപാവലിക്കു പടക്കം പൊട്ടിച്ചതുമൊക്കെ ചേർന്നാണു ഡൽഹിയിലെ അന്തരീക്ഷം മലീമസമാക്കിയത്. 

എ ക്യു ഐ പൂജ്യത്തിനും അൻപതിനും ഇടയിലാണെങ്കിലാണ് അന്തരീക്ഷ വായു ‘നല്ലത്’ എന്നു വിലയിരുത്തുക. സൂചിക 51 മുതൽ 100 വരെ തൃപ്തികരവും 101 മുതൽ 200 വരെ ഇടത്തരവുമാണ്. 201 മുതൽ 300 വരെയായാൽ മോശം എന്നും 301 മുതൽ 400 വരെ വളരെ മോശം എന്നും 401 മുതൽ 500 വരെ ഗുരുതരം എന്നും പരിഗണിക്കപ്പെടുന്നു. മുൻദിവസങ്ങളിൽ ഡൽഹി നഗരത്തിലെ എ ക്യു ഐ 280 ആയിരുന്നെന്നാണ് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ചി(സഫർ)ന്റെ കണക്ക്. 

English Summary: No ban on private vehicle entry to Delhi, clarifies Kailash Gahlot

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS