ഒറ്റ ചാർജിൽ 529 കി.മീ, ഹമ്മർ ഇവി നിർമാണത്തിനു തുടക്കം; വില 84.50 ലക്ഷം രൂപ

The GMC HUMMER EV SUV completes the HUMMER EV family and features a 126.7-inch wheelbase for tight proportions and a maneuverable body, providing remarkable on- and off-road capability.
Hummer EV
SHARE

യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം സി)ന്റെ ഐതിഹാസിക മോഡലായ ‘ഹമ്മറി’ന്റെ വൈദ്യുത വാഹന പതിപ്പ് ഉൽപ്പാദനത്തിനു തുടക്കമായി. ഹമ്മർ ഇ വി എഡീഷൻ വൺ എന്ന പുത്തൻ പിക് അപ് ട്രക്ക് ഒറ്റ ചാർജിൽ 529 കിലോമീറ്റർ ഓടുമെന്നാണു  ജി എമ്മിന്റെ വാഗ്ദാനം. ജി എമ്മിന്റെ സ്വന്തം ആവിഷ്കാരമായ യൂട്ടിലിയം ബാറ്ററി ആർക്കിടെക്ചറും ഈ വൈദ്യുത ‘ഹമ്മറി’ലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. 1,12,595 ഡോളർ(ഏകദേശം 84.50 ലക്ഷം രൂപ) വിലമതിക്കുന്ന ഈ അരങ്ങേറ്റ പതിപ്പിന് 590 കിലോഗ്രാം ഭാരം വഹിക്കാനും 3,402 കിലോഗ്രാം വരെ ഭാരം വലിക്കാനും പ്രാപ്തിയുണ്ടെന്നാണു ജി എമ്മിന്റെ അവകാശവാദം. 

വാഹന ഭാരം 4,103 കിലോഗ്രാം വരുന്നതിനാൽ ‘ജി എം സി ഹമ്മർ ഇ വി എഡീഷൻ വൺ’ ഹെവി ഡ്യൂട്ടി വെഹിക്കിൾ വിഭാഗത്തിലാണ് ഇടംപിടിക്കുന്നത്. വൈദ്യുത വാഹന പിക് അപ് ട്രക്ക് വിപണിയിൽ ഫോഡ് ‘എഫ് 150 ലൈറ്റ്നിങ്’, റിവിയന്റെ ‘ഇ പിക് അപ്’, ടെസ്ല ‘സൈബർ ട്രക്ക്’എന്നിവയോടാവും ‘ഹമ്മറി’ന്റെ പോരാട്ടം. വൈദ്യുതിയിൽ ഓടുന്ന പിക് അപ് ട്രക്ക് വിഭാഗത്തിലേക്കുള്ള ജി എം സിയുടെ പ്രാരംഭ മോഡലും ‘ഹമ്മർ ഇ വി എഡീഷൻ വൺ’ ആവുമെന്നാണു സൂചന.

വൈദ്യുത പിക് അപ്പായ ‘ഹമ്മർ ഇ വി എഡീഷൻ വണ്ണി’ന് ഇതിനോടകം തന്നെ ഒന്നേകാൽ ലക്ഷത്തിലേറെ ബുക്കിങ് ലഭിച്ചെന്നാണു ജി എമ്മിന്റെ വെളിപ്പെടുത്തൽ. അതേസമയം, പ്രതിവർഷം ഇത്തരത്തിലുള്ള എത്ര വാഹനം നിർമിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ജി എം വെളിപ്പെടുത്തിയിട്ടില്ല. ഇതിഹാസമാനങ്ങളുള്ള ‘ഹമ്മറി’ന്റെ രൂപകൽപ്പനാ സിദ്ധാന്തത്തിൽ നിന്നു പ്രചോദിതമാണു ‘ഹമ്മർ ഇ വി എഡീഷൻ വണ്ണി’ന്റെയും രൂപം; പേശീബലത്തിൽ വിട്ടുവീഴ്ച ചെയ്യാതെ  തന്നെ ഭാവിയെക്കൂടി ലക്ഷ്യമിട്ടാണ് ജി എം ഈ വൈദ്യുത പിക് അപ് സാക്ഷാത്കരിച്ചിരിക്കുന്നത്. 

മൂന്നു മോട്ടോറുള്ള വൈദ്യുത പവർ ട്രെയ്നാണ് ‘ഹമ്മർ ഇ വി എഡീഷൻ വണ്ണി’നു കരുത്തേകുന്നത്. നിശ്ചലാവസ്ഥയിൽ നിന്നും വെറും മൂന്നു സെക്കൻഡിൽ മണിക്കൂറിൽ 96 കിലോമീറ്റർ(60 മൈൽ) വേഗം കൈവരിക്കാൻ ഈ പിക് അപ്പിനാവുമെന്നാണു ജി എമ്മിന്റെ അവകാശവാദം. മലിനീകരണ വിമുക്ത വാഹന നിർമാണത്തിനായി ജി എം സ്ഥാപിച്ച ‘ഫാക്ടറി സീറോ’യുടെ ഉദ്ഘാടന ചടങ്ങിൽ യു എസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം ‘ഹമ്മർ ഇ വി’ ഓടിച്ചു നോക്കുകയും ചെയ്തിരുന്നു. ഇതോടെ ബാറ്ററിയിൽ ഓടുന്ന പിക് അപ് ട്രക്കിന് അരങ്ങേറ്റത്തിനും ഏറെ മുമ്പ് തന്നെ ജനശ്രദ്ധ ആകർഷിക്കുന്നതിലും വിജയിച്ചു. 

English Summary: GMC Hummer EV enters Production Line

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA