ADVERTISEMENT

സ്മാര്‍ട്ട്‌ഫോണുകളില്‍ തരംഗം സൃഷ്ടിച്ച ഷവോമി വൈദ്യുതി വാഹന മേഖലയിലേക്ക് കാലെടുത്തുവെക്കുന്നു. പ്രതിവര്‍ഷം മൂന്നു ലക്ഷം വാഹനങ്ങള്‍ നിർമിക്കുന്ന വാഹന ഫാക്ടറി ബീജിങ്ങില്‍ നിർമിക്കാനാണ് ചൈനീസ് കമ്പനിയുടെ പദ്ധതി. വൈദ്യുതി വാഹന ഫാക്ടറിയുടെ നിർമാണം രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് ഷവോമി അറിയിച്ചു. 

 

ബീജിങ്ങിലെ ഇക്കൊണോമിക് ആന്റ് ടെക്‌നോളജിക്കല്‍ ഡെവലപ്‌മെന്റ് സോണിലാണ് ഷവോമിയുടെ വൈദ്യുതി വാഹന നിർമാണ ഫാക്ടറി സ്ഥാപിക്കുക. ആസ്ഥാനത്തിന് പുറമേ സെയില്‍സ്, റിസര്‍ച്ച് ഓഫീസുകളും ഇവിടെ തന്നെയാകും ഉണ്ടാവുകയെന്നും ഷവോമി അറിയിക്കുന്നു. ചൈനീസ് സര്‍ക്കാറിന് കീഴിലുള്ള ധനകാര്യ വികസന ഏജന്‍സി ബീജിങ് ഇ ടൗണ്‍ അവരുടെ ഔദ്യോഗിക വിചാറ്റ് അക്കൗണ്ട് വഴിയാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

 

2024 ആകുമ്പോഴേക്കും ഷവോമിയുടെ വൈദ്യുതി വാഹന ഫാക്ടറി പൂര്‍ണ്ണ ഉത്പാദന ക്ഷമതയിലെത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നാണ് ബീജിങ് ഇ ടൗണ്‍ പറയുന്നത്. ഇതേ കാര്യം ഒക്ടോബറില്‍ തന്നെ തങ്ങളുടെ ലക്ഷ്യമായി ഷവോമിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ലെയ് ജുന്‍ അറിയിച്ചിരുന്നു. ഈ പദ്ധതിക്കുവേണ്ടി വലിയ തോതിലാണ് ഷവോമി പണം മുടക്കുന്നത്. വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വാഹന നിർമാണത്തിനായി ഏതാണ്ട് പത്തു ബില്യണ്‍ ഡോളര്‍(ഏകദേശം 75,000 കോടി രൂപ) മുടക്കാനാണ് ചൈനീസ് കമ്പനിയുടെ തീരുമാനം. 

 

ഇക്കഴിഞ്ഞ ആഗസ്തിലാണ് വൈദ്യുതി വാഹന നിർമാണ കമ്പനി ഷവോമി EV Inc യുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. മുന്നൂറിലേറെ ജീവനക്കാര്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും മേഖലയിലെ വിദഗ്ധരെ ഷവോമി കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഏതാണ്ട് രണ്ടായിരത്തിലേറെ സര്‍വേകളും പത്തിലേറെ വൈദ്യുതി വാഹന നിർമാണ കമ്പനികളുടെ ഫാക്ടറികളും സന്ദര്‍ശിച്ച ശേഷമാണ് ഷവോമി പുതിയ രംഗത്തേക്ക് കാലെടുത്തുവെക്കാന്‍ തീരുമാനിക്കുന്നത്. 77 മില്യണ്‍ ഡോളര്‍ മുടക്കി ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ സ്റ്റാര്‍ട്ട് അപ്പായ ഡീപ്പ് മോഷന്‍ ഷവോമി വാങ്ങിയിരുന്നു. 

 

ഈ വര്‍ഷം രണ്ടാം പാദത്തില്‍ സാംസങിന് പിന്നില്‍ ലോകത്തെ രണ്ടാമത്തെ വിറ്റുവരവുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഷവോമി. സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക് ഉപകരണ രംഗത്തെ മുന്‍ നിര കമ്പനികളിലൊന്നായ ഷവോമിക്ക് ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ വില്‍പന ശാലകളുണ്ട്. ഇതേ ഷോപ്പുകള്‍ വഴി വൈദ്യുതി വാഹനങ്ങളുടെ വിപണനവും സാധ്യമാക്കാനാണ് ഷവോമിയുടെ പദ്ധതിയെന്നും സൂചനയുണ്ട്. 

 

English Summary: Xiaomi to open car plant in Beijing with annual output of 300,000 vehicles - Beijing govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com