ADVERTISEMENT

പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായ ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് വരും മാസങ്ങളിൽ വിവിധ മോട്ടർ സൈക്കിളുകളുടെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുണ്ട്. അഡ്വഞ്ചർ ബൈക്കായ ‘ഹിമാലയ’ന്റെ ‘ബജറ്റ്’ പതിപ്പും സാധാരണ റോഡുകളിലെ ഉപയോഗത്തിന് യോജിച്ചതുമായ മോഡലാവും ചെന്നൈ ആസ്ഥാനമായറോയൽ എൻഫീൽഡ് അടുത്തതായി പുറത്തിറക്കുക. 

 

പുതിയ ബൈക്കിന്റെ പേര് സംബന്ധിച്ച് റോയൽ എൻഫീൽഡ് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എങ്കിലും അടുത്ത ഫെബ്രുവരിയിൽ അരങ്ങേറുമെന്നു കരുതുന്ന ബൈക്കിനു പ്രതീക്ഷിക്കുന്ന പേര് ‘സ്ക്രാം 411’ എന്നാണ്. ഇതിനു പിന്നാലെയും വിവിധ മോഡൽ അവതരണങ്ങൾ റോയൽ എൻഫീൽഡ് ആസൂത്രണം ചെയ്യുന്നുണ്ട്. 

 

‘ഹിമാലയ’ന്റെ രൂപവും ഒട്ടേറെ വിശദാംശങ്ങളുമൊക്കെ ഇന്റർനെറ്റിൽ നേരത്തെ മുതൽ പ്രചരിക്കുന്നുണ്ട്. ‘ഹിമാലയനു’മായി കാഴ്ചയിൽ സാമ്യം നിലനിൽക്കുമ്പോൾ തന്നെ കാര്യമായ വ്യത്യാസങ്ങളുമായിട്ടു തന്നെയാവും ‘സ്കാമി’ന്റെ വരവ്. ‘ഹിമാലയൻ’ ലക്ഷ്യമിടുന്നത് സാഹസികരെ ആണെങ്കിലും പുതിയ ബൈക്ക് ഉന്നമിടുന്നത് സാധാരണ നിരത്തുകളിൽ ബൈക്ക് ഓടിക്കുന്നവരെ ആണെന്നത് രൂപകൽപ്പനയിലും പ്രതിഫലിക്കും. ഒപ്പം പുതിയ ബൈക്കിന്റെ വിലയും ‘ഹിമാലയ’നെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് ഉറപ്പാണ്.

 

‘ഹിമാലയ’നു പകിട്ടേകുന്ന, മുൻഭാഗത്തെ നീളമേറിയ വിൻഡ്സ്ക്രീനും വിഭജിച്ച സീറ്റും ലഗേജ് റാക്കും വലിപ്പമേറിയ മുൻ വീലുമൊന്നും ‘സ്ക്രാമി’ൽ പ്രതീക്ഷിക്കേണ്ട. പ്രധാന ഉപയോഗം നിരത്തിലായതിനാൽ ചെറിയ വീലും കുറഞ്ഞ സഞ്ചാര പരിധിയുള്ള സസ്പെൻഷനും  വിഭജിക്കാത്ത ഒറ്റ സീറ്റും പിൻസീറ്റ് യാത്രികനുള്ള ഗ്രാബ് ഹാൻഡിലുമൊക്കെയായിട്ടാവും ‘സ്ക്രാമി’ന്റെ വരവ്.

 

ബൈക്കിന്റൈ സാങ്കേതിക വിഭാഗത്തെപ്പറ്റി  സ്ഥിരീകരണമില്ലെങ്കിലും ‘ഹിമാലയനി’ലെ ‘എൽ എസ് 410’ സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, എസ് ഒ എച്ച് സി, 411 സി സി എൻജിൻ  ‘സ്ക്രാമി’ലും തുടർന്നേക്കും. ഈ എൻജിന്റെ പ്രകടനക്ഷമതയിലും മാറ്റത്തിനു സാധ്യതയില്ല. 

 

English Summary: Royal Enfield Scram 411 to launch in Feb'22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com