ADVERTISEMENT

പ്രീമിയം എംപിവിയായ ഇന്നോവ ക്രിസ്റ്റയിലൂടെയും പ്രീമിയം എസ്‌യുവിയായ ‘ഫോർച്യൂണറി’ലൂടെയും ഇന്ത്യയിൽ പടനയിക്കുന്ന ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട, പിക് അപ് ട്രക്ക് വിപണിയിലെ സാധ്യതകൾ പരിഗണിക്കുന്നു. വിൽപന സാധ്യത പരിമിതമെങ്കിലും പിക് അപ് ട്രക്കായ ‘ഹൈലക്സ്’ ഇന്ത്യയിൽ അവതരിപ്പിക്കാനാണു ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ നീക്കം.  മിക്കവാറും പുതുവർഷത്തിൽ തന്നെ ‘ഹൈലക്സ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയേക്കുമെന്നാണു സൂചന.

 

ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ ദശാബ്ദങ്ങളായി വിൽപ്പനയിലുള്ള പിക് അപ് ട്രക്കാണു ‘ഹൈലക്സ്’; 1968ൽ അരങ്ങേറിയ ‘ഹൈലക്സ്’ ഇതിനോടകം 1.80 കോടിയോളം യൂണിറ്റ് വിൽപ്പനയും കൈവരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിലെ പരിഷ്കാര, നവീകരണ നടപടികളിലൂടെ പുതുതലമുറ എതിരാളികളോടു പോലും പോരാടാൻ ‘ഹൈലക്സി’നു സാധിച്ചിട്ടുമുണ്ട്.  

‘ഫോർച്യൂണറി’നും ‘ഇന്നോവ ക്രിസ്റ്റ’യ്ക്കും അടിത്തറയാവുന്ന ‘ഐ എം വി-ടു’ പ്ലാറ്റ്ഫോം തന്നെയാണു ടൊയോട്ട ‘ഹൈലക്സി’ന്റെയും അടിസ്ഥാനം. വലിപ്പത്തിലും സാന്നിധ്യത്തിലുമൊക്കെ  ‘ഫോർച്യൂണറി’നെയും ‘ഇന്നോവ ക്രിസ്റ്റ’യെയുമൊക്കെ കടത്തി വെട്ടുന്നതിനാൽ നഗരാതിർത്തിക്കു പുറത്തും ‘ഹൈലക്സി’ന് ഉപയോഗസാധ്യതയേറെയാണ്. 

 

ഓഫ് റോഡർ എന്നു വിശേഷിപ്പിക്കുമ്പോഴും അകത്തളത്തിൽ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാവും ടൊയോട്ട ‘ഹൈലക്സി’നെ പടയ്ക്കിറക്കുക. ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയർ കണ്ടീഷഃിങ്, എട്ട് ഇഞ്ച് ഇൻഫൊടെയ്മെന്റ് സ്ക്രീൻ, ജെ ബി എൽ സ്പീക്കർ എന്നിവയെല്ലാമായി ആഗോളതലത്തിൽ വിൽപ്പനയ്ക്കുള്ള ‘ഹൈലക്സി’നു കരുത്തേകുന്നത് 2.8 ലീറ്റർ, ടർബോ ഡീസൽ എൻജിനാണ്; ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ സാധ്യതകൾ. 

 

പ്ലാറ്റ്ഫോമിനു പുറമെ ‘ഫോർച്യൂണറി’ലെ യന്ത്രഘടകങ്ങൾ കൂടി കടമെടുത്ത് ഇന്ത്യൻ വിപണിയിലെത്തുന്ന ‘ഹൈലക്സി’നു പ്രതീക്ഷിക്കുന്ന വില 30 ലക്ഷം രൂപ നിലവാരത്തിലാണ്. പിക് അപ് ട്രക്ക് വിഭാഗത്തിൽ ജപ്പാനിൽ നിന്നു തന്നെയുള്ള ഇസൂസുവിന്റെ ‘വി ക്രോസു’മായിട്ടാവും ഇന്ത്യയിൽ ടൊയോട്ട ‘ഹൈലക്സി’ന്റെ പോരാട്ടം. 

 

English Summary: Toyota Hilux India launch set for January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com