ADVERTISEMENT

കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തിനിടെ ഇന്ധനങ്ങളിൽ നിന്നുള്ള വിവിധ നികുതികളായി കേന്ദ്ര സർക്കാർ വാരിക്കൂട്ടിയത് 8.02 ലക്ഷം കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഈയിനത്തിൽ കേന്ദ്ര സർക്കാരിനു ലഭിച്ച നികുതി വരുമാനം 3.71 ലക്ഷം കോടിയോളം രൂപയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തി.  മൂന്നു വർഷത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി നിരക്കിൽ നടപ്പാക്കിയ വർധനയെക്കുറിച്ചും ഇതിൽ നിന്നു ലഭിച്ച വരുമാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കു പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

 

പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി  2018 ഒക്ടോബർ അഞ്ചിന് ലീറ്ററിന് 19.48 രൂപയായിരുന്നു; 2021 നവംബർ നാലിനാവട്ടെ ഡ്യൂട്ടി നിരക്ക് ലീറ്ററിന് 27.90 രൂപയും. ഇതേ കാലത്തിനിടെ ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി നിരക്ക് ലീറ്ററിന് 15.33 രൂപയിൽ നിന്ന് 21.80 രൂപയായി ഉയർന്നെന്നും നിർമല സീതാരാമൻ രാജ്യസഭയെ അറിയിച്ചു. അവലോകന കാലത്തിനിടെ പെട്രോളിനു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ എക്സൈസ് ഡ്യൂട്ടി 2019 ജൂലൈ ആറിനായിരുന്നു: ലീറ്ററിന് 17.98 രൂപ. ഇതേ ദിവസം ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി നിരക്ക് ലീറ്ററിന് 13.83 രൂപയായും കുറഞ്ഞിരുന്നു. 

 

ഇക്കൊല്ലം ഫെബ്രുവരി രണ്ടു വരെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി നിരക്കുകൾ ക്രമമായി ഉയരുകയായിരുന്നു. ഫെബ്രുവരി രണ്ടിനു പെട്രോൾ ലീറ്ററിന് 32.98 രൂപയും ഡീസൽ ലീറ്ററിന് 31.83 രൂപയുമായിരുന്നു ഡ്യൂട്ിട നിരക്ക്. തുടർന്നു നിരക്കിൽ ക്രമേണ കുറവു വരികയും നവംബർ നാലിന് പെട്രോൾ ലീറ്ററിന് 27.90 രൂപയിലും ഡീസൽ ലീറ്ററിന് 21.80 രൂപയിലും എത്തുകയുമായിരുന്നെന്നു സീതാരാമൻ വിശദീകരിച്ചു. 

 

സെസ് അടക്കം പെട്രോൾ, ഡീസൽ വിൽപ്പനയിൽ നിന്നും എക്സൈസ് ഡ്യൂട്ടിയായി കേന്ദ്ര സർക്കാരിന് 2018 –19ൽ 2,10,282 കോടി രൂപയും 2019 – 20ൽ 2,19,750 കോടി രൂപയും ലഭിച്ചെന്ന് അവർ അറിയിച്ചു. 2020  21ലാവട്ടെ ഈയിനത്തിൽ 3,71,908 കോടി രൂപയാണു ലഭിച്ചത്. കഴിഞ്ഞ ദീപാവലിക്കു മുന്നോടിയായി നവംബർ നാലിന് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈഡ് ഡ്യൂട്ടിയിൽ ലീറ്ററിന് യഥാക്രമം അഞ്ചും പത്തും രൂപയുടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നു കേരളം ഒഴികെയുള്ള പല സംസ്ഥാനങ്ങളും ഇന്ധനങ്ങളുടെ മൂല്യവർധിത നികുതി(വാറ്റ്)യിലും  ഇളവുകൾ അനുവദിച്ചു. 

 

English Summary: Govt Earned over Rs 8 lakh cr from taxes on Petrol, Diesel in last 3 Fiscals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com