ADVERTISEMENT

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളെ ബ്രാൻഡ് അംബാഡർമാരായി നിയോഗിച്ചു ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). സ്മൃതി മന്ഥാന, ജെമിമ റോഡ്റിഗ്സ്, താനിയ ഭാട്യ, ഷഫാലി വർമ എന്നിവരുമായി ഒരു വർഷ കാലാവധിയുള്ള കരാറാണു ഹ്യുണ്ടേയ് ഒപ്പുവച്ചത്. ഇവരുമായുള്ള സഹകരണത്തിലൂടെ വനിതകളുടെ കരുത്തും ഇന്ത്യൻ ക്രിക്കറ്റിന് വനിതാ ക്രിക്കറ്റർമാർ നൽകിയ സംഭാവനയും ആഘോഷിക്കാനും രാജ്യത്തെ മറ്റു കായിക താരങ്ങൾക്കു പ്രചോദനം പകരാനുമാണു ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്.

 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഉപനായികയാണു സ്മൃതി മന്ഥാന; ജെമിമ റോഡ്റിഗസാവട്ടെ ട്വന്റി 20 ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ 12–ാം സ്ഥാനത്താണ്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ സി സി) തയാറാക്കിയ, വനിതാ ക്രിക്കറ്റിൽ പ്രതീക്ഷയേകുന്ന അഞ്ചു താരങ്ങളുടെ പട്ടികയിൽ ഇടമുള്ള താനിയ ഭാട്ടിയ, ട്വന്റി 20 ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാമതാണ്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്നു ടീമുകളിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി എന്നതാണു ഷഫാലി വർമയുടെ പെരുമ. 

 

ഈ ക്രിക്കറ്റർമാർ കാഴ്ചവച്ച ഉത്സാഹവും നിശ്ചയദാർഢ്യവും രാജ്യത്തിനാകെ തന്നെ മാതൃകയാവേണ്ടതാണെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിയോൻ സിയോബ് കിം കരുതുന്നു. ഹ്യുണ്ടേയിയുടെ ആദർശത്തെ മുന്നോട്ടു നയിക്കാൻ ഇവരെ ബ്രാൻഡ് അംബാഡർമാരായി പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ കായികതാരങ്ങളിലെ ഉൾപ്രേരണ ഉണർത്താൻ ലക്ഷ്യമിട്ടുള്ള ‘ദ് ഡ്രൈവ് വിതിൻ’ പ്രചാരണ പരിപാടിക്കും ഹ്യുണ്ടേയ് തുടക്കമിട്ടു. ഡിജിറ്റൽ സിനിമകളിലൂടെ ഈ വനിതാ ക്രിക്കറ്റർമാരുടെ വിജയഗാഥകൾ സമൂഹത്തിലെത്തിക്കാനാവും ഈ പ്രചാരണത്തിലൂടെ ഹ്യുണ്ടേയ് ശ്രമിക്കുക.  

 

ഇന്ത്യൻ കായികരംഗവുമായി ദീർഘകാല ബന്ധമുള്ള വാഹന നിർമാണ കമ്പനിയാണു ഹ്യുണ്ടേയ്. ഇന്ത്യ വേദിയാവുന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡി(ബി സി സി ഐ)ന്റെ സഹ സ്പോൺസറുമാണ് എച്ച് എം ഐ എൽ.  

 

English Summary: Hyundai Motor Partners Four Indian Women Cricketers as Brand Ambassadors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com