ADVERTISEMENT

ആദ്യ ബാച്ചിൽ എസ് വണ്ണും എസ് വൺ പ്രോയും ബുക്ക് ചെയ്തവർക്കുള്ള ഇ സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയായെന്ന് ഓല ഇലക്ട്രിക്. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ വൈദ്യുത സ്കൂട്ടർ ഉൽപ്പാദനത്തിനു തിരിച്ചടി സൃഷ്ടിച്ചത്. എന്തായാലും ആദ്യ ബാച്ചിൽ സ്കൂട്ടർ ബുക്ക് ചെയ്തവർക്കുള്ള വാഹനങ്ങൾ നിർമാണശാലയിൽ നിന്നു കയറ്റി അയച്ചതായി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ഓല ഇലക്ട്രിക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ വെളിപ്പെടുത്തിയത്.

 

ഇതിനോടകം വാഹനം വാങ്ങിയവർക്കുള്ള ഡെലിവറി പൂർത്തിയായെന്നായിരുന്നു അഗർവാളിന്റെ ട്വീറ്റ്. ചില സ്കൂട്ടറുകൾ യാത്രയിലോ വാഹന റജിസ്ട്രേഷൻ നടപടിക്രമങ്ങളിലോ ആവാമെന്നും അദ്ദേഹം വിശദീകരിച്ചു. പൂർണമായും ഡിജിറ്റൽ രീതിയിലാക്കിയതോടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ അധിക സമയം വേണ്ടിവരുന്നുണ്ടെന്നും അഗർവാൾ അറിയിച്ചു. കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിച്ച ‘എസ് വൺ’, ‘എസ് വൺ പ്രോ’ സ്കൂട്ടറുകൾ ഡിസംബർ 15 മുതലാണ് ഓല ഇലക്ട്രിക് ഉടമസ്ഥർക്കു കൈമാറി തുടങ്ങിയത്. ബെംഗളൂരുവിലും ചെന്നൈയിലും പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരുന്നു ആദ്യ 100 ഉടമസ്ഥർക്കുള്ള ഇ സ്കൂട്ടർ കൈമാറ്റം.

 

എന്നാൽ പുതിയ സ്കൂട്ടറുകളുടെ ഗുണനിലവാരത്തെക്കുറിച്ചും സാങ്കേതിക തകരാറുകളെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. സ്കൂട്ടറുകൾക്കു വാഗ്ദാനം ചെയ്ത സഞ്ചാര പരിധി(റേഞ്ച്) ലഭിക്കുന്നില്ലെന്നും ബാറ്ററി ചാർജ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ഇത്തരം പരാതികളെല്ലാം പരിഹരിച്ചെന്നാണ് ഓല ഇലക്ട്രിക്കിന്റെ അവകാശവാദം. 

 

ഡിസംബറിൽ 4,000 സ്കൂട്ടറുകൾ ഉടമസ്ഥർക്കു കൈമാറിയതായി ഓല ഇലക്ട്രിക് ചീഫ് ബിസിനസ് ഓഫിസർ അരുൺ സർദേശ്മുഖ് അറിയിച്ചു. മികച്ച വരവേൽപ്പാണ് ‘എസ് വൺ’, ‘എസ് വൺ പ്രോ’ സ്കൂട്ടറുകൾക്കു ലഭിക്കുന്നതെന്നും വാഹനം കൊണ്ടുവരുന്നതിനിടെ സംഭവിച്ച തകരാറുകൾ പരിഹരിച്ചതായും അദ്ദേഹം വിശദീകരിച്ചു. 

 

തമിഴ്നാട്ടിലെ ‘ഫ്യുച്ചർ ഫാക്ടറി’യിൽ നിർമിക്കുന്ന ‘എസ് വണ്ണി’ന് 99,999 രൂപയും ‘എസ് വൺ പ്രോ’യ്ക്ക് 1,29,999 രൂപയുമാണു ഷോറൂം വില(‘ഫെയിം’ രണ്ടാം ഘട്ട ഇളവ് അടക്കം; സംസ്ഥാനതലത്തിലുള്ള ആനുകൂല്യം പുറമെ).  

 

English Summary: First Batch Of Ola Scooter Deliveries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com