ADVERTISEMENT

നാലുവരി പാതയുടെ വലതുവശം ചേർന്നു പോകുന്ന വലിയ വാഹനങ്ങൾ. പിന്നിൽ നിന്ന് വാഹനങ്ങൾ വരുന്നുണ്ട് എന്നു കണ്ടാലും മാറ്റിത്തരാൻ കൂട്ടാക്കാറില്ല. വേണമെങ്കിൽ ഇടതുവശത്തുകൂടി മറികടക്കട്ടെ എന്നാണ് ഇവരുടെ ചിന്ത. എന്നാൽ നാലുവരിപാതകളിൽ വലിയ വാഹനങ്ങൾ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ എന്ന അറിവ് ഇവർക്ക് ഇല്ലാത്തതാണോ അതേ ബോധപൂർവം വിസ്മരിക്കുന്നതാണോ. 

 

എന്തിനാണ് നാലുവരിപ്പാതയിലൂടെ വാഹനമോടിക്കുമ്പോൾ ഇടതുവശം ചേർന്ന് പോകേണ്ടത് എന്ന് കാണിച്ചു തരികയാണ് സൈബർബാദ് പൊലീസ് പങ്കുവച്ച വിഡിയോ. വലതുവശത്തെ ലൈനിലൂടെ പോകുന്ന വേഗം കുറവുള്ള വലിയ വാഹനങ്ങൾക്ക് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാണിച്ചു തരുകയാണീ വിഡിയോ.

 

എന്താണ് ലെയ്ൻ ട്രാഫിക്?

 

നമ്മുടെ റോഡുകൾ വീതി കൂടി വരുകയാണ്. ഹൈവേകളിൽ നാലുവരിപ്പാതകളും മറ്റുമായി റോഡുകൾ വികസിക്കുമ്പോൾ നാം പണ്ടു പഠിച്ച അതേ ഡ്രൈവിങ് പാഠങ്ങളുമായിട്ടാണോ വണ്ടി ഓടിക്കേണ്ടത്? ലെയ്ൻ ട്രാഫിക്കിൽ അൽപം സൂക്ഷ്മതയോടെ ഡ്രൈവ് ചെയ്യണം. റോഡിനെ കാര്യേജ്‌വേ എന്നാണു സാങ്കേതികമായി പറയുന്നത്. ഇതിൽ നിത്യേന നാം കാണുന്നൊരു സംഗതിയാണ് രണ്ടു വരിപ്പാതയിലൂടെയായാലും മൂന്നുവരിപ്പാതയിലൂടെയായാലും ഇടതു വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യൽ. ഇത് നിയമപരമായി തെറ്റാണ്. രണ്ടുവരിപ്പാതയിൽ വലതുവശത്തെ ട്രാക്കിന് ഓവർടേക്കിങ് ട്രാക്ക് എന്നാണു പറയുക. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഓവര്‍ടേക്കിങ് ചെയ്യാൻ ഈ ട്രാക്ക് ആണ് ഉപയോഗിക്കേണ്ടത്. മൂന്നുവരിപ്പാതയിലെ വലത്തേ അറ്റത്തെ ട്രാക്കിനെ ഫാസ്റ്റ് ട്രാക്ക് എന്നു വിളിക്കും.

 

ലെയ്ൻ ട്രാഫിക്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് എന്താണ്?

 

നമുക്കില്ലാത്തൊരു ശീലം ഇനി ആരംഭിക്കണം. അതാണു കണ്ണാടി നോക്കൽ. വലതു വശത്തെയും ഇടതു വശത്തെയും നടുവിലെയും കണ്ണാടികൾ ഇടവിട്ടിടവിട്ട് നോക്കിയാണ് ലെയ്ൻ ട്രാഫിക്കിലൂടെ വാഹനമോടിക്കേണ്ടത്. കണ്ണാടി നോക്കാതെ വാഹനം ഇടത്തോട്ടോ വലത്തോട്ടോ വെട്ടിക്കുന്നത് അപകടകാരണമാകുന്നു എന്നു പറയേണ്ടതില്ലല്ലോ. ലെയ്ൻ ട്രാഫിക്കിൽ കണ്ണാടി നോക്കലിനും ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കുന്നതിലും വലിയ പ്രാധാന്യമുണ്ട്. 

 

ത്രീലെയ്ൻ ട്രാക്കിൽ നടുവിലൂടെ ഒരു വാഹനം ഓടുന്നുണ്ടെങ്കിൽ ഏതു സൈഡിലൂടെ ഓവർടേക്ക് ചെയ്യണം?

 

ആദ്യമായി ആൾക്കാർ ചിന്തിക്കുക ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്യാം എന്നാണ്. അതു തെറ്റാണ്. വലതുവശത്തു കൂടി മാത്രമേ ഓവർടേക്കിങ് ചെയ്യാവൂ. വലതു വശത്തു വണ്ടിയുണ്ടെങ്കിൽ ആ വണ്ടി ഇടതുവശത്തേക്കു മാറിക്കൊടുക്കണമെന്നു നിയമമുണ്ട്. ഹോൺ അടിക്കരുത്. ഹെഡ് ലാംപ് ഫ്ലാഷ് ചെയ്താണ് നാം പിന്നിലുണ്ടെന്ന സന്ദേശം ൈകമാറേണ്ടത്. നിരന്തരമായി കണ്ണാടിയിൽ നോക്കുന്ന നല്ലൊരു ഡ്രൈവർ പിന്നിൽ വണ്ടി വന്നാൽ ഇൻഡിക്കേറ്റർ ഇട്ട് ഇടത്തേക്കു മാറും.

 

നടുവിലൂടെ പോകുന്നൊരു വണ്ടിക്ക് എങ്ങോട്ടും മാറേണ്ട ആവശ്യമില്ല. എന്നാൽ വലത്തേ ട്രാക്കിലൂടെ പോകുന്ന വാഹനം, പിന്നിലെ വാഹനത്തിനു ബുദ്ധിമുട്ടുണ്ടാക്കാതെ പെട്ടെന്നു ഇടത്തേക്കു മാറിക്കൊടുക്കണം എന്നു നിയമമുണ്ട്. വലത്തേ ട്രാക്കിൽ പിന്നിൽ വരുന്ന വണ്ടിക്കാണ് മുൻഗണന. എക്സ്ട്രീം ലെഫ്റ്റിൽ പോകുന്ന ഒരു വാഹനത്തിന് വേഗം കൂടിയാലും ലെഫ്റ്റിൽ പോകുന്ന ഒരു വാഹനത്തിന് വേഗം കൂടിയാലും കുറഞ്ഞാലും അതേ ട്രാക്കിലൂടെ മുന്നേറാം. അത് ഓവർടേക്കിങ് അല്ല.

 

ഇടത്തോട്ടു മാറുമ്പോൾ?

 

നമ്മുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തുന്ന മറ്റൊരു വാഹനത്തെ കണ്ണാടിയിലൂടെ കാണാൻ സാധിക്കാത്ത പോയിന്റിനെ യാണ് ബ്ലൈൻഡ് സ്പോട്ട് എന്നു പറയുന്നത്. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് തിരിയുമ്പോൾ– തലതിരിച്ചു നോക്കി ബ്ലൈൻഡ് സ്പോട്ടിൽ മറ്റു വാഹനങ്ങൾ ഇല്ലെന്നുറപ്പു വരുത്തി വേണം ട്രാക്ക് മാറാൻ.

 

ഓവർ‌ടേക്ക് ചെയ്താൽ?

 

ഓവർടേക്ക് ചെയ്തു കഴിഞ്ഞാൽ കണ്ണാടിയിൽ നോക്കി നാം ഓവർ‌ടേക്ക് ചെയ്ത വാഹനം ഒരു വണ്ടിയുടെ ദൂരത്തിൽ പിന്നിലായി എന്നുറപ്പു വരുത്തിയ ശേഷമേ ഫാസ്റ്റ്ട്രാക്കിൽ നിന്ന് ഇടത്തേ ട്രാക്കിലേക്കു മാറാവൂ. അപ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ബ്ലൈൻഡ് സ്പോട്ട് നോക്കണം.

 

English Summary: Why do heavy vehicles need to ply on the left lane on multi-lane roads?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com