ADVERTISEMENT

വൈദ്യുത വാഹന(ഇ വി) വിപണിയിൽ യു എസ് നിർമാതാക്കളായ ടെസ്ലയുടെ ‘മോഡൽ ത്രീ’ കൈവരിച്ച ആധിപത്യം അനിഷേധ്യമാണ്. എന്നാൽ  വൈദ്യുത വാഹനങ്ങൾക്കു മാത്രമല്ല, പരമ്പരാഗത കാറുകൾക്കും വെല്ലുവിളി ഉയർത്തുന്ന തലത്തിലേക്കു ടെസ്ല ‘മോഡൽ ത്രീ’യുടെ സ്വീകാര്യത ഉയരുകയാണെന്നു യു കെയിലെ വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ യു കെയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞതു വോക്സോൾ ‘കോഴ്സ’യാണ്; പക്ഷേ രണ്ടാം സ്ഥാനം ടെസ്ലയുടെ ‘മോഡൽ ത്രീ’ക്കായിരുന്നു. ഇതോടെ യു കെയിലെ വാർഷിക വിൽപ്പന പട്ടികയിൽ ആദ്യത്തെ 10 സ്ഥാനങ്ങളിലൊന്നിലേക്കു മുന്നേറുന്ന ആദ്യ ഇ വിയുമായി ‘മോഡൽ ത്രീ’. 

 

ആഗോളതലത്തിൽ തന്നെ ടെസ്ല മോഡൽ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമാണു ‘മോഡൽ ത്രീ’; അതുകൊണ്ടുതന്നെ ടെസ്ലയ്ക്ക് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്നതും ‘മോഡൽ ത്രീ’ തന്നെ. ഇ വി വിഭാഗത്തിലെ എതിരാളികളെ മുമ്പേ ബഹുദൂരം പിന്നിലാക്കിയ ‘മോഡൽ ത്രീ’, ഇപ്പോൾ പരമ്പരാഗത എൻജിനുള്ള കാറുകൾക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നു എന്നത് ഏതു രീതിയിൽ വിലയിരുത്തിയാലും തകർപ്പൻ നേട്ടമാണ്.

 

യു കെയിൽ 2021ലെ വിൽപ്പനയിൽ ഫോക്സ്വാഗൻ ‘പോളൊ’യെയും ‘ഗോൾഫി’നെയും ഫോഡ് ‘ഫിയസ്റ്റ’യെയും ‘പ്യൂമ’യെയും കിയ ‘സ്പോർട്ടേജി’നെയും ടൊയോട്ട ‘യാരിസി’നെയുമൊക്കെ പിന്നിലാക്കിയായിരുന്നു ‘മോഡൽ ത്രീ’യുടെ കുതിപ്പ്. 2021ൽ 1.90 ലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ യു കെയിൽ വിറ്റു പോയെന്നാണു സൊസൈറ്റി ഫോർ മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സി(എസ് എം എം ടി)യുടെ കണക്ക്. 

 

‘കോവിഡ് 19’ മഹാമാരിയും കൊറോണ വൈറസ് വ്യാപനവും സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമവുമൊക്കെ ചേർന്നു യു കെയിലെ കാർ വിൽപ്പനയിൽ കാര്യമായ തിരിച്ചടി സൃഷ്ടിച്ചിരുന്നു; 1992നു ശേഷം യു കെയിൽ ഏറ്റവും കുറച്ചു കാറുകൾ വിറ്റു പോയ വർഷങ്ങൾ 2020, 2021 എന്നിവയാണ്. ഈ പ്രതികൂല ഘടകങ്ങൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതാണു ‘മോഡൽ ത്രീ’യെ വേറിട്ടു നിർത്തുന്നത്. 

 

English Summary: Tesla’s Model 3 was the UK’s second most popular new car in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com