ADVERTISEMENT

അപകടത്തിനും മരണത്തിനും തൊട്ടുമുമ്പ് ജീവന്‍ രക്ഷിക്കുന്ന കാഴ്ചകള്‍ സിനിമകളില്‍ സുലഭമാണെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ അധികമുണ്ടാവില്ല. അത്തരമൊരു അവസാന നിമിഷ രക്ഷപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള വാര്‍ത്തയാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നു വരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് റെയില്‍വേ ട്രാക്കിലേക്കിറങ്ങേണ്ടി വന്ന ചെറു വിമാനത്തില്‍ കുടുങ്ങി കിടന്ന പൈലറ്റിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 

ഫൂട്ട്ഹില്‍ വിഭാഗത്തിലെ പൊലീസ് ഓഫീസര്‍മാരാണ് ഈ ധീരകൃത്യത്തിന് പിന്നിലെന്നാണ് ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിക്കുന്നത്. കൂടി നിന്നവരില്‍ പലരും സ്മാര്‍ട്ട്‌ഫോണുകളില്‍ ചിത്രീകരിച്ചിരുന്നതിനാല്‍ സംഭവത്തിന്റെ പല രീതിയിലുള്ള വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഏറ്റവും നാടകീയമായ വിഡിയോ പൈലറ്റിനെ രക്ഷപ്പെടുത്തിയ പൊലീസ് ഓഫീസറുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യമാണ്.

 

ഏതാണ്ട് 70 വയസ് പ്രായം കണക്കാക്കുന്ന പൈലറ്റിനെ ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി ആശുപത്രിയിലേക്ക് നീക്കിയെന്ന് ലോസ് ഏഞ്ചല്‍സ് അഗ്നിശമന സേനയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അപകടത്തില്‍ പെട്ട പൈലറ്റിന്റെ രക്തം വരുന്ന മുഖവും വിഡിയോയില്‍ കാണാനാകും. വിമാനത്തിന്റെ സീറ്റില്‍ നിന്നു പൈലറ്റിനെ രക്ഷിക്കാനായി നിമിഷങ്ങള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. പൈലറ്റിനെ പുറത്തെത്തിച്ച് മൂന്നോ നാലോ നിമിഷങ്ങള്‍ക്കകം തന്നെ ഹോണ്‍മുഴക്കിക്കൊണ്ട് ട്രെയിന്‍ പാഞ്ഞെത്തി ഇടിക്കുന്നതും വിമാനം പല ഭാഗങ്ങളായി ചിതറുന്നതും വിഡിയോയില്‍ വ്യക്തമാണ്. 

 

ഒറ്റ എൻജിനുള്ള ചെറു വിമാനമാണ് വൈറ്റ്മാന്‍ വിമാനത്താവളത്തിന് സമീപത്തായി നിയന്ത്രണം നഷ്ടപ്പെട്ട് താഴെയിറക്കേണ്ടി വന്നത്. ഇന്ധനം തീര്‍ന്നതാണ് അടിയന്തിരമായ നിലത്തിറക്കേണ്ട അവസ്ഥയിലേക്ക് ചെറുവിമാനത്തെ എത്തിച്ചത്. റോഡ് റണ്‍വേയാക്കി ഇറങ്ങിയ വിമാനം ഭാഗ്യദോഷം കൊണ്ട് റെയില്‍വേ ട്രാക്കിന് മുകളില്‍ വച്ചു തന്നെ നിന്നു പോവുകയായിരുന്നു. സംഭവത്തില്‍ പൈലറ്റിനല്ലാതെ മറ്റാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ എഫ്.എ.എയും അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

 

English Summary: A Pilot Was Saved Moments Before Certain Death After Crashing on Train Tracks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com