കോവിഡിനെ തോൽപിച്ച് റോൾസ് റോയ്സ്, 2021ൽ റെക്കോർഡ് വിൽപന

rolls-royce-phantom
Rolls Royce Phantom
SHARE

കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുമൊക്കെ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും 2021ൽ റെക്കോർഡ് വിൽപ്പനയുടെ തിളക്കത്തോടെ ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ്. മുൻവർഷത്തെ അപേക്ഷിച്ച് 49% വർധനയോടെ, അൻപതിലേറെ രാജ്യങ്ങളിലായി 5,586 കാറുകളാണു ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വിറ്റത്. റോൾസ് റോയ്സിന്റെ 117 വർഷം നീളുന്ന ചരിത്രത്തിനിടയിൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന വിൽപനയുമാണിത്. 

മഹാമാരി മൂലമുള്ള പ്രതിസന്ധികൾക്കിടയിലും ലോകമെങ്ങും ആഡംബര വാഹനങ്ങൾക്ക് ആവശ്യക്കാരേറിയതാണു റോൾസ് റോയ്സിനു തുണയായത്. ‘കോവിഡ് 19’ മഹാമാരി മൂലം വാഹന ഉൽപ്പാദനമടക്കം തടസ്സപ്പെട്ടതോടെ ആവശ്യത്തിനൊത്ത് കാർ നിർമിക്കാനാവാതെ പോയി എന്നതായിരുന്നു റോൾസ് റോയ്സ് അഭിമുഖീകരിച്ച പ്രതിസന്ധി. വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കലുഷിതവും പ്രവചനാതീതവും വെല്ലുവിളി നിറഞ്ഞതുമായ വർഷമായിരുന്നു 2021 എന്നത് തർക്കമറ്റ വസ്തുതയാണെന്ന് റോൾസ് റോയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടോർസ്റ്റെൻ മ്യുള്ളെർ ഒറ്റെവോസ് അഭിപ്രായപ്പെട്ടു. 

ഇതേ വർഷം തന്നെ ചൈനയും യു എസുമടക്കമുള്ള മേഖലകളിൽ റെക്കോഡ് വിൽപ്പന നേടാൻ റോൾസ് റോയ്സിനു സാധിച്ചു. ‘കോവിഡ് 19’ മഹാമാരി മൂലം യാത്രകൾക്കു കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പലരും അത്യാഡംബര കാറുകൾ വാങ്ങുന്നതിലേക്കു ശ്രദ്ധ തിരിച്ചെന്നാണു വിലയിരുത്തൽ. ഇതോടെ ബ്രിട്ടനിലെ ഗുഡ്വുഡിലുള്ള റോൾസ് റോയ്സ് ശാലയുടെ പ്രവർത്തനം വർഷം മുഴുവൻ ഏറെക്കുറെ പൂർണതോതിലായിരുന്നു; ഇക്കൊല്ലം മൂന്നാം പാദം വരെയുള്ള കമ്പനിയുടെ ഉൽപ്പാദനം വിറ്റു പോയ നിലയിലുമാണ്. ഇന്നു പുതിയ കാർ ഓർഡർ ചെയ്താൽ  വാഹനം ലഭിക്കാൻ ഏതാണ്ട് ഒരു വർഷമെടുക്കുമെന്ന് ടോർസ്റ്റെൻ മ്യുള്ളെർ ഒറ്റെവോസ് വ്യക്തമാക്കുന്നു.

അതിനിടെ 2030 ആകുന്നതോടെ പൂർണമായും വൈദ്യുത പവർ ട്രെയ്നിലേക്കു മാറാൻ റോൾസ് റോയ്സ് തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ആദ്യ വൈദ്യുത വാഹന(ഇ വി)മായ ‘സ്പെക്ടർ’ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. റോൾസ് റോയ്സിന്റെ മാതൃസ്ഥാപനമായ, ജർമൻ ആഡംബര കാർ നിർമാതാക്കളായ  ബി എം ഡബ്ല്യുവും 2021ൽ റെക്കോഡ് വിൽപ്പന കൈവരിച്ചിരുന്നു; ആഗോളതലത്തിൽ 22 ലക്ഷത്തോളം വാഹനങ്ങളാണു കമ്പനി വിറ്റത്. 

സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമത്തിനിടയിലും 2019ലെ  വിൽപ്പന റെക്കോഡ്  സൃഷ്ടിക്കാൻ ബി എം ഡബ്ല്യുവിനായി. ബി എം ഡബ്ല്യുവിന്റെ തന്നെ ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബെന്റ്ലിക്കും 2021ൽ റെക്കോഡ് വിൽപ്പന സ്വന്തമായി; മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 31% വർധനയാണു കമ്പനി രേഖപ്പെടുത്തിയത്. 

English Summary: Rolls-Royce Hits Record Sales In Pandemic

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA