ADVERTISEMENT

രണ്ടു വയസ് തികയും മുൻപേ, രണ്ടക്ഷരമുള്ള പല വാക്കുകളും പറയും മുൻപേ കാറുകളുടെ പേരും മോഡലും പറഞ്ഞ് ഞെട്ടിച്ച കുഞ്ഞാണ് നൈതിക് ബിജിന്‍. വെറുതേയങ്ങ് പറയുക മാത്രമല്ല മൂന്നു മിനുറ്റും 46 സെക്കന്റും കൊണ്ട് 51 കാറുകള്‍ തിരിച്ചറിഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഈ കാര്‍ കുട്ടി ജീനിയസ് സ്വന്തം പേരിലേക്ക് കുറിച്ചിട്ടിട്ടുണ്ട്.  തൃശൂര്‍ ജില്ലയിലെ എട്ടുമനയാണ് ബിജിന്‍ രാമചന്ദ്രന്റേയും ശ്വേത സതീഷിന്റേയും മകനായ നൈതികിന്റെ സ്വദേശം. നന്നേ ചെറുപ്പത്തില്‍ തന്നെ വീട്ടില്‍ വരുത്തിയിരുന്ന ഫാസ്റ്റ് ട്രാക്ക് മാസികയിലെ ചിത്രങ്ങള്‍ ഇഷ്ട‌ത്തോടെ നോക്കിയിരിക്കുമായിരുന്നു നൈതിക്. കുറച്ചു കൂടി വലുതായപ്പോള്‍ ഒപ്പമുള്ളവരെക്കൊണ്ട് പേജുകള്‍ മറിക്കാന്‍ പറഞ്ഞ് ഫാസ്റ്റ് ട്രാക്കിലെ വാഹന ചിത്രങ്ങള്‍ നോക്കും. ഈ ഇഷ്ടം നാള്‍ക്കു നാള്‍ കൂടി വന്നതേയുള്ളൂ. യാത്രകള്‍ക്കിടെ റോഡില്‍ കാണുന്ന കാറുകളുടേയും ചിത്രങ്ങളിലെ കാറുകളുടേയുമെല്ലാം പേരുകള്‍ കൃത്യമായി നൈതിക് പറയുന്നതും ശീലമായി.

 

ബിജിന്റെ സഹോദരിക്കും ഭര്‍ത്താവിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമെല്ലാം കാറുകളുടെ പേരുകള്‍ പറഞ്ഞു കൊടുക്കല്‍ നൈതികുമായുള്ള കളികളില്‍ പ്രധാനമായി. വൈകാതെ രണ്ടു വയസു പോലും തികയാത്ത തങ്ങളുടെ കുട്ടിക്ക് അമ്പതിലേറെ കാറുകളുടെ പേരുകള്‍ പറയാനാകുന്നുണ്ടെന്ന് ബിജിനും ശ്വേതയും തിരിച്ചറിഞ്ഞു. ഇതോടെ നൈതികിന്റെ ഈ കഴിവ് എങ്ങനെ പുറം ലോകത്തെത്തിക്കാമെന്ന ചിന്തയായി പിന്നീട്. തുടര്‍ന്നാണ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ രേഖപ്പെടുത്താനാവുമോ എന്ന അന്വേഷണം ആരംഭിച്ചത്. ഇതിനുള്ള ആദ്യപടിയെന്ന നിലയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനെ സമീപിച്ചപ്പോള്‍ അനുകൂലമായിരുന്നു പ്രതികരണം. 

record

 

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കാറുകളുടേയും ചിത്രങ്ങള്‍ നോക്കി നൈതിക് തിരിച്ചറിയുന്നതിന്റെ വീഡിയോ എടുത്തു. മൂന്നു മിനുറ്റ് 46 സെക്കന്റില്‍ 51 കാറുകള്‍ നൈതികിന് തിരിച്ചറിയാനായി. ഒരു വയസും 11 മാസവും 29 ദിവസവുമുള്ളപ്പോള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ നൈതികിന്റെ പേര് വന്നു. ‍

 

ഇപ്പോള്‍ രണ്ടു വയസും രണ്ടു മാസവും പ്രായമുള്ള നൈതികിന് അറിയാവുന്ന വാഹനങ്ങളുടെ പേരുകള്‍ നൂറിലേറെ വരും. ഇതില്‍ ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ടും അംബാസിഡറുമാണ് കുഞ്ഞു നൈതികിന്റെ ഏറ്റവും ഇഷ്ട കാറുകള്‍. ഷോപ്പിങ് മോളുകളിലേയും മറ്റും കാര്‍ പാര്‍ക്കിങ്ങുകളില്‍ ഓരോ വാഹനങ്ങളുടേയും പ്രത്യേകതകള്‍ നോക്കി നടക്കുന്ന നൈതികിനെ അവിടെ നിന്നും കൊണ്ടുപോകാനാണ് പാടെന്ന് അമ്മ ശ്വേത പറയുന്നു. കളിപ്പാട്ടങ്ങളിലും കാറുകളും മറ്റു വാഹനങ്ങളുമാണ് മുന്നില്‍. നൈതികിന്റെ കാര്‍ പ്രേമവും റെക്കോഡുമെല്ലാം അറിയാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനമായി നല്‍കുന്നതും ഇവയൊക്കെ തന്നെ.

 

ശ്വേതയുടെ പിതാവ് സതീഷ് കുമാറിന്റെ വാഹനങ്ങളോടുള്ള ഇഷ്ടമാണ് ഫാസ്റ്റ് ട്രാക്ക് മാസികയുടെ വരിക്കാരനാക്കുന്നത്. അങ്ങനെ അപ്പൂപ്പന്റേയും പേരക്കുട്ടിയുടേയും വാഹനപ്രേമത്തിന് പാലമാവാനുള്ള നിയോഗം ഫാസ്റ്റ് ട്രാക്കിന് കൈവരുകയും ചെയ്തു. ഫാസ്റ്റ് ട്രാക്ക് മാസിക വരുത്തിയിരുന്നതുകൊണ്ടാണ് നൈതികിന്റെ വാഹനങ്ങളോടുള്ള ഇഷ്ടം പെട്ടെന്ന് തിരിച്ചറിയാനായതെന്ന് പിതാവ് ബിജിന്‍ പറയുന്നു. ഗള്‍ഫില്‍ മറൈന്‍ ഓട്ടോമേഷന്‍ മേഖലയിലാണ് പിതാവ് ബിജിന്‍ രാമചന്ദ്രന്റെ ജോലി. അമ്മ ശ്വേത സതീഷ് തിരുവനന്തപുരം ടാറ്റ ELXSIല്‍ ജോലി ചെയ്യുന്നു.

 

English Summary: Fifty One Car Names Under 4 Minutes 2 Year Old Kid Enter In Asia Book Of Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com