ADVERTISEMENT

പ്രതാപം പ്രോജക്ടിലൂടെ പൊടിതട്ടിയെടുക്കുകയാണ് കളമശ്ശേരി പോളിടെക്നിക് കോളജിലെ ഓട്ടമൊബീൽ വിദ്യാർഥികൾ. വർഷാന്ത്യ പ്രോജക്ടിലൂടെ പുതുജീവൻ നേടിയത് രണ്ട് ഇതിഹാസങ്ങൾ.. അതിലൊന്ന് ആദ്യ മെയ്ഡ് ഇൻ ഇന്ത്യ കാർ. ഫ്ലൂയിഡ് ഡ്രൈവ് എന്ന പ്രത്യേകതയുമായി രണ്ടാം വാഹനം. 

vintage-2
ഓട്ടമൊബീൽ വിഭാഗം അധ്യാപകരും വിദ്യാർഥികളും ഒപ്പം പ്രിൻസിപ്പൽ ഗീതാദേവി. ആർ

രാജവാഹനങ്ങൾ

1951 ൽ കളമശ്ശേരി പോളിടെക്നിക് കോളജിനു തുടക്കമിടുന്നത് കൊച്ചിയിലെ രാമവർമ പരീക്ഷിത്ത് തമ്പുരാൻ. അന്നുമുതൽ ഓട്ടമൊബീൽ കോഴ്സ് ഉണ്ടായിരുന്ന കോളജിന് അവസാനത്തെ രാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാൻ 1948 ഡോ‍ഡ്ജ് ഡി 25 സ്പെഷൽ ഡീലക്സ് സെഡാൻ 1964 ൽ  വിട്ടുനൽകി. 

dodge-d25

കോളജിൽനിന്ന്  ഏറെ മിടുക്കർ വാഹനവ്യവസായമേഖലയിലേക്ക് ചുവടുവച്ചപ്പോൾ ഡോഡ്ജ്, ഹിന്ദുസ്ഥാൻ 10 തുടങ്ങിയ പാരമ്പര്യവാദികൾ കോളജിൽ തന്നെ ഇരുന്നു. പിന്നീട് ഈ വാഹനങ്ങൾ മറവിയിലേക്കു മടങ്ങി. ഇടയ്ക്ക് ചില പ്രൊജക്ടുകളുടെ ഭാഗമായി കാറുകൾക്ക് അനക്കം വച്ചു. പിന്നെയും അവ കട്ടപ്പുറത്തു കയറി. 2018–21 ബാച്ചിലെ മൂന്നാംവർഷക്കാരുടെ പ്രോജക്ട് ആലോചിച്ചപ്പോൾ ഓട്ടമൊബീൽ വിഭാഗം മേധാവി എച്ച്ഒഡി തോംസൺ ജേക്കബ്, പ്രോജക്ട് സബ്ജക്ട് ടീച്ചർ ഷീന എസ്. എസ്,   ലക്ചർ ഇൻ ഓട്ടമൊബീൽ അരുൺ ചന്ദ് എന്നിവർ ഇന്ധനം പകർന്നു. അങ്ങനെ കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും ക്ലാസിക്കുകളുടെ പുനരുദ്ധാരണത്തിന്റെ ഗിയർ സ്മൂത്തായി പ്രവർത്തിക്കാൻ തുടങ്ങി. ഓടുന്ന അവസ്ഥയിൽ ഈ രാജരഥങ്ങളെ എത്തിച്ചു മിടുക്കർ.  

hindustan-10

രണ്ടു ടീമുകൾ

മൂന്നാം വർഷക്കാർക്കുള്ള പന്ത്രണ്ടു പ്രോജക്ടുകളിൽ രണ്ടെണ്ണമായിരുന്നു കാറുകളെ നവീകരിക്കൽ. കോവിഡ് മഹാമാരിയെ അതിജീവിച്ച്, ലഭ്യമായ മണിക്കൂറുകളിൽ പ്രവർത്തിച്ച്, അനുവദനീയമായ ആളുകളെ വച്ചുകൊണ്ട് പ്രവൃത്തി. യഥാർഥ സമയം കണക്കുകൂട്ടിയാൽ  മൂന്നു മാസം. രണ്ടു വാഹനങ്ങൾ. രണ്ടു ഗ്രൂപ്പുകൾ. 15 മിടുക്കർ. പിന്നെ താൽപര്യത്തോടെ അധ്യാപകരും വർക്‌ഷോപ്പിലെ ജീവനക്കാരും. ഹിന്ദുസ്ഥാൻ 10  2011 തൊട്ട് 2021 വരെ അനങ്ങാതെ കിടക്കുകയായിരുന്നു. ടയറും ബ്രേക്കും ഗിയർബോക്സുമില്ല. വയർ എലി തിന്നു. 

dodge-d25-4

പ്രവൃത്തികൾ എന്തൊക്കെ? 

മോറിസ് കാറുകളുടെ ലൈസൻസ് നേടിയെടുത്ത് ഇന്ത്യയിൽ നിർമിച്ച മോഡൽ ആണ് ഹിന്ദുസ്ഥാൻ സീരീസ് 10. മുന്നിലും പിന്നിലും റിജിഡ് ആക്സിൽ സസ്പെൻഷൻ ആണ്. മാരുതി 800 ന്റെ എൻജിനും ഒമ്നിയുടെ ഗിയർബോക്സും ഘടിപ്പിച്ചു. ഗ്രിൽ, തനിമ കളയാതെ പുതുക്കിയെടുത്തു. ലഭ്യമാകാതിരുന്ന  ചില ഭാഗങ്ങൾ ലെയ്ത്തിൽ രൂപപ്പെടുത്തിയാണ് ഘടിപ്പിച്ചത്.ഇന്നത്തെ വാഹനങ്ങളിൽ പുതുമയായി പറയുന്ന ടൂ ടോൺ പെയിന്റ് അടിച്ചു.  അടിസ്ഥാന രൂപകൽപനയിൽ മാറ്റം വരുത്താതെയാണ് ഓരോ ഭാഗവും സൂക്ഷ്മതയോടെ പുതുക്കിയെടുത്തത്. 

hindustan-10-4

‍ഡോഡ്ജ് തനി അമേരിക്കൻ ആണ്. വലുപ്പത്തിലും പ്രകടനത്തിലും. പ്രവർത്തനക്ഷമമല്ലായിരുന്ന ഫ്യൂവൽ പമ്പും സെൽഫ് മോട്ടറും മാറ്റി. യഥാർഥത്തിൽ വി 6 എൻജിൻ ആയിരുന്നു കാറിനുണ്ടായിരുന്നത്. അത് ചലിക്കാതെ ആയപ്പോൾ മെറ്റഡോർ എൻജിൻ ഘടിപ്പിച്ചു. അംബാസഡറിന്റെ ഗിയർബോക്സും ചേർത്തപ്പോൾ ഡോഡ്ജ് എന്ന ഭീമൻ ചലിച്ചു തുടങ്ങി. ഈയം കോട്ടിങ് ഉള്ള ബോഡി ആണ് ഡോഡ്ജിന്റേത്. തുരുമ്പ് എവിടെയും കാണാനാകില്ല. 

dodge-d25-1

അതുകൊണ്ടുതന്നെ പഴയ പെയിന്റ് മാറ്റേണ്ടി വന്നില്ല. ഏഴു പതിറ്റാണ്ടിന്റെ പഴക്കവും പൊടിപിടിച്ചുള്ള കിടത്തവും ആ ബോഡിയിൽ അറിയാനൊക്കുകയില്ല.  ഒരു വണ്ടിയുണ്ടാക്കാനുള്ള എക്സ്പീരിയൻസ് ഈ വിദ്യാർഥികൾക്കു ലഭിച്ചു എന്ന് മേധാവി തോംസൺ ജേക്കബ്. സീറ്റ് സ്പ്രിങ് ഉള്ളതാണ്. സിംഹാസനം പോലെയുണ്ട് ഇരിപ്പ്. ഈ സുഖം ഇപ്പോഴത്തെ വണ്ടികളിൽ കിട്ടുകയില്ലെന്ന് മെഴ്സിഡീസ് ജിഎൽഎസ് പോലുള്ളവ സ്വന്തമായുള്ള എച്ച്ഒഡിയുടെ സാക്ഷ്യം.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് യുവമിടുക്കരെ വാർത്തെടുക്കുന്ന കളമശ്ശേരി പോളിടെക്നിക് കോളജിൽ ഇനിയും കാത്തിരിപ്പുണ്ട് ഹെറിറ്റേജ് വാഹനങ്ങൾ. ഇനി ആ വാഹനങ്ങളെ വിശദമായി പരിചയപ്പെടാം മാറ്റിവച്ച എൻജിനുമായി, രണ്ടു കാറുകളും ഓടുന്ന അവസ്ഥയിലാണ് അതിൽ ഭീമാകാരനാണ് 1948 ഡോ‍ഡ്ജ് ഡി 25 സ്പെഷൽ ഡീലക്സ് സെഡാൻ.

1948 ഡോ‍ഡ്ജ് ഡി 25 സ്പെഷൽ ഡീലക്സ് ഫ്ലൂയിഡ് ഡ്രൈവ്

അന്നത്തെ ഓട്ടമാറ്റിക് കാർ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ക്രിസ്‌ലർ കോർപറേഷൻ അവതരിപ്പിച്ച ഫ്ലൂയിഡ് ഡ്രൈവ് എന്ന ഗീയർമാറ്റ വിദ്യയാണ് ഈ കാറിൽ. ഇന്നത്തെ  ടോർക്ക് കൺവെർട്ടർ ഗിയർബോക്സിന്റെ മറ്റൊരു പതിപ്പ്.  മൂന്നു സ്പീഡ് ആയിരുന്നു ഗിയർബോക്സ്. രണ്ടു ഡോറുകളുള്ള ബോണറ്റിനുള്ളിൽ പതിയിരുന്നത്  6 സിലിണ്ടർ പെട്രോൾ എൻജിൻ. ഇപ്പോൾ എൻജിൻ അടക്കം മാറിയിട്ടുണ്ട്. 

hindustan-10-3

ഉൾവശം

അതിവിശാലം എന്നു മാത്രം വിശേഷിപ്പിക്കാം. പിൻസീറ്റ് സോഫാസെറ്റി പോലെയുണ്ട്. അടിയിൽ സ്പ്രിങ്ങും കട്ടിയേറിയ കുഷനും ഡോഡ്ജിനെ തനി അമേരിക്കൻ രീതിയിലാക്കുന്നു. ഇത്ര പഴകിയിട്ടും യാത്ര ചെയ്യുമ്പോൾ കുലുക്കം ഉള്ളിലറിയുന്നില്ല. മുന്നിലും പിന്നിലും ബെഞ്ച് സീറ്റുകളാണ്.  ഡോറുകളോടു ചേർന്ന് ചെറിയ ആംറെസ്റ്റുകളും റൂഫിൽ സുരക്ഷാ ഹാൻഡിലുകളുമുണ്ട്. 

hindustan-10-1

ലോഹഭാഗങ്ങളായിരുന്നു അന്നു നിർമാണത്തിനു സുലഭം. അതുകൊണ്ടുതന്നെ ഇന്നത്തെ ആഡംബരമായ ക്രോം ഫിനിഷ് എല്ലായിടത്തും കാണാം. ലോഹസ്റ്റിയറിങ്ങിനു നടുവിൽ മറ്റൊരു വളയം. അതാണ് ഹോൺ ബട്ടൺ. അന്ന് എസി ഇല്ലായിരുന്നെങ്കിലും ഡോഡ്ജിന്റെ ഉള്ളിൽ കയറിയാൽ കാറ്റടിക്കും. ഡാഷ്ബോർഡിൽ ഒരു ‘കാറ്റ്’ വെന്റുണ്ട്. അലുമിനിയം ബോഡിയിൽ നിറയെ നീളത്തിൽ ദ്വാരങ്ങൾ. വിൻഡ് ഷീൽഡിനോടു ചേർന്ന് ഒരു കിളിവാതിലുണ്ട്– ബോണറ്റിൽ. ഡാഷ്ബോർഡിനടിയിലെ ലിവർ ഉപയോഗിച്ച് ഇതു തുറന്നാൽ എയർ വെന്റുകളിലൂടെ കാറ്റ് ഉള്ളിലേക്കു കയറും പുറംമോടി സെഡാൻ എന്നു വിളിക്കാമെങ്കിലും കുപ്പെ, അല്ലെങ്കിൽ ടോപ്നോച്ച് വിഭാഗത്തിൽ പെടുത്താം ഡീലക്സിനെ. വിഭജിച്ച വിൻഡ് ഷീൽഡ്. ഈയം കോട്ടിങ് ഉള്ളതാണു ബോഡി. തുരുമ്പിന്റെ അംശം കാണാനൊക്കില്ല. പഴയ പെയിന്റിങ്ങിനു മങ്ങലുമില്ല. 

ഹിന്ദുസ്ഥാൻ 10

മെയ്ക് ഇൻ ഇന്ത്യ എന്നു വിളിക്കാവുന്ന ആദ്യ മോഡലുകളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ 10. ലണ്ടനിലെ മോറിസ് കാറുകളിൽനിന്നു പ്രചോദനമുൾക്കൊണ്ടതാണ് 10 ന്റെ ബോഡി. ബിർള കമ്പനി ഉടമസ്ഥതയിലായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്സ്. 1946 ൽ ആണ് ആദ്യ ഹിന്ദുസ്ഥാൻ 10 ഇറങ്ങുന്നത്. 

dodge-d25-2

പുറംമോടി

ബി പില്ലറിലാണു രണ്ടു ഡോറുകളുടെയും വിജാഗിരി. പിൻഡോർ സാധാ മട്ടിലും മുൻഡോർ പിന്നിലേക്കുമാണു തുറക്കുക. വളരെ ചെറിയ കാർ ആണിത്. മിനി സെഡാൻ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ചെറിയ കാർ ആണിത്. ഉള്ളിലും സ്ഥലം കുറവ്. എല്ലാ പാർട്സുകളും വേറിട്ടു നിൽക്കുന്നതു പോലെയാണു ഡിസൈൻ. ക്ലാസിക് രൂപത്തിലാണ് കറുത്ത വീൽ ആർച്ചുകൾ.അതിനു മുകളിൽ ഉരുണ്ട കണ്ണുകൾ.  ലാംപിന്റെ മുകളിലും വശങ്ങളിലും ലോഗോയും ഹിന്ദുസ്ഥാൻ എന്ന ബാഡ്ജുമുണ്ട്. ബൂട്ട് ഡോർ ക്യാംപർ മട്ടിൽ തുറക്കാവുന്നതാണ്.

dodge-d25-4

ഉൾവശം

ഇടുങ്ങിയതാണെങ്കിലും പിൻസീറ്റ് യാത്ര സുഖകരമാണ്. അതിവിശാലമായ ക്വാർട്ടർ ഗ്ലാസ് കാഴ്ച കൂട്ടാനായി നൽകിയിട്ടുണ്ട്. ത്രീ സ്പോക് ലോഹ സ്റ്റിയറിങ് വീലിന്റെ നടുഭാഗം തിരിയുകയില്ല. അവിടെയാണ് ഒരു ചെറിയ ലോഹ പിൻ പോലെ ഇൻ‍ഡിക്കേറ്റർ നോബ്.  ലോഹം കൊണ്ടുള്ള ഡാഷ്ബോർഡിൽ ആഷ്ട്രേ പോലുള്ള സംവിധാനങ്ങളുണ്ട്. 

1140 സിസി പെട്രോൾ എൻജിനായിരുന്നു 10 ന്റെ ഉള്ളിൽ. കൊൽക്കത്തയിലായിരുന്നു പ്ലാന്റ്. കോളജിൽ ഈ കാറുകൾ പ്രദർശനത്തിനു വയ്ക്കാൻ പദ്ധതിയുണ്ട്. 

English Summary: Vintage Car Restoration By Kalamassery Polytechnic Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com