ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം: സർക്കാർ തീരുമാനങ്ങൾ വെല്ലുവിളിയെന്ന് മസ്ക്

modi-musk
SHARE

യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ലയുടെ ഇന്ത്യൻ വിപണി പ്രവേശം അടുത്തൊന്നും യാഥാർഥ്യമാവുന്നതിന്റെ ലക്ഷണം കാണുന്നില്ല. സാഹചര്യം തികച്ചും അനുകൂലമല്ലെങ്കിലും ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസും ഔഡിയും ബി എം ഡബ്ല്യുവും ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറുമൊക്കെ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ്. എന്നിട്ടും ആഗോളതലത്തിൽ വൈദ്യുത വാഹന വിപണി വാഴുന്ന ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് നീണ്ടു നീണ്ടു പോകുന്നു. 

ഈ സാഹചര്യത്തിൽ ഉടനടി മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്നാണു ടെസ്‌ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇലോൺ മസ്ക് നൽകുന്ന സൂചന. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണു മസ്ക് ടെസ‌്‌ലയുടെ ഇന്ത്യ പ്രവേശവുമായി ബന്ധപ്പെട്ട സ്ഥിതിഗതി വ്യക്തമാക്കിയത്. സർക്കാരുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പലതുണ്ടെന്നും അവ കൈകാര്യം ചെയ്യുന്ന തിരക്കിലാണ് എന്നുമായിരുന്നു കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചുള്ള ചോദ്യത്തിനു മസ്കിന്റെ മറുപടി. വിദേശ നിർമിത വാഹനങ്ങൾക്ക് ഇന്ത്യയിൽ നിലവിലുള്ള ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് മസ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടെസ‌്‌ല പ്രാദേശിക നിർമിത ഘടകങ്ങൾ സമാഹരിക്കണമെന്നും വിശദമായ നിർമാണ പദ്ധതി സമർപ്പിക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി.

വാഹന വിലയുടെ കാര്യത്തിൽ ഇന്ത്യൻ ഉപയോക്താക്കൾക്കുള്ള കടുംപിടുത്തം പ്രസിദ്ധമാണ്. ഇപ്പോഴത്തെ തീരുവ നിരക്കിൽ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ മോഡൽ ത്രീ സെഡാനു പോലും ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാനാവില്ലെന്നതാണു മസ്ക് നേരിടുന്ന വെല്ലുവിളി. മാത്രമല്ല, ഏതു രാജ്യത്തു നിർമിച്ച കാറുകളാവും ടെസ‌്‌ല ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുകയെന്ന ചോദ്യവും അവശേഷിക്കുന്നു. ചൈനീസ് നിർമിത കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി നേരത്തെതന്നെ ടെസ‌്‌ലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിനു പുറത്ത് ടെസ‌്‌ല തുറന്ന ആദ്യ നിർമാണശാലയാണു ഷാങ്ഹായിലേത്. ചൈനയ്ക്കു പുറമെ വിദേശ വിപണികൾ കൂടി ലക്ഷ്യമിട്ടാണു കമ്പനി ഈ പ്ലാന്റ് ആരംഭിച്ചത്.

English Summary: Why is Tesla still not in India? Elon Musk says ‘challenges with the government’

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA