ബുക്ക് ചെയ്യാം ടൊയോട്ട പ്രീമിയം പിക്ക്അപ് ഹൈലക്സ്, 20ന് വിപണിയിൽ

toyota-hilux
SHARE

ലൈഫ്സ്റ്റൈൽ പിക് അപ് ട്രക്കെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട വിശേഷിപ്പിക്കുന്ന ഹൈലക്സിന്റെ ഇന്ത്യൻ അരങ്ങേറ്റം 20ന്. അവതരണത്തിനു മുന്നോടിയായി ഒരു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ‘ഹൈലക്സി’നുള്ള ബുക്കിങ്ങും ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) സ്വീകരിച്ചു തുടങ്ങി. മാർച്ചോടെ പുത്തൻ ‘ഹൈലക്സ്’ ഉടമസ്ഥർക്കു കൈമാറുമെന്നാണു ടൊയോട്ടയുടെ വാഗ്ദാനം. 

‘ഫോർച്യൂണറി’നും ‘ഇന്നോവ ക്രിസ്റ്റ’യ്ക്കും അടിത്തറയാവുന്ന ‘ഐ എം വി- ടു’ പ്ലാറ്റ്ഫോം തന്നെയാണു ടൊയോട്ട ‘ഹൈലക്സി’ന്റെയും അടിസ്ഥാനം. അതുകൊണ്ടുതന്നെ ‘ഹൈലക്സി’നുള്ള എൻജിനും ഗീയർബോക്സും ഫോർ വീൽ ഡ്രൈവ് സംവിധാനവും  സസ്പെൻഷൻ ഘടകങ്ങളുമൊക്കെ ഈ മോഡലുകളിൽ നിന്നാവും. ‘ഫോർച്യൂണറി’ലെ 2.8 ലീറ്റർ ഡീസൽ എൻജിനാവും ‘ഹൈലക്സി’ലും ഇടംപിടിക്കുകയെന്നാണു സൂചന; 204 ബി എച്ച് പി വരെ കരുത്തും 500 എൻ എമ്മോളം ടോർക്കും  സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിൻ എത്തുക  ഫോർ വീൽ ഡ്രൈവ് ലേഔട്ട് സഹിതമാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ.

 വിദേശ വിപണികളിലെ ‘ഹൈലക്സി’ലുള്ളതും ഇതേ 2.8 ലീറ്റർ, ടർബോ ഡീസൽ എൻജിൻ തന്നെ; ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് വിദേശത്തെ ട്രാൻസ്മിഷൻ സാധ്യതകൾ.  വലിപ്പത്തിലും സാന്നിധ്യത്തിലുമൊക്കെ  ‘ഫോർച്യൂണറി’നെയും ‘ഇന്നോവ ക്രിസ്റ്റ’യെയുമൊക്കെ കടത്തി വെട്ടുന്നതിനാൽ നഗരാതിർത്തിക്കു പുറത്തും ‘ഹൈലക്സി’ന് ഉപയോഗസാധ്യതയേറെയാണ്. 5,285 എം എം നീളമുള്ള ‘ഹൈലക്സി’ന്റെ വീൽ ബേസ് 3,085 എം എമ്മാണ്; അതേസമയം ‘ഫോർച്യൂണറി’ന്റെ നീളമാവട്ടെ 4,795 എം എമ്മും. 

ഓഫ് റോഡർ എന്നു വിശേഷിപ്പിക്കുമ്പോഴും അകത്തളത്തിൽ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാവും ടൊയോട്ട ഇരട്ട കാബ് സഹിതം ‘ഹൈലക്സി’നെ പടയ്ക്കിറക്കുക. ഡാഷ് ബോഡ് ഘടനയിലും സ്റ്റീയറിങ് വീലിലും സീറ്റിലുമെല്ലാം ‘ഫോർച്യൂണറി’നോടു പ്രകടമായ സാമ്യത്തോടെയാവും ‘ഹൈലക്സി’ന്റെ വരവ്.  ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയർ കണ്ടീഷനിങ്, ആൻഡ്രോയ്ട് ഓട്ടോ/ആപ്പ്ൾ കാർപ്ലേ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ഇൻഫൊടെയ്മെന്റ് സ്ക്രീൻ, ജെ ബി എൽ സ്പീക്കർ എന്നിവയെല്ലാം ‘ഹൈലക്സി’ൽ പ്രതീക്ഷിക്കാം. ‘ഇന്നോവ ക്രിസ്റ്റ’യും ‘ഫോർച്യൂണറും’ ഇന്ത്യയിൽ നിർമാണത്തിലുള്ളതിനാൽ ‘ഹൈലക്സി’ന്റെ വില പിടിച്ചു നിർത്താൻ ടൊയോട്ടയ്ക്കു കാര്യമായി യത്നിക്കേണ്ടി വരില്ല. 

പിക് അപ് ട്രക്ക് വിഭാഗത്തിൽ നാട്ടുകാരായ ഇസൂസുവിന്റെ ‘വി ക്രോസ്’ മാത്രമാവും ഇന്ത്യയിൽ ‘ഹൈലക്സി’ന് എതിരാളി. 18.05 ലക്ഷം മുതൽ 25.60 ലക്ഷം രൂപ വരെയാണ് ‘വി ക്രോസി’ന്റെ വകഭേദങ്ങളുടെ ഡൽഹിയിലെ  ഷോറൂം വില. ടൊയോട്ടയുടെ പ്രീമിയം പ്രതിച്ഛായ പരിഗണിക്കുമ്പോൾ ‘ഹൈലക്സി’ന്റെ വില 30 ലക്ഷം രൂപയോളമായാലും അത്ഭുതപ്പെടാനില്ല. 

English Summary: Toyota Hilux to launch on January 20; bookings open

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA