ഇത് ‘ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വെഹിക്കിൾ’; ടൊയോട്ട ഹൈലക്സ് വിപണിയിൽ
Mail This Article
ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമെന്ന് ടൊയോട്ട വിശേഷിപ്പിക്കുന്ന ഹൈലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വില മാർച്ചിൽ പ്രഖ്യാപിക്കുമെന്നും ഡെലിവറി ഏപ്രിൽ മുതൽ ആരംഭിക്കുമെന്നുമാണ് ടൊയോട്ട അറിയിച്ചു. അവതരണത്തിനു മുന്നോടിയായി ഒരു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ഹൈലക്സിനുള്ള ബുക്കിങ്ങും ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) സ്വീകരിച്ചു തുടങ്ങിയിരുന്നു.
ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിത്തറയാവുന്ന ഐ എം വി- ടു പ്ലാറ്റ്ഫോം തന്നെയാണു ടൊയോട്ട ഹൈലക്സിന്റെയും അടിസ്ഥാനം. 2.8 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ. ഓട്ടമാറ്റിക്ക്, മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക്ക് വകഭേദത്തിന് 204 ബി എച്ച് പി വരെ കരുത്തും 500 എൻ എം ടോർക്കും ആറു സ്പീഡ് മാനുവൽ വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കുമുണ്ട്. ഫോർ വീൽ ഡ്രൈവ് ലേഔട്ട് സഹിതമാണ് ഹൈലക്സ് എത്തിയത്.
സെഗ്മെന്റിൽ ആദ്യമായി ഡ്രൈവ് മോഡുകളുമായി എത്തുന്ന വാഹനമാണ് ഹൈലക്സ്. 700 എംഎം വാട്ടർ വേഡിങ് കപ്പാസിറ്റി, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, 7 എയർബാഗുകൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷ ഫീച്ചറുകളുമുണ്ട്.
ഓഫ് റോഡർ എന്നു വിശേഷിപ്പിക്കുമ്പോഴും അകത്തളത്തിൽ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാണ് ടൊയോട്ട ഇരട്ട കാബ് സഹിതം ഹൈലക്സിനെ എത്തിച്ചത്. ഡാഷ് ബോഡ് ഘടനയിലും സ്റ്റീയറിങ് വീലിലും സീറ്റിലുമെല്ലാം ഫോർച്യൂണറിനോടു പ്രകടമായ സാമ്യത്തോടെയാവും ഹൈലക്സിന്റെ വരവ്. ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയർ കണ്ടീഷനിങ്, ആൻഡ്രോയിഡ് ഓട്ടോ/ആപ്പ്ൾ കാർപ്ലേ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, ജെ ബി എൽ സ്പീക്കർ എന്നിവയെല്ലാം ഹൈലക്സിലുണ്ട്.
English Summary: Toyota Hilux Pickup Truck Unveiled In India