ഇലക്ട്രിക് കരുത്തിൽ പറന്ന് ലോക റെക്കോർഡിട്ട് റോൾസ് റോയ്സ് വിമാനം

rolls-royce-electric-plane
Rolls Royce Spirit of Innovation
SHARE

വേഗതയില്‍ രണ്ടു ലോകറെക്കോർഡുകള്‍ തീര്‍ത്ത് റോള്‍സ് റോയ്‌സിന്റെ വൈദ്യുത വിമാനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂന്ന് കിലോമീറ്റര്‍ മണിക്കൂറില്‍ 555.9 കിലോമീറ്റര്‍ വേഗതയിലും 15 കിലോമീറ്റര്‍ മണിക്കൂറില്‍ 532.1 കിലോമീറ്റര്‍ വേഗത്തിലും ഈ വിമാനം സഞ്ചരിച്ചിരുന്നു. സ്പിരിറ്റ് ഓഫ് ഇന്നവേഷന്‍ എന്നു പേരിട്ടിരിക്കുന്ന ഈ റോള്‍സ് റോയ്‌സ് വിമാനത്തിന്റെ ഈ രണ്ടു പറക്കലുകളാണ് വേള്‍ഡ് എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ റെക്കോർഡായി അംഗീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇംഗ്ലീഷ് കൗണ്ടി വില്‍റ്റ്‌ഷെയറിലെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രത്തില്‍ നിന്നാണ് ഈ റോള്‍സ് റോയ്‌സ് വിമാനം ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്. 400 കിലോവാട്ട് ശേഷിയുള്ള എൻജിനാണ് ഈ വൈദ്യുതിയില്‍ പറക്കുന്ന വിമാനത്തിനുള്ളത്. ഒരു ഇലക്ട്രിക് വിമാനത്തിന് വേണ്ടി നിർമിച്ചിട്ടുള്ള ഏറ്റവും മികച്ച ബാറ്ററി പാക്കാണ് സ്പിരിറ്റ് ഓഫ് ഇന്നവേഷനെന്ന് റോള്‍സ് റോയ്‌സ് പറയുന്നു. റോള്‍സ് റോയ്‌സ് അവകാശവാദത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ വിമാനത്തിന്റെ പ്രകടനവും. മുന്‍ റെക്കോർഡിനേക്കാള്‍ മണിക്കൂറില്‍ 292.8 കിലോമീറ്റര്‍ വേഗത്തിലാണ് സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍ പറന്നത്.

rolls-royce-electric-plane-1

ഫെഡറേഷന്‍ എയറോനോട്ടിക് ഇന്റര്‍നാഷണല്‍ അഥവാ എഫ്എഐയും ഈ റെക്കോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1905 മുതല്‍ പ്രവര്‍ത്തിക്കുന്ന എഫ്എഐ സര്‍ക്കാരിതര ലാഭരഹിത സംഘടനയാണ്. തങ്ങളുടെ വൈദ്യുതി വിമാനത്തിന്റെ നേട്ടത്തില്‍ റോള്‍സ് റോയ്‌സും ഏറെ ആവേശത്തിലാണ്. വ്യോമയാന മേഖലയില്‍ പുതിയ അധ്യായമാണ് വൈദ്യുതി വിമാനങ്ങള്‍ തുറക്കുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'റോള്‍സ് റോയ്‌സിനേയും ACCEL ടീമിനേയും സംബന്ധിച്ച് വൈദ്യുതി വിമാന മേഖലയില്‍ ലോകറെക്കോർഡ് സ്ഥാപിക്കാനായത് വലിയ നേട്ടം തന്നെയാണ്. ഇതിനായി ഞങ്ങളെ സഹായിച്ച, പ്രത്യേകിച്ച് വ്യോമയാന രംഗത്തെ സ്റ്റാര്‍ട്ട് അപ്പായ ഇലക്ട്രോഫ്‌ളൈറ്റിന് നന്ദി പറയുന്നു. ഈ വിമാനത്തിന് വേണ്ടി നിര്‍മിച്ച അത്യാധുനിക ബാറ്ററി വ്യോമയാന രംഗത്ത് തന്നെ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ. കരയിലേയും വെള്ളത്തിലേയും വായുവിലേയും ഗതാഗത മാര്‍ഗ്ഗങ്ങളെ മലിനീകരണ വിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ നേട്ടം' റോള്‍സ് റോയസ് സി.ഇ.ഒ വാറന്‍ ഈസ്റ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

rolls-royce-electric-plane-2

ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ACCEL പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ സഹായം റോള്‍സ് റോയ്‌സിന്റെ ഈ വൈദ്യുതി വിമാന നിര്‍മ്മാണത്തിന് ലഭിച്ചിട്ടുണ്ട്. മലിനീകരണം കുറക്കുക ലക്ഷ്യമിട്ടുള്ള ACCEL പിന്തുണ പ്രമുഖ ബ്രിട്ടീഷ് കമ്പനികളായ ജാഗ്വാറിനും ലാന്റ് റോവറിനും കൂടി ലഭിക്കുന്നുണ്ട്. വൈദ്യുതി വിമാനങ്ങളുടെ റെക്കോഡില്‍ മറ്റൊരു റെക്കോഡിന് കൂടി റോള്‍സ് റോയ്‌സ് ശ്രമിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ കുത്തനെ പറന്ന റെക്കോർഡാണിത്. 202 സെക്കന്റു കൊണ്ടാണ് റോള്‍സ് റോയ്‌സ് വൈദ്യുതി വിമാനം 3000 മീറ്റര്‍ ഉയരത്തിലേക്ക് കുത്തനെ പറന്നുയര്‍ന്നത്. മുന്‍ റെക്കോർഡിനേക്കാള്‍ 60 സെക്കന്റ് കുറവാണിത്. ഈ റെക്കോഡിന്റെ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റോള്‍സ് റോയ്‌സ് അറിയിക്കുന്നു.

English Summary: Rolls-Royce Spirit of Innovation Officially Becomes World's Fastest All-Electric Aircraft

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA