ADVERTISEMENT

സാഹചര്യങ്ങൾ തീർത്തും അനുകൂലമല്ലെങ്കിലും ഇക്കൊല്ലവും വിൽപന വളർച്ച നിലനിർത്താനാവുമെന്ന പ്രതീക്ഷയിൽ ടാറ്റ മോട്ടോഴ്സ്. സപ്ലൈ ചെയിനിൽ നേരിടുന്ന പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കപ്പെടുമെന്നും അതോടെ വിപണിയിലെ വർധിച്ച ആവശ്യത്തിനൊത്ത് ഉൽപ്പാദനം സാധ്യമാവുമെന്നുമാണു കമ്പനിയുടെ പ്രതീക്ഷ. ഇംപാക്ട് 2.0 രൂപകൽപനാ ശൈലിയും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിനുമായി എത്തുന്ന ന്യൂ ഫോറെവർ ശ്രേണിയാണു ടാറ്റ മോട്ടോഴ്സിന്റെ പ്രധാന ആകർഷണം. ചെറു ഹാച്ച്ബാക്കായ ടിയാഗൊ, എൻട്രി ലവൽ സെഡാനായ ടിഗൊർ, എൻട്രി ലവൽ എസ്‌യുവിയായ പഞ്ച്, കോംപാക്ട് എസ്‌യുവിയായ നെക്സൻ, പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ്, പ്രീമിയം എസ്‌യുവികളായ ഹാരിയർ, സഫാരി തുടങ്ങിയവയെല്ലാം വിപണിയിൽ മികച്ച സ്വീകാര്യത കൈവരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ – ഡിസംബർ ത്രൈമാസത്തിൽ മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 44% വളർച്ചയാണു ടാറ്റ മോട്ടോഴ്സ് രേഖപ്പെടുത്തിയത്; 99,002 യൂണിറ്റാണ് ഇക്കാലത്തിനിടെ കമ്പനി ഡീലർഷിപ്പുകളിലേക്ക് അയച്ചത്. 2020 ഒക്ടോബർ – ഡിസംബർ കാലത്ത് 68,806 യൂണിറ്റാണു പ്ലാന്റിൽ നിന്നു ഡീലർഷിപ്പിലെത്തിയത്. ഡിസംബറിലെ വാഹന വിൽപനയിലാവട്ടെ 2020 ഡിസംബറിനെ അപേക്ഷിച്ച് 50% വളർച്ച നേടാനും ടാറ്റ മോട്ടോഴ്സിനായി. 2020 ഡിസംബറിൽ 23,545 യൂണിറ്റ് വിറ്റതു കഴിഞ്ഞ മാസം 35,299 എണ്ണമായിട്ടാണ് ഉയർന്നത്.

നിലവിൽ ഏഴു മോഡലുകളാണു കമ്പനിയുടെ ഉൽപന്ന ശ്രേണിയിലുള്ളതെന്നും ഇവയെല്ലാം മികച്ച വളർച്ച കൈവരിക്കാൻ സഹായിക്കുന്നുണ്ടെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം നൽകിയ ആവേശം നിലനിർത്താനും ഇക്കൊല്ലവും വിൽപന വളർച്ച നേടാനും സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നെങ്കിലും സപ്ലൈ ചെയിനിലെ പരിമിതികൾ മൂലം പൂർണ തോതിലുള്ള വിൽപന സാധ്യമായില്ല. എന്നാൽ സ്ഥിതിഗതി മെച്ചപ്പെടുന്നപക്ഷം മെച്ചപ്പെട്ട വിൽപന വളർച്ച കൈവരിക്കാൻ കമ്പനിക്കു സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഉപയോക്താക്കളുടെ അടിത്തറ വികസിപ്പിക്കാനായി വ്യാപക വിൽപനയുള്ള വിഭാഗങ്ങളിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുമെന്നും ശൈലേഷ് ചന്ദ്ര വ്യക്തമാക്കി. എൻട്രി ലവൽ എസ്‌യുവി വിഭാഗത്തിൽ പഞ്ച് അവതിപ്പിച്ചത് ഇത്തരമൊരു നീക്കമായിരുന്നു. ഇതുപോലെ വളർച്ചാ സാധ്യതയുള്ള വിഭാഗങ്ങളിലെല്ലാം പുത്തൻ അവതരണങ്ങൾക്കാണു ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

English Summary: Tata Motors Steps on the Accelerator for New Model Launches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com