ADVERTISEMENT

പ്രഖ്യാപനം കഴിഞ്ഞ് ആറു വർഷത്തോളം പിന്നിടുന്ന വേളയിൽ ഇ മോട്ടോർ സൈക്കിളായ ക്രാറ്റൊസിന്റെ അരങ്ങേറ്റത്തിനു വൈദ്യുത വാഹന നിർമാതാക്കളായ ടോർക്ക് മോട്ടോഴ്സ് ഒരുങ്ങുന്നു. ടിസിക്സ്എക്സ് എന്ന പേരിൽ പ്രഖ്യാപിച്ച ഇ ബൈക്കാണു  ക്രാറ്റോസ് ആയി റിപബ്ലിക് ദിനത്തിൽ അരങ്ങേറുക. അരങ്ങേറ്റത്തിനു പിന്നാലെ ക്രാറ്റോസിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങുമെന്നാണു സൂചന. മാർച്ചോടെ പുതിയ ക്രാറ്റോസ് ഉടമസ്ഥർക്കു കൈമാറാനാവുമെന്നും ടോർക്ക് മോട്ടോഴ്സ് കരുതുന്നു. 

 

പുണെ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ ഭാരത് ഫോർജ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ടോർക്ക് മോട്ടോഴ്സ് 2016ലാണു ടിസിക്സ്എക്സ് ആദ്യമായി അനാവരണം ചെയ്തത്. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗവും ഒറ്റ ചാർജിൽ 100 കിലോമീറ്റർ പിന്നിടാനുള്ള ശേഷിയുമൊക്കെയുള്ള ബൈക്ക്  1.25 ലക്ഷം രൂപയ്ക്കു വിൽപനയ്ക്കെത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പേരിലെ മാറ്റത്തിനൊപ്പം  ബൈക്കിന്റെ പ്രകടനക്ഷമതയിലും കാര്യമായ പുരോഗതി ദൃശ്യമാവുമെന്നാണു പ്രതീക്ഷ. .

 

ടോർക്ക് മോട്ടോഴ്സ് സാമ്പത്തികമടക്കമുള്ള പ്രശ്നങ്ങളിൽ പെട്ടതോടെയാണ് ഇ ബൈക്ക് അവതരണം അനന്തമായി നീണ്ടത്. എന്തായാലും വെല്ലുവിളികളെ അതിജീവിച്ച്, ഇന്ത്യൻ നിർമിത വൈദ്യുത മോട്ടോറും ബാറ്ററി പായ്ക്കും സഹിതമാവും ക്രാറ്റോസ് 26ന് അരങ്ങേറ്റം കുറിക്കുക. ബൈക്കിലെ ആക്സിയൽ ഫ്ളക്സ് ടൈപ് മോട്ടോറിന് ടോർക്ക് മോട്ടോഴ്സ് അവകാശപ്പെടുന്ന കാര്യക്ഷമത 96% ആണ്.  പ്രകടനമികവിന്റെ പിൻബലത്തിൽ പരമ്പരാഗത എൻജിനുള്ള 125 സി സി - 150 സി സി ബൈക്കുകളെ വെല്ലുവിളിക്കാൻ ക്രാറ്റോസിനാവുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ.

 

ഉയർന്ന കരുത്തും സഞ്ചാര പരിധി(റേഞ്ച്)യും ഉറപ്പാക്കുന്ന ആധുനിക ആക്സിയൽ ഫ്ളക്സ് മോട്ടോർ ടോപ്പോളജിയുടെ പിൻബലമുള്ള ടോർക്ക് ലിതിയം അയോൺ ബാറ്ററി പായ്ക്കാണു ബൈക്കിലെ പ്രധാന സവിശേഷതയായി നിർമാതാക്കൾ അവതരിപ്പിക്കുന്നത്. വർഷങ്ങൾ നീണ്ട വിപുലമായ ഗവേഷണത്തിനൊടുവിലാണു രാജ്യത്തെ ആദ്യ വൈദ്യുത മോട്ടോർ സൈക്കിളായ ‘ക്രാറ്റോസി’ന്റെ വരവെന്നും ടോർക്ക് മോട്ടോഴ്സ് വിശദീകരിക്കുന്നു.

 

പേരു സൂചിപ്പിക്കുംപോലെ കരുത്തിന്റെയും കുതിപ്പിന്റെയും സമന്വയമാണു ‘ക്രാറ്റോസ്’ എന്നാണു നിർമാതാക്കളുടെ അവകാശവാദം. ‘ടിസിക്സ്എക്സി’ന്റെ പേരു മാറ്റുകയല്ല; മറിച്ചു നവീകരിച്ച ഫ്രെയിമും പുത്തൻ രൂപകൽപ്പനയുമൊക്കെയായി പൂർണമായും പുതിയ മോട്ടോർ സൈക്കിളായി ‘ക്രാറ്റോസി’നെ വികസിപ്പിക്കുയായിരുന്നു ടോർക്ക് മോട്ടോഴ്സ്. നഗരയാത്രകൾ ആയാസരഹിതമാക്കാനായി ടോർക്ക് മോട്ടോഴ്സ് വികസിപ്പിച്ച ‘ടോർക് ഇന്റ്യൂറ്റീവ് റെസ്പോൺസ് ഓപ്പറേറ്റിങ് സിസ്റ്റം’ (ടിറൊസ്) സഹിതമാണു ‘ക്രാറ്റോസി’ന്റെ വരവ്. അതിവേഗ ചാർജിങ് സൗകര്യത്തിനൊപ്പം ഡാറ്റ, സർവീസ് സപ്പോട്ടിനായി ഫോർ ജി ടെലിമെട്രിയും ബൈക്കിൽ ലഭ്യമാണ്.

 

English Summary: Tork Kratos e-bike to Launch on January 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com