ADVERTISEMENT

ട്വിന്നർ എന്ന വ്യാപാരനാമത്തിന്റെ അവകാശത്തിനായി അപേക്ഷ സമർപ്പിച്ച് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഏതു മോഡലിനു വേണ്ടിയാണു ബജാജ് ഓട്ടോ ട്വിന്നർ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നതെന്നു വ്യക്തമല്ല. എങ്കിലും ഇടത്തരം എൻജിൻ ശേഷിയുള്ള പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗം ലക്ഷ്യമിട്ട് ബ്രിട്ടീഷ് ബ്രാൻഡായ ട്രയംഫ് മോട്ടോർ സൈക്കിൾസുമായി സഹകരിച്ചു വികസിപ്പിക്കുന്ന മോഡലുകൾക്കു വേണ്ടിയാവാം ഈ പേരെന്ന അഭ്യൂഹം ശക്തമാണ്. അതുമല്ലെങ്കിൽ ഇരട്ട സിലിണ്ടറുള്ള പൾസറിനെയാവും ബജാജ് ഓട്ടോ ഈ പേരിൽ പടയ്ക്കിറക്കുകയെന്നാണു വിലയിരുത്തൽ.

 

പ്രീമിയം വിഭാഗത്തിൽപെടുന്ന, ഇരട്ട സിലിണ്ടർ മോട്ടോർ സൈക്കിളിന് ട്വിന്നർ എന്ന പേരു ചേരുമെന്നാണു വിലയിരുത്തൽ. മോട്ടോർ സൈക്കിളിനോ സ്കൂട്ടറിനോ വേണ്ടിയാണ് ഈ വ്യാപാരനാമം റജിസ്റ്റർ ചെയ്യുന്നതെന്നും ബജാജ് ഓട്ടോ അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഓസ്ട്രിയൻ ബ്രാൻഡായ കെ ടി എമ്മുമായുള്ള പങ്കാളിത്തം ഇന്ത്യയിലും വിവിധ വിദേശ വിപണികളിലും ബജാജ് ഓട്ടോയ്ക്ക് മികച്ച നേട്ടം സമ്മാനിച്ചിരുന്നു. ട്രയംഫ് മോട്ടോർ സൈക്കിൾസുമായുള്ള കൂട്ടുകെട്ടിലും സമാനമായ വിജയം ആവർത്തിക്കാനാവുമെന്നാണു ബജാജ് ഓട്ടോയുടെ പ്രതീക്ഷ. ട്രയംഫിന്റെ പിന്തുണയോടെ ഇടത്തരം എൻജിൻ ശേഷിയുള്ള പ്രീമിയം മോഡലുകൾ വികസിപ്പിക്കാനും അവ ഇന്ത്യയടക്കമുള്ള വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കാനുമാണു ബജാജിന്റെ നീക്കം. നിലവിൽ ‘ബുള്ളറ്റ്’ ശ്രേണിയിലൂടെ റോയൽ എൻഫീൽഡ് അടക്കി വാഴുന്ന വിപണിയിലെയാണു ബജാജ് - ട്രയംഫ് സഖ്യം നോട്ടമിട്ടിരിക്കുന്നത്. 

 

വ്യാപാര നാമം ഉപയോഗിക്കാനുള്ള അവകാശം കൈവന്നാലും ബജാജ് - ട്രയംഫ് കൂട്ടുകെട്ടിലെ പുതിയ മോട്ടോർ സൈക്കിൾ ഉടനെയൊന്നും വിൽപ്പനയ്ക്കെത്താൻ സാധ്യതയില്ല.  ‘ട്വിന്നറി’നു പുറമെ ‘ഫ്ളുവർ’, ‘ഫ്ളുയിർ’, ‘ന്യൂറോൺ’ തുടങ്ങിയ പേരുകളും അടുത്തയിടെ ബജാജ് റജിസ്റ്റർ ചെയ്തിരുന്നു. 

മിക്കവാറും 2023ലാവും ബജാജ് - ട്രയംഫ് സഖ്യത്തിന്റെ ആദ്യ മോഡൽ നിരത്തിലെത്തുകയെന്നാണു സൂചന. ട്രയംഫിന്റെ ‘ബോൺവിൽ’ ശ്രേണിയുടെ ശൈലിയിലുള്ള, നിയോ റിട്രോ രൂപകൽപ്പന പിന്തുടരുന്ന ബൈക്കാവും ആദ്യം പുറത്തിറങ്ങുകയെന്നും കരുതപ്പെടുന്നു. 

 

English Summary: Bajaj Twinner name trademarked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com