ADVERTISEMENT

പരമ്പരാഗത എൻജിനുള്ള വാഹനങ്ങളുടെ ഉൽപ്പാദനം അവസാനിപ്പിക്കാൻ ലംബോർഗ്നി  ഒരുങ്ങുന്നു. ആന്തരിക ജ്വലന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എൻജിനുള്ള മോഡലുകളുടെ ഉൽപ്പാദനം ഇക്കൊല്ലത്തോടെ അവസാനിപ്പിക്കാനാണു കമ്പനിയുടെ നീക്കം. പ്രകടനക്ഷമതയേറിയ ‘അവെന്റഡോർ’, ഹുറാകാൻ, എസ്‌യുവിയായ ഉറുസ് എന്നിവയുടെ പ്ലഗ് ഇൻ പതിപ്പുകളാവും അടുത്ത വർഷം പുറത്തെത്തുക. 2024 ആകുന്നതോടെ ലംബോർഗ്നിയുടെ മോഡൽ ശ്രേണി പൂർണമായും പ്ലഗ് ഇൻ ഹൈബ്രിഡ് വിഭാഗത്തിലേക്കു മാറും.

 

ഇക്കൊല്ലം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന കാറുകൾ പൂർണമായും വിറ്റു പോയതായും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റെഫാൻ വിങ്കെൽമാൻ വെളിപ്പെടുത്തി. 2021ലും റെക്കോഡ് വിൽപ്പനയായിരുന്നു ഓട്ടമൊബിലി ലംബോർഗ്നി സ്വന്തമാക്കിയത്. കംബസ്റ്റ്യൻ എൻജിനുള്ള മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കുന്ന അവസാന വർഷമാവും 2022 എന്നും വിങ്കെൽമാൻ അറിയിച്ചു. 

 

പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലുകളുടെ വികസനത്തിനായി 150 കോടി യൂറോ(12,667 കോടിയോളം രൂപ) നിക്ഷേപമാണു കമ്പനി നീക്കിവച്ചിരിക്കുന്നത്; രണ്ടു മൂന്നു വർഷത്തിനകം പൂർണതോതിലുള്ള വൈദ്യുത ബാറ്ററി വാഹനം വികസിപ്പിക്കാനും ലംബോർഗ്നിക്കു പദ്ധതിയുണ്ട്.  ലംബോർഗ്നി വികസിപ്പിക്കുന്ന ആദ്യ വൈദ്യുത കാറിന്റെ രൂപകൽപ്പന അന്തിമ ഘട്ടത്തിലാണെന്നും വിങ്കെൽമാൻ വെളിപ്പെടുത്തി; ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ, നാലു വാതിലുള്ള കാറാണു പരിഗണനയിലുള്ളത്. 

 

കഴിഞ്ഞ വർഷം ആഗോളതലത്തിൽ 8,405 കാറുകൾ വിറ്റാണ് ലംബോർഗ്നി ചരിത്ര നേട്ടം സ്വന്തമാക്കിയത്. അമേരിക്കയിലും ഏഷ്യ പസഫിക് മേഖലയിലും മധ്യ പൂർവ ദേശത്തും ആഫ്രിക്ക(ഇ എം ഇ എ)യിലും 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച നേടാൻ കമ്പനിക്കായി. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ മുന്നിൽ എസ് യു വിയായ ‘ഉറുസ്’ ആണ്: ആകെ 5,021 യൂണിറ്റ്. ‘ഹുറാകാനും’ ‘അവെന്റഡോറു’മാണു തുടർന്നുള്ള സ്ഥാനങ്ങളിൽ. 

 

English Summary: Lamborghini to bid farewell to pure combustion cars this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com