കൊച്ചിയിൽ നിന്നും പുറത്തിറങ്ങി കേരളത്തിലെ ആദ്യ യെസ്ഡി സ്ക്രാംബ്ലർ

yezdi
Vinod Taking Delivery of Kerala's First Yezdi Scrambler
SHARE

കേരളത്തിലെ ആദ്യ യെസ്ഡി സ്ക്രാംബ്ലർ സ്വന്തമാക്കി വിനോദ് എം. കൊച്ചിയിലെ യെസ്‍ഡി ജാവ ഡീലർഷിപ്പായ ക്ലാസിക് മോട്ടോഴ്സാണ് ആദ്യ സ്ക്രാംബ്ലറിന്റെ ഡെലിവറി നടത്തിയത്. ക്ലാസിക് മോട്ടോഴ്സ് എംഡി സൗമിൻ നവാസാണ് വാഹനത്തിന്റെ താക്കോൽ ഉടമയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് യെസ്‍ഡി വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റോഡ്സ്റ്റർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ എന്നീ മൂന്നു മോഡലുകളാണ് പുതിയ യെസ്‌ഡി നിരയിലുള്ളത്. റോഡ്സ്റ്ററിന് 1.98 ലക്ഷം മുതല്‍ 2.06 ലക്ഷം രൂപ വരെയും സ്ക്രാംബ്ലറിന് 2.05 ലക്ഷം മുതൽ 2.11 ലക്ഷം വരെയും അഡ്വഞ്ചറിന് 2.10 ലക്ഷം  മുതൽ 2.19 ലക്ഷം രൂപ വരെയുമാണ് വില. പുതിയ ബൈക്കുകളുടെ ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി. ‌

മൂന്നു ബൈക്കുകളിലും 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിക്കുന്നത്. എന്നാൽ കരുത്തിന്റെയും ടോർക്കിന്റെയും കാര്യത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. റോഡ്സ്റ്ററിലെ എൻജിന് 29.70 പിഎസ് കരുത്തും 29 എൻഎം ടോർക്കുമുണ്ട്. സ്ക്രാംബ്ലറിന് 29.10 പിഎസ് കരുത്തും 28.20 എൻഎം ടോർക്കും അഡ്വഞ്ചറിന് 30.20 പിഎസ് കരുത്തും 29.90 എൻഎം ടോർക്കുമുണ്ട്. എൻജിൻ ഒന്നു തന്നെയാണെങ്കിലും വ്യത്യസ്തമായ ഷാസിയും വീൽ സൈസും സസ്പെൻഷനുമാണ് മൂന്നിനും. 

ഡ്യുവൽ ചാനൽ എബിഎസ് മൂന്നു ബൈക്കുകളിലും അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കൂടാതെ എബിഎസിന് റോഡ്, റെയിൽ, ഓഫ് റോഡ് എന്നീ മോഡുകളുമുണ്ട്. അഡ്വഞ്ചറിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, എൽസിഡി ഡിസ്പ്ലെ എന്നിവയുണ്ട്. എല്‍ഇഡി ഹെഡ്, ടെയിൽ ലാംപുകള്‍, എൽഇഡി ഇൻഡിക്കേറ്റർ, യുഎസ്‍ബി ചാർജർ എന്നിവ നൽകിയിട്ടുണ്ട്. 

ചെക്കൊസ്ലോവാക്യൻ മോട്ടർ സൈക്കിൾ ജാവ 1961 മുതൽ ഇന്ത്യയിൽ വിറ്റിരുന്ന ഐഡിയൽ ജാവ ലിമിറ്റഡ്, 1973ൽ ബൈക്കുകളുടെ പേര് യെസ്ഡി എന്നു മാറ്റുകയായിരുന്നു. വിവിധ എൻജിൻ ശേഷികളിൽ യെസ്ഡി ധാരാളം മോഡലുകൾ വിപണിയിലെത്തിച്ചു. ഇരട്ട എക്സോസ്റ്റ് പൈപ്പ് പോലെ പല ഡിസൈൻ ഘടകങ്ങളും ‘റഫ് ആൻഡ് ടഫ്’ സ്വഭാവവും യെസ്ഡി ബൈക്കുകളെ യുവാക്കളുടെ ഹരമാക്കി. മൈസൂരുവിലായിരുന്നു ഫാക്ടറി. 250 സിസി റോഡ്കിങ് മോഡൽ നിത്യോപയോഗത്തിലും റാലികളിലുമൊക്കെ രാജാവായി വാണു. 1996ൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ റോഡ്കിങ് ഉൽപാദനം നിലച്ചെങ്കിലും ആരാധകർ ഉപയോഗിക്കുന്നുണ്ട്. 

English Summary: Yezdi Scrambler Kerala First Delivery

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS