തരംഗമായി എക്സ് യു വി 700, പൂർത്തിയായത് 14,000 ഡെലിവറി

mahindra-xuv700
Mahindra XUV 700
SHARE

പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എക്സ് യു വി 700 മികച്ച തുടക്കം കുറിച്ചെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിച്ച എക്സ് യു വി 700, ഈ റിപബ്ലിക് ദിനത്തിനുള്ളിൽ 14,000 യൂണിറ്റ് വിൽപനയാണു സ്വന്തമാക്കിയത്. ഇക്കാലത്തിനിടെ ഇത്രയും  വിൽപനയാണു ലക്ഷ്യമിട്ടിരുന്നതെന്നും മഹീന്ദ്ര വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യൻ വാഹന വിപണിയിലെ ശ്രദ്ധേയ അവതരണങ്ങളിൽ ഒന്നായിരുന്നു മഹീന്ദ്ര എക്സ് യു വി 700. മികച്ച രൂപഭംഗിക്കൊപ്പം സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത അകത്തളവും പെട്രോൾ - ഡീസൽ എൻജിൻ സാധ്യതകളുമെല്ലാമായിട്ടായിരുന്നു മഹീന്ദ്രയിൽ നിന്നു മൂന്നു നിര സീറ്റുള്ള ഈ എസ് യു വിയുടെ വരവ്. 

അടിസ്ഥാന വകഭേദത്തിനു ഷോറൂമിൽ 11.99 ലക്ഷം രൂപ പ്രാരംഭ വിലയായി പ്രഖ്യാപിച്ചായിരുന്നു 2021ലെ സ്വാതന്ത്യ്ര ദിനത്തിൽ മഹീന്ദ്ര എക്സ് യു വി 700 അരങ്ങേറിയത്. ഒക്ടോബർ ഏഴിനു തുടങ്ങിയ ബുക്കിങ്  25,000 യൂണിറ്റ് പിന്നിട്ടതോടെ അടിസ്ഥാന മോഡലിന്റെ വില മഹീന്ദ്ര 12.49 ലക്ഷം രൂപയായി ഉയർത്തി. മുന്തിയ വകഭേദമായ, ഏഴു സീറ്റുള്ള എ എക്സ് സെവൻ എ ഡബ്ല്യു ഡി വിലയാവട്ടെ 22.89 ലക്ഷം രൂപയായി. നിലവിൽ അടിസ്ഥാന വകഭേദമായ എക്സ് യു വി 700 എം എക്സിന്റെ  ഷോറൂം വില 12.95 ലക്ഷം രൂപയാണ്. 

ബുക്കിങ് തുടങ്ങി വെറും ഒറ്റ മണിക്കൂറിലാണ് ആദ്യത്തെ കാൽ ലക്ഷം എക്സ് യു വി 700 വിറ്റു പോയത്. തുടർന്നു വില ഉയർന്നെങ്കിലും അടുത്ത ദിവസം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അടുത്ത 25,000 എക്സ് യു വി 700 സ്വന്തമാക്കാനും ആളെത്തി. നാലു അടിസ്ഥാന വകഭേദങ്ങളിലാണ് 2021 മഹീന്ദ്ര എക്സ് യു വി 700 വിപണിയിലുള്ളത്: എം എക്സ്, എ എക്സ് ത്രീ, എ എക്സ് ഫൈവ്, എ എക്സ് സെവൻ. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന ഈ എസ് യു വിയിൽ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളും ലഭ്യമാണ്. 

എം എക്സ് ശ്രേണിയിൽ രണ്ട് ലീറ്റർ, എം സ്റ്റാലിയൻ ടർബോ  ജി ഡി ഐ പെട്രോൾ എൻജിൻ 195 ബി എച്ച് പിയോളം കരുത്തും 380 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക; ഇതിലെ 2.2 ലീറ്റർ കോമൺറയിൽ ടർബോ ഡീസൽ എം  ഹോക്ക് ഡീസൽ എൻജിനാവട്ടെ 153 ബി എച്ച് പി വരെ കരുത്തും 450 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കും. എ എക്സ് ശ്രേണിയിലെത്തുന്നതോടെ ഇതേ ഡീസൽ എൻജിൻ 182 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കും; ട്രാൻസ്മിഷൻ മാനുവലെങ്കിൽ പരമാവധി ടോർക്ക് 420 എൻ എമ്മാണ്. ഓട്ടമാറ്റിക് ഗീയർബോക്സിനൊപ്പം പരമാവധി ടോർക്ക് 450 എൻ എമ്മും. 

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ ഡി എ എസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചർ, അലക്സ വോയ്സ് ഇന്റഗ്രേഷൻ സപ്പോർട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഇരട്ട ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡ്രൈവർ ഡിസ്പ്ലേയിൽ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ് യു വിയിലുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും വലിയ സൺ റൂഫിനു പുറമെ മെമ്മറി ഫംക്ഷൻ സഹിതം ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ‘എക്സ് യു വി 700’ വാഗ്ദാനം ചെയ്യുന്നു.  ഹ്യുണ്ടേയ്  ‘ക്രേറ്റ’, ‘അൽകാസർ’, ടാറ്റ ‘ഹാരിയർ’, ‘സഫാരി’ എന്നിവയൊക്കെ ‘എക്സ് യു വി 700’യ്ക്ക് എതിരാളികളായി രംഗത്തുണ്ട്. 

English Summary: Mahindra Delivers 14,000 Units Of The XUV700 

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA