വൈറലാകാൻ വിമാനം ഇടിച്ചിറക്കി? യൂട്യൂബര്‍ക്കെതിരെ അന്വേഷണം- വിഡിയോ

plane-crash
Screengrab
SHARE

ചെറു വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ യൂട്യൂബറും ഒളിംപിക് താരവുമായ ട്രവര്‍ ജേക്കബിനെതിരെ അന്വേഷണം. കൂടുതല്‍ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നതിനു വേണ്ടി ട്രവര്‍ ജേക്കബ് ആസൂത്രണം ചെയ്ത നാടകമാണ് ഈ വിമാനാപകടം എന്ന ആരോപണത്തിലാണ് അന്വേഷണം. 28കാരനായ ട്രവര്‍ ജേക്കബ് സ്‌നോബോര്‍ഡിംഗിലാണ് ഒളിംപിക്‌സില്‍ മത്സരിച്ചിട്ടുള്ളത്. ഏകദേശം 1.30 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട് ജേക്കബിന്റെ യൂട്യൂബ് ചാനലിന്. കഴിഞ്ഞ ഡിസംബറില്‍ പോസ്റ്റു ചെയ്ത വീഡിയോയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ടെയ്‌ലര്‍ക്രാഫ്റ്റ് ബിഎല്‍ 64 എന്ന ചെറു വിമാനം യന്ത്രതകരാര്‍ മൂലം തകര്‍ന്നതായും ട്രവര്‍ ജേക്കബ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടതുമായ കാര്യമാണ് ഈ വീഡിയോയില്‍ വിവരിക്കുന്നത്. കാലിഫോര്‍ണിയയിലെ ലോസ് പഡ്രെസ് നാഷണല്‍ ഫോറസ്റ്റിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു അപകടമുണ്ടായതെന്നു വീഡിയോയില്‍ പറഞ്ഞിരുന്നു. 

ഈ വീഡിയോയെക്കുറിച്ച് വ്യോമയാന വിദഗ്ധരായ യൂട്യൂബര്‍മാര്‍ തന്നെയാണ് ആദ്യം സംശയം ഉന്നയിക്കുന്നത്. വീഡിയോയില്‍ വിശദീകരിച്ചിരിക്കുന്ന വിമാനാപകടത്തെക്കുറിച്ച് പല ചോദ്യങ്ങളും ഉയര്‍ന്നു. തുടര്‍ന്ന് ഡിസംബറില്‍ തന്നെ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ഈ വിമാനാപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തെക്കുറിച്ച് പ്രതികരണം നല്‍കാന്‍ ഏജന്‍സി തയാറായിട്ടില്ലെന്നും വ്യോമയാന വാര്‍ത്താ സൈറ്റായ AVWeb റിപ്പോര്‍ട്ടു ചെയ്യുന്നു. 

മനോഹരമായ കാലാവസ്ഥയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ജേക്കബ് വീഡിയോ തുടങ്ങുന്നത്. സുഹൃത്തായിരുന്ന ബേസ് ജംപര്‍ ജോണി സ്‌ട്രേഞ്ചിന്റെ ചിതാഭസ്മവും വഹിച്ചാണ് യാത്രയെന്നു വിഡിയോയിൽ പറയുന്നുണ്ട്. 2015ല്‍ വിങ്‌സ്യൂട്ട് ധരിച്ചുള്ള അഭ്യാസത്തിനിടെ കൊല്ലപ്പെട്ട ജോണിയുടെ ചിതാഭസ്മം ആകാശത്തുവെച്ച് വിതറാനായിരുന്നു പദ്ധതി. ഇതെല്ലാം വിവരിച്ച ശേഷം പിന്നീട് കാണിക്കുന്നത് ജേക്കബ് പാരച്യൂട്ടില്‍ പറക്കുന്നതും കാട്ടില്‍ ഇറങ്ങുന്നതുമാണ്.

സഹായത്തിന് വേണ്ടി കാട്ടില്‍ മണിക്കൂറുകള്‍ അലഞ്ഞു നടന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്. തകര്‍ന്നുവീണ വിമാനത്തിന്റെ അടുത്തു നിന്നുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കാട്ടില്‍ ഫോണ്‍ സേവനങ്ങളോ കുടുക്കാന്‍ ഒരു തുള്ളി വെള്ളം പോലുമോ ഇല്ലെന്നും ജേക്കബ് പറയുന്നു. 

'ഞാനാകെ വയ്യാതായിരിക്കുന്നു, കടുത്ത ദാഹവും ക്ഷീണവുമുണ്ട്, ആകെ കുഴപ്പമായെന്നാണ് തോന്നുന്നത്. കഴിഞ്ഞ അഞ്ച് മണിക്കൂറായി ഈ കാട്ടില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്. ശരിക്കും വേദനയെന്തെന്ന് അറിയുന്നു. എനിക്കുണ്ടായതു പോലുള്ള ദുരനുഭവങ്ങള്‍ ആര്‍ക്കും വരരുതേ എന്നു മാത്രമാണ് ആഗ്രഹം' നടത്തത്തിനിടെ ക്യാമറയില്‍ നോക്കിയ ജേക്കബ് പറയുന്നത് ഇങ്ങനെ. ഒടുവില്‍ വെള്ളം കുടിക്കാന്‍ പറ്റിയ ഒരു അരുവി കണ്ടെത്തുന്ന ജേക്കബ് രാത്രിയോടെ ഒരു മനുഷ്യനെ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഇയാളെ കര്‍ഷകനായാണ് വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. 

വിമാനത്തിന്റെ എൻജിന്‍ അപകടത്തിലായാലും താഴേക്ക് വീഴുന്നതിന് മുമ്പ് പിന്നെയും ധാരാളം സമയം കിട്ടുമെന്നും ഒരിക്കല്‍ പോലും അപകട സന്ദേശം വിമാനത്തിലെ റേഡിയോ വഴി ജേക്കബ് നല്‍കിയില്ലെന്നും വിമര്‍ശകര്‍ പറയുന്നു. വിമാനത്തിന്റെ എൻജിന്‍ തകര്‍ന്നുവെന്ന് പറയുന്നതിന് മുമ്പ് തന്നെ ജേക്കബ് ഡോര്‍ തുറക്കുന്നുണ്ടെന്ന് മറ്റൊരു യുട്യൂബറായ ട്രെന്റ് പാല്‍മര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഒരിക്കല്‍ പോലും വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ ഇയാള്‍ ശ്രമിക്കുന്നുമില്ല. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ച ശേഷം പ്രൊഫഷണല്‍ ഡ്രോണ്‍ പൈലറ്റ് കൂടിയായ ട്രെന്റ് പാല്‍മര്‍ പറയുന്നത് സുരക്ഷിതമായി വിമാനം ഇറങ്ങാന്‍ സാധിക്കുന്ന പ്രദേശങ്ങള്‍ ഇവിടെയുണ്ടെന്നാണ്. 

സാധാരണ ചെറു വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പാരച്യൂട്ടുകള്‍ ധരിച്ചുകൊണ്ട് വിമാനം പറത്തുന്ന പതിവില്ലെന്നും വ്യോമയാന വിദഗ്ധനായ മറ്റൊരു യുട്യൂബര്‍ ഡാന്‍ മില്ലികന്‍ പറയുന്നു. സ്‌കൈ ഡൈവിങ് പാരച്യൂട്ട് ധരിച്ചാണ് ജേക്കബ് വിമാനം പറത്തുന്നത്. ഭാരമേറിയ ഇത്തരം പാരച്യൂട്ടുകള്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കുമെന്ന് കരുതിയാണ് സാധാരണ ചെറുവിമാനങ്ങളില്‍ ഇവ ഉപയോഗിക്കാത്തത്. പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനേക്കാള്‍ എൻജിന്‍ തകരാറിലായാല്‍ പോലും ഏറെ നേരം വായുവില്‍ തെന്നി നീങ്ങാന്‍ സാധിക്കുന്ന വിമാനം നിലത്തിറക്കാന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. വിമര്‍ശനങ്ങള്‍ ഏറിയതോടെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ ലഭിച്ചെങ്കിലും കമന്റ് ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ ആക്കിയിരിക്കുകയാണ്. 

നേരത്തെയും സോഷ്യല്‍മീഡിയയില്‍ താരമാകാന്‍ വ്യാജ വിമാനാപകടങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2019ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഹാഫ് മൂണ്‍ ബേക്ക് സമീപമുള്ള കടലില്‍ ഡേവിഡ ലെഷ് എന്നയാള്‍ വിമാനം ഇറക്കിയിരുന്നു. പ്രൊഫഷണല്‍ സ്‌കെയിങ് താരമായ ഡേവിഡ് ലെഷും വിമാനത്തിന്റെ എൻജിന് തകരാറ് സംഭവിച്ചെന്നാണ് അന്ന് പറഞ്ഞത്. പസഫിക് സമുദ്രത്തിലേക്ക് ശാന്തമായി വിമാനം ഇറക്കുന്ന വീഡിയോ ഡേവിഡ് തന്നെ യൂട്യൂബിലിടുകയും ചെയ്തു.

English Summary: Influencer pilot who crashed his plane is under investigation

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA