ADVERTISEMENT

എയർബസിന്റെ എച്ച് 145 ഹെലികോപ്റ്റർ കേരളത്തിലെത്തിച്ച് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. രവി പിള്ള. രാജ്യത്തു തന്നെ ആദ്യമായിട്ടാണ് എയർബസ് എച്ച് 145 ഹെലികോപ്റ്റർ ഒരാൾ വാങ്ങുന്നത്. കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിനാണ് ഈ ഹെലികോപ്റ്റർ വാങ്ങിയത്. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികള്‍ വേണ്ടി എത്തിയ ഹെലികോപ്റ്ററിന്റെ കൂടുതൽ വിവരങ്ങള്‍

airbus-h145-3

ബെൻസ് ഇന്റീരിയർ

പൈലറ്റുമാർ കൂടാതെ എട്ടു പേർക്കും 10 പേർക്കും സഞ്ചാരിക്കാവുന്ന രണ്ടു മോഡലുകളാണ് എയർബസ് എച്ച് 145 ൽ ഉള്ളത്. എന്നാൽ റാവിസിന്റെ പ്രത്യേക താൽപര്യപ്രകാരം ഇത് 7 പേർക്ക് സഞ്ചരിക്കാവുന്ന കോൺഫിഗറേഷനിലേക്ക് മാറ്റി. മെഴ്സി‍ഡീസ് ബെൻസ് സ്റ്റൈലിങ് ഇന്റീരിയറാണ് ഈ ഹെലികോപ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. 

airbus-h145

യൂറോകോപ്റ്റർ ഇസി 145

ജർമനിയിലെ എംഎംബിയും ജപ്പാനിലെ കാവസാക്കിയും ചേർന്ന് 1979ൽ വികസിപ്പിച്ച ബികെ 117 എന്ന ഹെലികോപ്റ്ററിന്റെ അടിസ്ഥാനപ്പെടുത്തിയാണ് എച്ച് 145 നിർമാണം. എംഎംബി ഡയ്മ്‌ലർ ബെൻസിന്റെയും തുടർന്ന് യുറോകോപ്റ്റിന്റെയും ഭാഗമായി മാറിയതോടെ ഈ ഹെലികോപ്റ്ററിന്റെ നിർമാണ അവകാശം എയർബസിന് ലഭിച്ചു. ഇസി 145 എന്ന എച്ച് 145 ആദ്യമായി നിർമിക്കുന്നത് 1999 ലാണ്. ‌2002 ൽ ഹെലികോപ്റ്റർ പുറത്തിറക്കി. എയർബസിന്റെ ഹെലികോപ്റ്റർ ഡിവിഷനായ യൂറോകോപ്റ്ററിന്റെ പേര് എയർബസ് ഹെലി‍കോപ്റ്ററർ എന്നാക്കി മാറ്റിയപ്പോൾ ഈ ആകാശയാനത്തിന്റെ പേര് എച്ച് 145 എന്നായി.

H145 photo shoot, Tuesday, June 18, 2019

Place: Calgary, Alberta, STARS hangar

Photographer: Lyle Aspinall

Original: _R8A6025.jpg

100 കോടി രൂപ വില, 1500 എണ്ണം

ഏകദേശം 100 കോടി രൂപ വിലയുണ്ട് രവി പിള്ള സ്വന്തമാക്കി ഈ ഹെലികോപ്റ്ററിന്. അഞ്ച് ബ്ലെയ്ഡുകളുള്ള മെയിൻ റോട്ടറും ഫെൻസ്ട്രോൺ ടെയിൽ റോട്ടറുമാണ് ഈ ഹെലികോപ്റ്ററിന് ഉപയോഗിക്കുന്നത്. ബികെ 117, ഇസി 145, എച്ച് 145 എന്നീ മോഡലുകളിലായി ഇതുവരെ ഏകദേശം 1500 ഹെലികോപ്റ്ററുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 785 കിലോവാട്ട് വരെ കരുത്ത് നൽകുന്ന രണ്ട് സഫ്രാൻ എച്ച്ഇ എരിയൽ 2സി2 ടർബോ ഷാഫ്റ്റ് എൻജിനുകളാണ് കോപ്റ്ററിൽ.

വേഗം, കപ്പാസിറ്റി

മണിക്കൂറിൽ 132 നോട്ട്സ് അതായത് ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ വരെ എച്ച് 145ന് സഞ്ചരിക്കാനാകും. 440 നോട്ടിക്കൽ മൈലാണ് (814 കിലോമീറ്റർ) റേഞ്ച്. 3 മണിക്കൂർ 35 മിനിറ്റ് സമയം നിർത്താതെ പറക്കാനാകും ഈ കോംപ്റ്ററിന്. പൈലറ്റുമാരെ കൂടാതെ 8 പേർക്ക് സഞ്ചരിക്കാവുന്ന കോൺഫിഗറേഷനും 10 സീറ്റ് കോൺഫിഗറേഷനുമുണ്ട്.  20000 അടി ഉയരത്തിൽ വരെ സഞ്ചരിക്കാൻ ഈ ഹെലികോപ്റ്ററിന് സാധിക്കും. വിവിധ രാജ്യങ്ങളിൽ എയർ ആംബുലൻസായും പൊലീസ് ഹെലികോപ്റ്ററായും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഓഫ്ഷോർ മിഷനുകൾക്കും പ്രൈവറ്റ് & ബിസിനസ് ഹെലികോപ്റ്റായും ഉപയോഗിക്കുന്നു.

airbus-h145-4

സുരക്ഷിതം

കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്സോർബിങ് സീറ്റുകളാണു കോപ്റ്റിന്റെ മറ്റൊരു പ്രത്യേകത. കോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ട്.

മിലിറ്ററി ഹെലികോപ്റ്റർ

എച്ച് 145 ന്റെ മിലിറ്ററി പതിപ്പ് വിവിധ രാജ്യങ്ങളിലെ സൈന്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ബാലസ്റ്റിക്ക് പ്രൊട്ടക്ഷനുണ്ട് ഈ ഹെലികോപ്റ്റിന്, സെൽഫ് സീലിങ് ഫ്യുവൽ ടാങ്കുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുള്ള ഈ ഹെലികോപ്റ്റർ ഫ്രാൻസ്, ജർമനി, ഹങ്കറി, കസാക്കിസ്ഥാൻ, സെർബിയ, ഇക്കഡോർ, ബൊളീവിയ, അൽബേനിയ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ട്. 

English Summary: Know More About Ravi Pillai Helicopter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com