ഫാസ്ടാഗിന് മരണമണി?, ഇനി കിലോമീറ്റര്‍ കണക്കാക്കി ടോള്‍ കൊടുക്കണം

fastag
SHARE

ഫാസ്ടാഗിന് പകരം പുതിയ സംവിധാനം നടപ്പില്‍ വരുത്താനുള്ള സാധ്യത അന്വേഷിച്ച് കേന്ദ്ര സര്‍ക്കാര്‍. സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം വഴി വാഹനങ്ങളുടെ ടോള്‍ പിരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് പ്രാവര്‍ത്തികമായാല്‍ ടോള്‍ പാതകളില്‍ ഓടുന്ന കിലോമീറ്റര്‍ കണക്കാക്കി ടോള്‍ നല്‍കാനാകും. പുതിയ സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി ഇതിനകം തന്നെ ആരംഭിച്ചുവെന്നാണ് സൂചന. 

പുതിയ സംവിധാനം അനുസരിച്ച് ടോള്‍ നല്‍കി സഞ്ചരിക്കേണ്ട പാതകളില്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചുള്ള പണമാണ് നല്‍കേണ്ടത്. ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലുമെല്ലാം നിങ്ങള്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി പണവും നല്‍കേണ്ടി വരും. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും ഇതിനകം തന്നെ ഇത്തരം ടോള്‍ പിരിവുകള്‍ നിലവിലുണ്ട്. ഇതേ സംവിധാനം ഇന്ത്യയിലും അവതരിപ്പിക്കാനാണ് നീക്കം.

നിലവില്‍ ഒരു ടോളില്‍ നിന്നു അടുത്ത ടോള്‍വരെയുള്ള ദൂരത്തിനുള്ള പണമാണ് ടോളായി പിരിക്കുന്നത്. ടോള്‍ പാതയിലൂടെ വളരെ കുറച്ച് ദൂരം മാത്രമേ സഞ്ചരിക്കുന്നുള്ളൂവെങ്കിലും ഇത് മുഴുവനായി നല്‍കേണ്ടി വരും. ഏതാണ്ട് എല്ലാ വാഹനങ്ങളിലും (98.8%) സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനമുള്ള ജര്‍മനിയില്‍ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു.  

ടോള്‍ പാതയില്‍ നിങ്ങളുടെ വാഹനം കയറുമ്പോള്‍ മുതല്‍ ടോള്‍ കണക്കുകൂട്ടുന്നത് ആരംഭിക്കും. എപ്പോഴാണോ ടോള്‍ പാതയില്‍ നിന്നു വാഹനം പുറത്തേക്ക് പോകുന്നത് അപ്പോള്‍ ടോള്‍ തുക കണക്കാക്കുകയും അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കപ്പെടുകയും ചെയ്യുന്നു. ഫാസ്ടാഗിലെ അതേസംവിധാനമാണ് പണം പിന്‍വലിക്കുന്നത് ഉപയോഗിക്കുക. ടോള്‍ കണക്കാക്കുന്ന രീതിയില്‍ മാത്രമാണ് വ്യത്യാസം. പുതിയ സംവിധാനം പ്രകാരം ടോള്‍ ബൂത്തില്‍ എത്തിയില്ലെങ്കിലും വാഹനം ടോള്‍ പാതയിലൂടെ ഇടയില്‍ കുറച്ച് ദൂരം സഞ്ചരിച്ചാലും പണം നല്‍കേണ്ടി വരും. 

ഈ സംവിധാനം നടപ്പിലാക്കുന്നതിന് മുമ്പായി ഗതാഗത നയത്തില്‍ തന്നെ മാറ്റം വരുത്തേണ്ടതുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൈലറ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 1.37 ലക്ഷം വാഹനങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ കിലോമീറ്റര്‍ കണക്കാക്കി പണം ഈടാക്കുന്നത്. റഷ്യയിലേയും ദക്ഷിണകൊറിയയിലേയും വിദഗ്ധരാണ് പൈലറ്റ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഏതാനും ആഴ്ച്ചക്കകം പൈലറ്റ് പദ്ധതിയില്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary: FASTag system to End Soon

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS