ADVERTISEMENT

ഇ സ്‌കൂട്ടറുകള്‍ തീപിടിക്കുന്നതിന് പിന്നില്‍ ബാറ്ററികളുടെ തകരാറെന്ന് സൂചന. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. സര്‍ക്കാര്‍ തല അന്വേഷണങ്ങളുമായി നേരിട്ട് ബന്ധമുള്ള രണ്ട് പേരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

തുടര്‍ച്ചയായി ഇ സ്‌കൂട്ടറുകള്‍ തീ പിടിക്കുന്നത് രാജ്യത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു ഇ സ്‌കൂട്ടര്‍ കമ്പനികളും പിന്നീട് കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ നിലവാരം ഉറപ്പുവരുത്താനായി മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരുമെന്നും ഇതു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചിരുന്നു.

തീപിടുത്തങ്ങളെ തുടര്‍ന്ന് ഒകിനാവ ഓട്ടോടെക് മൂവായിരം സ്‌കൂട്ടറുകളും പ്യുവര്‍ ഇവി രണ്ടായിരം സ്‌കൂട്ടറുകളും തിരിച്ചുവിളിച്ചിരുന്നു. ഏറ്റവും അവസാനം സാങ്കേതിക തകരാര്‍ പരിശോധിക്കുന്നതിനായി 1,441 വൈദ്യുതി സ്‌കൂട്ടറുകളെ ഒല ഇലക്ട്രിക്കും തിരിച്ചുവിളിക്കുകയുണ്ടായി. വൈദ്യുതി സ്‌കൂട്ടറുകള്‍ തീ പിടിച്ച അഞ്ച് സംഭവങ്ങളില്‍ ഉള്‍പ്പെട്ട മൂന്ന് സ്‌കൂട്ടര്‍ കമ്പനികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയില്‍ വന്നത്. രാജ്യത്തെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഒല ഇലക്ട്രിക്കും ഇതിലുണ്ടായിരുന്നു. ജപ്പാന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള കമ്പനിയാണ് ഒല.

'ബാറ്ററിക്കും ബാറ്ററി മാനേജ്‌മെന്റ് സംവിധാനത്തിനും കുഴപ്പമുണ്ടെന്നാണ് ഒലയുടെ കാര്യത്തില്‍ കണ്ടെത്തിയത്' എന്നാണ് അന്വേഷണ റിപ്പോര്‍ട്ടുമായി നേരിട്ട് ബന്ധമുള്ളയാള്‍ പറഞ്ഞതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്. മാര്‍ച്ചിലാണ് വൈദ്യുതി സ്‌കൂട്ടറുകള്‍ തീപിടിക്കുന്ന സംഭവത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം പ്രഖ്യാപിച്ചത്. ഒരു പിതാവും മകളും വൈദ്യുതി സ്‌കൂട്ടര്‍ തീപിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെയായിരുന്നു ഇത്.

വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് വലിയ വിപണിയുള്ള രാജ്യമാണ് ഇന്ത്യ. നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകളെങ്കില്‍ 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമായി കുതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ധനവില വര്‍ധന അടക്കമുള്ള കാര്യങ്ങളും ഈ കുതിപ്പിന് പ്രേരകമാകും. ഈ പ്രതീക്ഷകള്‍ക്കിടയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

രണ്ട് ആഴ്ച്ചക്കകം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തില്‍ പെട്ട മൂന്ന് ഇ സ്‌കൂട്ടര്‍ കമ്പനികളുടെ ബാറ്ററികള്‍ അടക്കം അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ദക്ഷിണകൊറിയയിലെ എല്‍ജി എനര്‍ജി സൊല്യൂഷന്‍സിന്റെ(LGES) ബാറ്ററികളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും പ്രശ്‌ന കാരണം കണ്ടെത്തി പരിഹരിക്കുമെന്നുമാണ് ഒല അധികൃതര്‍ അറിയിച്ചിട്ടുള്ളത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി ഒല ഇലക്ട്രിക്കും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. LGES ഉം ഒലയുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

ഇ സ്‌കൂട്ടറുകളുടെ ബാറ്ററി സെല്ലുകള്‍ പരിശോധിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ തല അന്വേഷണ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. ബാറ്ററി പാക്ക് മൊത്തത്തില്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഓരോ ബാറ്ററികളുടേയും വിശദമായ പരിശോധന നിലവില്‍ നടക്കുന്നില്ല. ചൈനയില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നുമാണ് പ്രധാനമായും ഇ സ്‌കൂട്ടര്‍ ബാറ്ററികള്‍ ഇറക്കുമതി ചെയ്യുന്നത്. ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ബാറ്ററി പരിശോധനാ സംവിധാനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com